വധശിക്ഷ കാത്ത് കഴിയുന്നവർക്കു പ്രത്യാശ പകരുന്ന കന്യാസ്ത്രി

സമൂഹത്തിൽ അഗതികളും അശരണരും പ്രത്യാശ അസ്തമിച്ചവരുമായ ധാരാളം ആളുകൾ ഉണ്ട്. അവരെ സ്നേഹിക്കുകയും അവരോടൊപ്പം ആയിരിക്കുകയും ചെയ്യുമ്പോഴാണ് സ്നേഹം അർത്ഥ പൂർണ്ണമാകുക. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ക്രിസ്തു കാണിച്ചു തന്നതും ജീവിതത്തിൽ നാം പ്രാവർത്തികമാക്കേണ്ടതും ഈ സ്നേഹ മാതൃക തന്നെ.

ഈ ജീവിത മാതൃക കേൾക്കാനും ഉപദേശിച്ചു നൽകുവാനും എളുപ്പമാണെങ്കിലും പ്രവർത്തി പഥത്തിലേയ്ക്ക് എത്തിക്കുക അത്ര എളുപ്പമല്ല. അതിനു ക്രിസ്തു വസിക്കുന്ന ഹൃദയവും അവിടുത്തെ അരൂപിയാൽ നിറഞ്ഞ ഒരു മനസും വേണം. ഇത്തരത്തിൽ ദൈവസ്നേഹത്താൽ ജ്വലിക്കുന്ന ഹൃദയവുമായി സമൂഹം ഇപ്പോഴും വെറുപ്പോടെ കാണുന്ന ആളുകളിലേക്ക്‌ ഓടി എത്തുന്ന ഒരു മാലാഖയുണ്ട് സിംഗപ്പൂരിൽ. ദൈവത്തിന്റെ മണവാട്ടി, സിസ്റ്റർ ജെറാർഡ് ഫെർണാണ്ടസ്. സമൂഹം ക്രൂരന്മാരെന്നു കണക്കാക്കുന്ന, കുറ്റവാളികളായി കണ്ട് കോടതി വധശിക്ഷ വിധിച്ച, മരണം മാത്രം കാത്തു നിൽക്കുന്ന ജയിൽ വാസികളുടെ ഇടയിലാണ് ഈ ദൈവത്തിന്റെ മാലാഖ പ്രത്യാശ പരത്തുന്നത്. ഈ സന്യാസിനിയുടെ ജീവിതത്തിലൂടെ കടന്നു പോകാം.

കുറ്റവാളികളെ സ്നേഹം കൊണ്ട് കീഴടക്കുന്ന, അവരുടെ ഹൃദയങ്ങളെ ശാന്തമാക്കുന്ന ഈ കന്യാസ്ത്രി ജയിൽവാസികളുടെ ഇടയിൽ തന്റെ സേവനം ആരംഭിച്ചിട്ട് നാൽപ്പതു വർഷങ്ങൾ കഴിഞ്ഞു. ഈ നാൽപ്പതു വർഷത്തെ സേവനത്തിനിടെ 18 ഓളം ജയിൽവാസികളെ നല്ല മരണത്തിനായി ഒരുക്കുവാനും ചെയ്ത തെറ്റുകളെ ഓർത്ത് അനുതാപത്തിലേക്ക് നയിക്കുവാനും സിസ്റ്ററിനു കഴിഞ്ഞു.  ജയിൽ വാസികളുടെ ഇടയിലേക്ക് കടന്നു വന്ന ഓരോ നിമിഷത്തെയും പ്രത്യേകതകൾ നിറഞ്ഞ ദിവസം എന്നാണ് സിസ്റ്റർ വിശേഷിപ്പിച്ചത്. ദൈവത്തിനു നമ്മോടുള്ള സ്നേഹം അത് നമ്മൾക്ക് മനസിലാക്കാൻ കഴിയുന്നതിലും അപ്പുറമാണ്. അതിനാലാണ് താൻ ആ സ്നേഹം അവരിലേക്ക്‌ ഒഴുക്കുന്നതിനായി പരിശ്രമിക്കുന്നത്.  ദൈവത്തിന്റെ പദ്ധതികൾ തകർത്തതുകൊണ്ട് മരണ ശിക്ഷയ്ക്കു അർഹരായ വ്യക്തികളാണ് അവർ. എങ്കിലും ഈ അവസാന നിമിഷം ദൈവം അവരോടു കരുണ കാണിക്കാൻ തയ്യാറാകുന്നു. ദൈവം തന്നെത്തന്നെ അവർക്കു മുന്നിൽ വെളിപ്പെടുത്തുകയും അവരുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അവരെ പരിവർത്തനപ്പെടുത്തുകയും ചെയ്യുന്നു. സിസ്റ്റർ പറയുന്നു.

ഒരിക്കൽ ഒരു കുറ്റവാളി മരണത്തിനു മുൻപായി സിസ്റ്ററിനോട് പറഞ്ഞു ” സിസ്റ്റർ പേടിക്കേണ്ടാ. ദൈവം എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം. നാളെ രാവിലെ എന്നെ സ്നേഹിക്കുന്ന ദൈവത്തെ ഞാൻ മുഖാമുഖം ദർശിക്കുവാൻ പോവുകയാണ്.” ജീവിതത്തിൽ ഒരുപാടു സന്തോഷം തോന്നിയ ഒരു നിമിഷമാണ് അതെന്നു സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

കുറ്റവാളികൾക്കിടയിൽ ഉള്ള പ്രവർത്തനത്തിൽ പലപ്പോഴും വധശിക്ഷ ഒരു വേദനയായി അവശേഷിക്കുകയാണ് ഈ സിസ്റ്ററിന്റെ മനസ്സിൽ. ഓരോ ജീവനും ദൈവത്തിന്റെ ദാനമാണ്. അതെടുക്കാൻ മനുഷ്യന് അവകാശമില്ല. ആ അവകാശം ദൈവത്തിൽ മാത്രം നിക്ഷിപ്തമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന സിസ്റ്റർ ജീവന്റെ സംരക്ഷണത്തിനായുള്ള പോരാട്ടത്തിലാണ്. ഇത്തരത്തിൽ ഉള്ള നിരവധിയായ പ്രവർത്തനങ്ങളാണ് എൺപത്തിയൊന്നുകാരിയായ സിസ്റ്ററിനെ ബിബിസിയുടെ ലോകത്തെ  സ്വാധീനിച്ച 100 വനിതകളുടെ ഗണത്തിലേക്ക് ഉയർത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.