തീവ്രവാദത്തെ ഉന്മൂലനം ചെയ്യാൻ മുസ്ലിം സമൂഹത്തോട് ആഹ്വാനം ചെയ്തുകൊണ്ട് ശ്രീലങ്കൻ ബിഷപ്പ്

അന്താരാഷ്ട്ര ഇസ്ലാമിക സമൂഹം തങ്ങളുടെ മതത്തിന്റെ മൂല്യതയും സാഹോദര്യവും സംരക്ഷിക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് കൊളംബോ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്. സ്ഫോടനം നടന്ന നെഗോമ്പോ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ പുനർസമർപ്പണത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം മുന്നോട്ടുവച്ചത്.

മറ്റ് മതങ്ങളോടു ചേർന്ന് സഹോദര്യത്തിന്റേതായ അന്തരീക്ഷം കെട്ടിപ്പടുക്കുവാനും തീവ്രവാദത്തെ ഉന്മൂലനം ചെയ്യുവാനും ലോകം മുഴുവനുമുള്ള മുസ്ലിം മതവിശ്വാസികളോട് അഭ്യർത്ഥിക്കുകയാണ്. യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സുഖങ്ങളിലേയ്ക്കും ആശയങ്ങളിലേയ്ക്കും അവർ വഴുതിവീഴുന്നത് തടയുവാൻ നടപടികൾ സ്വീകരിക്കണം – കർദ്ദിനാൾ ആവശ്യപ്പെട്ടു.

“അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ലെബനൻ, സിറിയ, ഈജിപ്ത്, ടുണീഷ്യ, ലിബിയ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്ന മുസ്ലീങ്ങൾ പോലും ദുരിതമനുഭവിക്കുന്നു. തീവ്രവാദികൾ, ക്രൈസ്തവർക്ക് പലപ്പോഴും ഭീഷണിയാകുന്നുണ്ട് എങ്കിൽത്തന്നെയും മുസ്ലിം വിശ്വാസികളോട് ക്രിസ്ത്യാനികൾ വിദ്വേഷം പുലർത്തരുത്. പ്രതികാരം ചെയ്യാനുള്ള ചില ആളുകളുടെ മണ്ടത്തരങ്ങൾക്ക് മുസ്ലിങ്ങൾ മുഴുവന്‍ ഉത്തരവാദികളല്ലാ എന്ന് തിരിച്ചറിയണം – കർദ്ദിനാൾ ഓർമ്മിപ്പിച്ചു.