ദളിത് ക്രൈസ്തവരെ സംബദ്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹം: ചങ്ങനാശേരി അതിരൂപത ജാഗ്രതാസമിതി

ദളിത് ക്രിസ്ത്യന്‍, ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പഠിക്കാന്‍ സമിതി രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹവും സ്വാഗതാര്‍ഹവുമാണെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് – ജാഗ്രതാസമിതി. ഈ നീക്കവുമായി ദ്രുതഗതിയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുള്ള വെറും പ്രഖ്യാപനം മാത്രമാകാതെ, മതവിശ്വാസത്തിന്റെ പേരില്‍ 72 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ വിവേചനം അവസാനിപ്പിച്ച്, ഭാരതത്തിന്റെ മതേതരത്വത്തിനേറ്റിരിക്കുന്ന ഏറ്റവും വലിയ കളങ്കം കഴുകിക്കളയണമെന്നും സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

1950 -ല്‍ പട്ടികജാതി ലിസ്റ്റുമായി ബന്ധപ്പെട്ട് പ്രസിഡന്‍ഷ്യല്‍ ഉത്തരവ് വന്ന നാള്‍ മുതല്‍ ഇത് ഭാരതത്തിലെ മതേതരത്വത്തിനും മതസ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് എന്ന ആക്ഷേപം ഉയര്‍ന്നു വന്നിരുന്നു. അന്ന് ഭരണഘടന വിഭാവനം ചെയ്യുന്ന പട്ടികജാതി സംവരണം ഹിന്ദുമത വിശ്വാസികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ബുദ്ധമതത്തിലും സിക്ക് മതത്തിലുമുള്ള പട്ടികജാതിക്കാരെക്കൂടി ഇതിന്റെ പരിധിയിലുള്‍പ്പെടുത്തി. എന്നാല്‍ ദളിത് ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ അപ്പോഴും തഴയപ്പെടുകയായിരുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും നിഷേധിക്കുന്നതും അനീതിയാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ദശാബ്ദങ്ങളായി ഭാരതസഭയും സഭയിലെ വിവിധ സംവിധാനങ്ങളും പ്രതിഷേധങ്ങളും പ്രതികരണങ്ങളും സമരങ്ങളും നിയമപോരാട്ടങ്ങളും നടത്തിവരികയാണ്. വളരെ വര്‍ഷങ്ങളായി ആഗസ്റ്റ് 15 -നു ശേഷം വരുന്ന ഞായറാഴ്ച കേരളസഭ ദളിത് ക്രൈസ്തവ വിഷയം ഉന്നയിച്ച് ജസ്റ്റിസ് സണ്‍ഡേ ആയി ആചരിച്ചുവരുന്നു. രംഗനാഥമിശ്ര കമ്മീഷനും ദേശീയ ന്യൂനപക്ഷ കമ്മീഷനും ദളിത് ക്രിസ്ത്യന്‍-മുസ്ലിം സമൂഹങ്ങള്‍ക്ക് അനുകൂലമായി നല്‍കിയ ശിപാര്‍ശകള്‍ നാളിതുവരെ ഒരു സര്‍ക്കാരും അനുഭാവപൂര്‍വ്വം പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പുതിയ നീക്കം പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് യോഗം വിലയിരുത്തി.

അതിരൂപതാ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ വിഷയാവതരണം നടത്തി. ഫാ. ജോസഫ് പനക്കേഴം, ഡോ. റൂബിള്‍ രാജ്, ഡോ. ഡൊമനിക് ജോസഫ്, ശ്രീ. ജേക്കബ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് – ജാഗ്രതാ സമിതിക്കു വേണ്ടി,

അഡ്വ. ജോജി ചിറയില്‍, ഫാ. ജയിംസ് കൊക്കാവയലില്‍ (പി.ആര്‍.ഒ ജാഗ്രതാസമിതി ഡയറക്ടര്‍)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.