ഫെബ്രുവരി മാസം തിരുക്കുടുംബത്തിനു സമർപ്പിക്കാൻ ഏതാനും മാർഗ്ഗങ്ങൾ

കത്തോലിക്കാ സഭ വർഷത്തിലെ ഓരോ മാസങ്ങളിലും പ്രത്യേക ധ്യാനവിഷയങ്ങൾ വിശ്വാസികൾക്കു മുന്നിലേയ്ക്ക് വയ്ക്കുന്നുണ്ട്. വിശ്വസത്തിലും ആത്മീയതയിലും ദൈവജനത്തെ വളർത്തുന്നതിനായും ദൈവികമായ ചിന്തകളും മാതൃകയും അനുദിനജീവിതത്തിൽ പകർത്തുന്നതിനായിട്ടുമാണ് സഭ ഓരോ മാസവും പ്രത്യേക ധ്യാനവിഷയങ്ങൾ വയ്ക്കുന്നത്. ഇതുപ്രകാരം ഫെബ്രുവരി മാസം തിരുക്കുടുംബത്തെ വണങ്ങുന്നതിനും തിരുക്കുടുംബത്തോട് മാദ്ധ്യസ്ഥ്യം യാചിക്കുന്നതിനുമുള്ള മാസമാണ്.

ഇന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധികൾ നേരിടുന്ന മേഖലയാണ് കുടുംബജീവിതം. പിശാച് ഏറ്റവും കൂടുതൽ ശ്രമിക്കുന്നതും ക്രിസ്തീയ കുടുംബങ്ങളുടെ അടിത്തറ ഇളക്കാനാണ്. ഈ സാഹചര്യത്തിൽ നമ്മുടെ കുടുംബങ്ങൾ തിരുക്കുടുംബം പോലെ ആകുന്നതിനായി  ഫെബ്രുവരി മാസം പ്രത്യേകമായി തിരുക്കുടുംബത്തിന്റെ മാദ്ധ്യസ്ഥ്യം യാചിച്ചു പ്രാർത്ഥിക്കാം. നമ്മുടെ കുടുംബങ്ങളെ തിരുക്കുടുംബത്തിനു സമർപ്പിക്കുന്നതിനു സഹായിക്കുന്ന ഏതാനും മാർഗ്ഗങ്ങൾ ഇതാ…

1. നിങ്ങളുടെ കുടുംബങ്ങളെ തിരുക്കുടുംബത്തിനു സമർപ്പിക്കാം

അനുദിനം തിരുക്കുടുംബത്തിന്റെ സംരക്ഷണത്തിന് നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളേയും സമർപ്പിക്കാം. തിരിക്കുടുംബം കാണിച്ചുതന്ന മാതൃകയിൽ, മൂല്യങ്ങളിൽ തങ്ങളുടെ കുടുംബത്തെയും വളർത്തണമേ എന്ന് കുടുംബാംഗങ്ങൾ ഒന്നുചേർന്ന് പ്രാർത്ഥിക്കാം.

2. ജപമാല ചൊല്ലാം കുടുംബവും ഒന്നിച്ച്

തിരുക്കുടുംബത്തിന് നമ്മുടെ കുടുംബത്തെ സമർപ്പിച്ചുകൊണ്ട് എല്ലാ ദിവസവും കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ജപമാല ചൊല്ലുന്നത് ഉചിതമാണ്. ഓരോ രഹസ്യവും, ഞങ്ങളുടെ കുടുംബം തിരുക്കുടുംബം പോലെയാക്കണമേ എന്ന് പ്രത്യേകം നിയോഗം വച്ചു പ്രാർത്ഥിക്കാം. അങ്ങനെ പ്രാർത്ഥിക്കാൻ കുട്ടികളേയും പ്രേരിപ്പിക്കാം.

3. ദിവ്യകാരുണ്യ ഭക്തി വളർത്താം

തിരുക്കുടുംബത്തിന്റെ ജീവിതം ഈശോയോടു ചേർന്നായിരുന്നു. അതുപോലെ തന്നെ ദിവ്യകാരുണ്യ ഭക്തിയിൽ വളരാൻ ശ്രമിക്കാം. ആഴ്ചയിൽ ഒന്ന് അടുത്തുള്ള നിത്യാരാധന ചാപ്പലോ, ദേവാലയമോ സന്ദർശിച്ച് അൽപനേരം പ്രാർത്ഥിക്കുന്നത് കുടുംബജീവിതത്തെ ശക്തിപ്പെടുത്തും. ഒപ്പംതന്നെ സാത്താനെയും അന്ധകാരശക്തികളേയും നേരിടുവാൻ ദിവ്യകാരുണ്യ സന്ദർശനം നമ്മെ സഹായിക്കും.

4. തിരുക്കുടുംബത്തിന്റെ ചിത്രം പ്രതിഷ്ഠിക്കാം

ഓരോ ക്രൈസ്തവകുടുംബത്തിലും തിരുക്കുടുംബത്തിന്റെ ഒരു ചിത്രം നിർബന്ധമായും ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ഈ മാസം തന്നെ അത് കുടുംബത്തിൽ പ്രതിഷ്ഠിക്കാം. ഓരോ ക്രിസ്തീയ കുടുംബവും തിരുക്കുടുംബമായി മാറാനുള്ള വലിയ ഉത്തരവാദിത്വത്തിലേയ്ക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ഈ ചിത്രം നമ്മെ ഓർമിപ്പിക്കും. ദൈവത്തോടു ചേർന്നു നിന്നുകൊണ്ട് ജീവിക്കുവാനുള്ള ഒരു വലിയ ഉത്തരവാദിത്വത്തിലേയ്ക്ക് തിരുക്കുടുംബത്തിന്റെ ചിത്രം നമ്മെ നയിക്കും.

5. കുടുംബാംഗംങ്ങൾ പരസ്പരം മനസിലാക്കി മുന്നേറാം

പരസ്പരം കലഹിക്കാതെ ക്ഷമയുടെയും സ്നേഹത്തിന്റെയും ആദരവിന്റെയും ഒരു സംസ്കാരം നമ്മുടെ കുടുംബങ്ങളിൽ വളർത്തിയെടുക്കാം. ദൈവപുത്രനായിരുന്നിട്ടും ഈശോ തന്റെ മാതാപിതാക്കൾക്ക് എന്നും അനുസരണയുള്ള മകനായിരുന്നു. അതുപോലെ പരസ്പരം വിനീതരായിക്കൊണ്ടും വിധേയത്വം പുലർത്തിക്കൊണ്ടും തിരുക്കുടുംബത്തെ അനുകരിക്കാൻ ശ്രമിക്കാം.

6. വെഞ്ചരിച്ച വെള്ളം സൂക്ഷിക്കാം

വീടിന്റെ പ്രധാന വാതിലിനു സമീപത്തായി വെഞ്ചരിച്ച വെള്ളം സൂക്ഷിക്കുന്നത് നല്ലതാണ്. ഭവനങ്ങളിൽ നിന്ന് പുറത്തേയ്ക്കിറങ്ങുമ്പോഴും തിരികെ ഭവനത്തിൽ പ്രവേശിക്കുമ്പോഴും വിശുദ്ധ ജലത്താൽ കുരിശടയാളം വരച്ച് സ്വയം ആശീർവദിക്കാം. അത് നമ്മുടെ കുടുംബജീവിതത്തിന്റെ വിശുദ്ധിയെ തകർക്കുന്ന ഒന്നും ഭവനത്തിൽ പ്രവേശിക്കാതിരിക്കാൻ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ