‘എന്റെ ജീവിതത്തിന്റെ യഥാർത്ഥ പരിശീലകർ മാതാപിതാക്കൾ’: ഗെയ്‌ലോർഡിന്റെ പുതിയ ബിഷപ്പ്

ഗെയ്‌ലോർഡിന്റെ പുതിയ ബിഷപ്പായി നിയമിതനായ ജെഫ്രി വാൽഷിൻ, തന്റെ ജീവിത രൂപീകരണത്തിനു സഹായിച്ച മാതാപിതാക്കൾക്ക് പ്രത്യേക നന്ദി അറിയിച്ചു. 27 വർഷമായി താൻ സേവനമനുഷ്ഠിച്ച രൂപതയായ സ്ക്രാന്റന്നിലെ ബിഷപ്പായ ജോസഫ് ബംബെറയ്ക്കും നിയുക്ത ബിഷപ്പ് നന്ദി പറഞ്ഞു.

“എന്റെ മാതാപിതാക്കളായ ജെറോമിനോടും നാൻസി വാൽഷിനോടും ഞാൻ നന്ദി അറിയിക്കുകയാണ്. അവരും മരിച്ചുപോയ എന്റെ മുത്തശ്ശനും മുത്തശ്ശിയുമാണ് എന്റെ ജീവിതത്തിൽ ഞാൻ ഇന്ന് ആയിരിക്കുന്ന അവസ്ഥയിലേക്ക് വളർത്താൻ കാരണക്കാരായവർ” – ബിഷപ്പ് ജെഫ്രി വാൽഷിൻ പറഞ്ഞു. തന്റെ ശുശ്രൂഷയിലേക്ക് ഒരു മിഷനറി ചൈതന്യം കൊണ്ടുവരണമെന്നും ദൈവത്തിന്റെ സ്‌നേഹനിർഭരമായ പദ്ധതിയിൽ താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗെയ്‌ലോർഡിന്റെ ആറാമത്തെ ബിഷപ്പാണ് ബിഷപ്പ് ജെഫ്രി വാൽഷിൻ. പുതിയ ബിഷപ്പിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും 2022 മാർച്ച് നാലിന് ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് മിഷിഗൺ സംസ്ഥാനത്തിലെ ഗെയ്‌ലോർഡിലുള്ള സെന്റ് മേരീസ് കത്തീഡ്രലിലാണ് നടത്തപ്പെടുക.

ജെഫ്രി ജെ. വാൽഷ് 1965 നവംബർ 29 -ന് പെൻസിൽവാനിയ സംസ്ഥാനത്തെ സ്ക്രാന്റണിലാണ് ജനിച്ചത്. 1987 -ൽ ഹെൽത്ത് ആൻഡ് ഹ്യൂമൻ റിസോഴ്‌സ് ബിരുദം നേടിയ അദ്ദേഹം, സ്‌ക്രാന്റൺ യൂണിവേഴ്‌സിറ്റിയിൽ ചേരുകയും തുടർന്ന് മേരിലാൻഡിലെ എമിറ്റ്‌സ്‌ബർഗിലുള്ള മൗണ്ട് സെന്റ് മേരീസ് സെമിനാരിയിലും സ്‌ക്രാന്റണിലെ മേരിവുഡ് യൂണിവേഴ്‌സിറ്റിയിലും സഭാപഠനം പൂർത്തിയാക്കുകയും ചെയ്തു. 1994 ജൂൺ 25 -നാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.