മോറട്ടോറിയം പ്രഖ്യാപിച്ച് മുതലക്കണ്ണീരൊഴുക്കി സര്‍ക്കാര്‍ കര്‍ഷകരെ വിഡ്ഢികളാക്കുന്നു: ഇന്‍ഫാം

കൊച്ചി: കര്‍ഷക കടങ്ങള്‍ക്ക് ജപ്തി ഒഴിവാക്കിയുള്ള മോറട്ടോറിയം പ്രഖ്യാപനം ആവര്‍ത്തിച്ച് മുതലക്കണ്ണീരൊഴുക്കി സര്‍ക്കാര്‍ കര്‍ഷകരെ വിഡ്ഢികളാക്കി പീഡിപ്പിച്ച് ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.

2018 ഒക്‌ടോബര്‍ 12-നാണ് ഗവര്‍ണറുടെ ഉത്തരവുപ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യന്‍ ഒപ്പിട്ട് സംസ്ഥാനത്തുണ്ടായ മഹാപ്രളയം കണക്കിലെടുത്ത് കര്‍ഷകര്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വിവിധ വായ്പകളിന്മേലുള്ള ജപ്തിനടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഉത്തരവിന്റെ മൂന്നാം ഖണ്ഡികയില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കര്‍ഷകര്‍ വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള ക്ഷീരവികസനവും മൃഗസംരക്ഷണവും ഉള്‍പ്പെടെയുള്ള കര്‍ഷക വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാവിധ വായ്പകളിന്മേലുള്ള ജപ്തിനടപടികള്‍ക്ക് ഉത്തരവ് തീയതി മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ സര്‍ക്കാര്‍ ഉത്തരവിനെ അവഗണിച്ച് വിവിധ ബാങ്കുകളും സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങളും പ്രളയത്തില്‍, എല്ലാം നഷ്ടപ്പെട്ട കര്‍ഷകരുടെമേല്‍ ജപ്തിഭീഷണി മുഴക്കിയതിന്റെ ബാക്കിപത്രമാണ് സംസ്ഥാനത്തുടനീളം നടന്ന 28 കര്‍ഷക ആത്മഹത്യകള്‍. സര്‍ക്കാര്‍ ഉത്തരവിനെ നിസാരവത്കരിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ഉദ്യോഗസ്ഥര്‍ നടത്തിയ അഴിഞ്ഞാട്ടത്തിന് അറുതിവരുത്തുവാന്‍ ശ്രമിക്കാതെ മാര്‍ച്ച് 5-ന് വീണ്ടും സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്ന് മോറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടുവാന്‍ തീരുമാനിച്ചു.

നിലവിലിറക്കിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചിരിക്കുമ്പോഴാണ് കാലാവധി നീട്ടിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം വന്നത്. ഇതിന്‍പ്രകാരം കര്‍ഷകര്‍ക്കു വേണ്ടിയല്ല, കര്‍ഷകരെ ബലിയാടാക്കി ഖനനമാഫിയകള്‍ക്കു വേണ്ടിയാണ് 48 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗം, ഖനനമാഫിയകള്‍ക്ക് നാടിനെ തീറെഴുതിക്കൊടുക്കാന്‍ ഉത്തരവിറക്കിയിട്ട് തെരഞ്ഞെടുപ്പില്‍ കര്‍ഷകസ്‌നേഹം പ്രസംഗിക്കുന്നത് ഏറെ വിചിത്രവും വിരോധാഭാസവുമാണ്.

മോറട്ടോറിയം അട്ടിമറിച്ച് ബാങ്ക് അധികൃതരും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായവാഗ്ദാനങ്ങള്‍ക്ക് തടസ്സവാദമുന്നയിച്ച് റവന്യൂ-കൃഷി വകുപ്പുകളും തുടരുന്ന അതിക്രൂരമായ കര്‍ഷകവിരുദ്ധ നിലപാടിന് അറുതി വരുത്തുന്നില്ലെങ്കില്‍ ഭാവിയില്‍ കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയേറെയാണ്. പ്രളയദുരന്ത മേഖലയിലെ ആയിരക്കണക്കിന് കര്‍ഷകര്‍ ഇപ്പോഴും ജപ്തിഭീഷണിയിലാണ്. ഇടുക്കി ജില്ലയില്‍ മാത്രം 1,359 കര്‍ഷകര്‍ക്കാണ് ജപ്തിനോട്ടീസ് 2019 മാര്‍ച്ച് 15 വരെ ലഭിച്ചിരിക്കുന്നതെന്ന് കൃഷിവകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. കൃഷി മാത്രമല്ല ഭൂമി പോലും ഉഴുതുമറിച്ച് എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ പ്രഖ്യാപിച്ച മോറട്ടോറിയം പോലും കര്‍ഷകന് ആശ്വാസമേകുന്നില്ല. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ബാങ്കിലേയ്ക്കുള്ള തിരിച്ചടവ് ഭാവിയില്‍ അസാധ്യമാണ്. കൃഷിചെയ്യാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയില്‍ കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷക കടം എഴുതിത്തള്ളാന്‍ അന്യസംസ്ഥാനങ്ങളില്‍ പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അധികാരത്തിലിരിക്കുന്ന കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ നടപടികളില്ലാതെ മുഖം തിരിഞ്ഞുനില്‍ക്കുന്നത് കാപഠ്യവും കര്‍ഷക വഞ്ചനയുമാണ്.

ഇതിനോടകം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ, ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളുടെ സംരക്ഷണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്താന്‍ ജനാധിപത്യ ഭരണത്തിലെ അധികാരകേന്ദ്രങ്ങള്‍ക്കാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.