വിശുദ്ധനായ ഒരു അച്ഛൻ തന്റെ മകന് നൽകിയ ഏറ്റവും ശക്തമായ നിർദ്ദേശങ്ങൾ 

വിശുദ്ധരായ മാതാപിതാക്കളിൽ നിന്നുമാണ് വിശുദ്ധരായ മക്കൾ ഉണ്ടാകുന്നത്. കാരണം, വിശുദ്ധമായ ജീവിതമാതൃകകൾ കണ്ടുപഠിക്കുന്ന കുഞ്ഞുമക്കൾക്ക് തങ്ങളുടെ ജീവിതവഴികളിൽ എപ്പോഴും, മാതാപിതാക്കൾ കാണിച്ചുതന്ന മാതൃക ഉണ്ടാവും. ഇവിടെ തന്റെ മകൻ നല്ലവനായി വളർന്നുവരുവാൻ നൽകിയ ലളിതവും എന്നാൽ, ശക്തവുമായ ഏതാനും നിദ്ദേശങ്ങൾ നൽകിയ വിശുദ്ധനായ ഒരു പിതാവിനെ പരിചയപ്പെടുത്തുകയാണ്.

പതിനൊന്നാം നൂറ്റാണ്ടിൽ ഹംഗറിയിലെ വിശുദ്ധനായ ഒരു രാജാവായിരുന്നു വി. സ്റ്റീഫൻ. തന്റെ രാജ്യത്തിൽ നീതിയും കരുണയും പുലർത്തുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആഴമായ വിശ്വാസം ഉണ്ടായിരുന്ന അദ്ദേഹം, തന്റെ രാജ്യത്തെ പൂർണ്ണമായും മാതാവിന് സമർപ്പിച്ചിരുന്നു. തന്റെ രണ്ട് പുത്രന്മാർക്കും കത്തോലിക്കാ വിശ്വാസം പകർന്നുനൽകാൻ തന്നാലാവുന്നതെല്ലാം അദ്ദേഹം ചെയ്‌തിരുന്നു. ഒരു രാജാവായിരുന്നിട്ടും തന്റെ മക്കളെ വിശ്വാസത്തിൽ വളർത്തുവാൻ തന്റെ തിരക്കുകൾക്കിടയിലും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

തന്റെ ജീവിതകാലത്ത്, എങ്ങനെ ഒരു നല്ല ക്രിസ്ത്യാനിയാകാം എന്നതിനെക്കുറിച്ച് തന്റെ മകന് ഒരു കത്ത് അദ്ദേഹം എഴുതിയിരുന്നു. ആ കത്തിൽ, ഒരു ക്രിസ്ത്യാനിക്ക് ആവശ്യം വേണ്ട ഗുണങ്ങൾ അദ്ദേഹം കുറിച്ചിരുന്നു. ഒപ്പംതന്നെ അവ മാതൃകയാക്കുവാനും തന്റെ മകനോട് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. 1000 വർഷങ്ങൾക്കിപ്പുറവും പ്രസക്തവും ശക്തവുമായ ആ പിതാവിന്റെ നിർദ്ദേശങ്ങൾ ഇതാ…

“എന്റെ പ്രിയപുത്രാ, എന്റെ ഹൃദയത്തിന്റെ സന്തോഷത്തിനു കാരണമേ, ഞാന്‍ നിനക്കു വേണ്ടി പ്രാർത്ഥിക്കുകയും നിന്നോട് ആജ്ഞാപിക്കുകയും ചെയ്യുന്നു; നിന്റെയടുത്തു വരുന്ന സമ്പന്നരെയും പ്രഭുക്കന്മാരെയും മാത്രമല്ല, സാധാരണക്കാരെയും നീ പരിഗണിക്കണം. നിന്റെ പക്കൽ സഹായത്തിനായി എത്തുന്ന വിദേശിയോ സ്വദേശിയോ ആരുമായിക്കൊള്ളട്ടെ, അവർക്കു നേരെ കരുണയുടെ കരം വിടർത്താൻ നിനക്ക് കഴിയണം. ഇപ്രകാരം ചെയ്‌താൽ നിങ്ങൾ സന്തോഷത്തിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തും.”

കരുണയുള്ളവരായിരിക്കുക

ഞാൻ ബലിയല്ല, കരുണയാണ് ആഗ്രഹിക്കുന്നത് എന്ന വാക്കുകൾ നിന്റെ ഹൃദയത്തിൽ ഉണ്ടാകണം. ആക്രമണത്തിന് ഇരയാകുന്നവരോടും കഷ്ടത അനുഭവിക്കുന്നവരോടും കരുണ തോന്നണം. എല്ലാവരോടും ക്ഷമയോടെ പെരുമാറുക. ശക്തരോട് മാത്രമല്ല, ദുർബലരോടും. സമൃദ്ധിയിലും പ്രതികൂല സാഹചര്യങ്ങളിലും ശക്തനായിരിക്കുക.

എളിമ കൈവിടാതിരിക്കുക

ജീവിതത്തിൽ എളിമ മുറുകെപ്പിടിക്കുക; സ്വയം വിനീതനാക്കുക. അപ്പോൾ ദൈവം നിന്നെ ഉയർത്തിക്കൊള്ളും.

മിതത്വം പാലിക്കുക

ആരെയും അനാവശ്യമായി ശിക്ഷിക്കുകയോ കുറ്റപ്പെടുത്തുകയോ അരുത്. ചെയ്യുന്ന പ്രവൃത്തികളിലെല്ലാം മിതത്വം ഉണ്ടായിരിക്കണം. നന്മ അർഹിക്കുന്നവന് തുറന്ന മനസോടെ നൽകണം. നീതിയെ ഒരിക്കലും എതിർക്കരുത്. സത്യസന്ധമായ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം.

സ്വയം സൂക്ഷിക്കണം 

മറ്റുള്ളവരുടെ മുമ്പിൽ നിന്റെ പ്രവർത്തികൾ അപഹാസ്യമോ പരിഹാസ്യമോ ആയിത്തീരരുത്. ശരിയായ തീരുമാനങ്ങൾ ഉചിതമായ സമയത്ത് കൈക്കൊള്ളണം. എപ്പോഴും മാന്യതയോടെ പെരുമാറണം.

നിർമ്മലനായിരിക്കുക

മരണത്തിൽ നിന്ന് അകന്നിരിക്കുവാൻ ജാഗ്രത കാണിക്കുന്നതു പോലെ അശുദ്ധിയിൽ നിന്നും, കാമത്തിന്റെ എല്ലാ വഞ്ചനകളിൽ നിന്നും അകന്നിരിക്കണം. ഞാൻ ഈ പറഞ്ഞ കാര്യങ്ങളെല്ലാം സ്വർഗ്ഗത്തിൽ സ്ഥാപിതമായ കാര്യങ്ങളാണ്. അത് നിവർത്തിക്കുവാൻ നാം ഉത്സാഹം കാണിക്കണം. അപ്പോൾ, നാം ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും നീതിമാനായി പരിഗണിക്കപ്പെടും.