മകന് അപകടം വരാൻ പ്രാർത്ഥിച്ച അമ്മ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

മകനെക്കുറിച്ചുള്ള നൊമ്പരം പങ്കുവയ്ക്കാനാണ് അവൾ വന്നത്. “അച്ചാ, ഇരുപത് വയസ് പ്രായമേ അവനുള്ളൂ. പതിനെട്ട് വയസായപ്പോഴേയ്ക്കും ബൈക്ക് വാങ്ങിക്കൊടുക്കണമെന്ന് പറഞ്ഞ് വീട്ടില്‍ എന്നും ബഹളമായിരുന്നു. സഹിക്കവയ്യാതെ ഒടുവിൽ വണ്ടി വാങ്ങിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ പറയുന്ന വണ്ടിയൊന്നും അവന് ഇഷ്ടപ്പെട്ടില്ല. അവസാനം അവൻ പറഞ്ഞ ബൈക്ക് തന്നെ വാങ്ങിക്കേണ്ട സ്ഥിതിയായി. കുതിര പോലുള്ള ബൈക്ക്.

അതുമായ് അവൻ പോകുന്നതു കാണുമ്പോൾ പേടിയാകും. അത്രയ്ക്കും വേഗത്തിലാണ് പോക്ക്. ഭർത്താവ് നാട്ടിലില്ലാത്തതിനാൽ അവനെ നിയന്ത്രിക്കാൻ എനിക്കാകുമായിരുന്നില്ല. ഇപ്പോൾ പ്രശ്നം അതൊന്നുമല്ല, കൂട്ടുകാരോട് ചേർന്ന് അവൻ ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങി. കോളേജിലെ അധ്യാപകരാണ് ഇക്കാര്യങ്ങൾ എന്നോട് പറഞ്ഞത്.

ഈ ദിവസങ്ങളിൽ അവൻ ഭക്ഷണവും കഴിക്കുന്നില്ല, വസ്ത്രധാരണത്തിലും ശ്രദ്ധയില്ല, കുളിക്കാതെ മുടിയൊക്കെ നീട്ടി ഒരു ഭ്രാന്തനെപ്പോലെയാണ് നടപ്പ്.”

കാര്യങ്ങളെല്ലാം കേട്ടു കഴിഞ്ഞപ്പോൾ ആ വൈദികൻ പറഞ്ഞു: “സഹോദരി, പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത്. നിങ്ങളുടെ മകന് ഒരു ആക്സിഡൻ്റ് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുക! ശരീരത്തിന് ക്ഷതമേറ്റ് കുറച്ചുനാൾ കിടക്കേണ്ടി വരുമ്പോൾ, പിന്നെ അവന് ലഹരിവസ്തുക്കൾ ഉപയോഗിക്കാനാകില്ല. അപ്പോൾ അവനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനും എളുപ്പമായിരിക്കും.”

മനസില്ലാമനസ്സോടെയാണെങ്കിലും ആ സ്ത്രീ, മകന് അപകടം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചതുപോലെ തന്നെ സംഭവിച്ചു. കൈകാലുകൾക്കും തലയ്ക്കുമെല്ലാം ക്ഷതമേറ്റ് ഒരു വർഷത്തോളം ആശുപത്രിയും വീടുമായി അവന് കഴിയേണ്ടിവന്നു. അച്ചൻ പറഞ്ഞതുപോലെ ആ കാലയളവിൽ അവൻ അപ്പന്റെയും അമ്മയുടെയും സ്നേഹം തിരിച്ചറിഞ്ഞു. ദൈവവിശ്വാസത്തിലേയ്ക്ക് തിരിച്ചുവന്നു. പിന്നീടവൻ ഇപ്രകാരം പറഞ്ഞു: “താടിയെല്ല് പൊട്ടി, കാലൊടിഞ്ഞ് എല്ലാത്തിനും പരസഹായം വേണ്ടി വന്ന ആ ദിവസങ്ങളെ ഓർത്ത് ആദ്യമൊക്കെ വിഷമമുണ്ടായാലും പിന്നീട് ഞാൻ ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ട്. എന്തെന്നാൽ, ആ അപകടത്തിലൂടെ എന്റെ ദൈവം എന്നെ സ്വന്തമാക്കുകയായിരുന്നു!”

എത്ര ആഴത്തിലുള്ള ബോധ്യം. അല്ലേ? നമ്മുടെ ജീവിതത്തിലും ചില രോഗങ്ങളിലൂടെയും അപകടങ്ങളിലൂടെയും ദൈവം നമ്മോട് സംസാരിച്ചിട്ടില്ലേ? ദൈവത്തെ മറന്നുള്ള യാത്രകളിൽ ചില ദുരന്തങ്ങളും നൊമ്പരങ്ങളുമല്ലേ നമ്മെ ദൈവത്തിലേയ്ക്ക് തിരിച്ചെത്തിച്ചത്? ഒരു പുരോഹിതനായ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്; എന്നും ബലിയർപ്പിച്ച് പ്രാർത്ഥിക്കുന്ന ഞാൻ, ചിലപ്പോഴെല്ലാം ദൈവത്തിൽ നിന്നും ഒത്തിരി ദൂരത്തല്ലേ എന്ന്.

അങ്ങനെയൊരു വ്യക്തിയായിരുന്നില്ലേ ദൈവാലയത്തിൽ ശുശൂഷ ചെയ്തിരുന്ന സക്കറിയായും? ദൈവത്തിന് എല്ലാം സാധ്യമാകും എന്ന് മറ്റുള്ളവരെ പറപറഞ്ഞു പഠിപ്പിച്ചപ്പോഴും തന്റെ ഭാര്യയായ എലിസബത്തിലൂടെ ഒരു കുഞ്ഞിനെ ലഭിക്കുമെന്ന ദൈവദൂതന്റെ വാക്കുകൾ അയാൾ അവിശ്വസിച്ചു. അവിശ്വസിക്കുന്ന അധരങ്ങൾ കൊണ്ട് സക്കറിയാ ആരോടും മിണ്ടരുത് എന്ന് തീരുമാനിച്ചത് ദൈവമാണ്. അതിന്റെ ഫലമായി പത്തു മാസമാണ് അയാൾ ഊമനായി കഴിഞ്ഞത് (Ref: ലൂക്കാ 1:18-20).  ആ രോഗാവസ്ഥയിലൂടെയാണ് സക്കറിയായെ ദൈവം സ്വന്തമാക്കിയത്.

നമ്മുടെ ദു:ഖങ്ങളിലൂടെയും രോഗങ്ങളിലൂടെയുമെല്ലാം ദൈവം നമ്മെ സ്വന്തമാക്കുന്നു എന്ന ചിന്ത എത്ര ഊഷ്മളമാണ് അല്ലേ?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.