ഫാ. ലൂയിജി ബൊല്ല: പാവപ്പെട്ടവരോടൊപ്പം നടന്ന് ക്രിസ്തുവിനെ പകർന്നുകൊടുത്ത മിഷനറി

ഇക്വഡോറിലെയും പെറുവിലെയും തദ്ദേശീയരായ ജനങ്ങൾക്കിടയിൽ വർഷങ്ങളോളം മിഷനറിയായി സേവനം ചെയ്ത ഒരു ഇറ്റാലിയൻ മിഷനറി വൈദികനാണ് ഫാ. ലൂയിജി ബൊല്ല. ഇപ്പോൾ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. 2013 -ൽ ലിമയിൽ വച്ചാണ് അദ്ദേഹം മരണമടയുന്നത്.

1983 -ൽ, ഫാ. ബൊല്ല പെറുവിലെത്തിയപ്പോൾ മേലധികാരികളോട് ഇപ്രകാരം പറഞ്ഞു: “ഞാൻ ഇവരെ കോളനിവത്‌കരിക്കാൻ എത്തിയതല്ല. ഇവരുടെ സംസ്കാരം പഠിക്കാനും ഇവരെപ്പോലെ ഭക്ഷണം കഴിക്കാനും ഇവരെപ്പോലെയാകാനുമാണ് ഞാൻ ശ്രമിക്കുന്നത്. ഇവരോടൊപ്പം നടക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്; അതായത് യേശു നമ്മുടെ രക്ഷകനാണെന്ന് അവരെ പഠിപ്പിക്കാൻ. ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. ദൈവപരിപാലനയിൽ ഞാൻ വിശ്വസിക്കുന്നു.”

1932 -ൽ ഇറ്റലിയിലാണ് ലൂയിജി ബൊല്ല ജനിച്ചത്. 1959 -ൽ പുരോഹിതനായി ഇക്വഡോറിയൻ ആമസോണിൽ മിഷനറിയായി കടന്നുവന്ന അദ്ദേഹം 1983 -ൽ  പെറുവിനെ സുവിശേഷവത്ക്കരിച്ചു. കടന്നുചെല്ലുന്നിടത്തെല്ലാം യേശുവിനെ അനേകരിലേക്ക് പകർന്ന അദ്ദേഹത്തെ, പെറു നിവാസികൾ ‘റോഡിലെ തിളങ്ങുന്ന നക്ഷത്രം’ എന്ന് അർത്ഥം വരുന്ന ‘യങ്കുവാം ജിന്റിയ’ എന്ന് വിളിച്ചു.

ഗോത്രങ്ങളും കുടുംബങ്ങളും തമ്മിലുള്ള യുദ്ധങ്ങൾ അവസാനിപ്പിക്കാനും വിദ്യാഭ്യാസത്തിലൂടെ പുതിയ തലമുറകൾക്ക് സഹായം വാഗ്ദാനം ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു. അതുപോലെ തന്നെ ബഹുഭാര്യത്വം അവസാനിപ്പിക്കാനും അക്ഷീണം പ്രയത്നിച്ചു. അദ്ദേഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പലരും കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നു. അങ്ങനെ ഈ മിഷനറി തന്റെ ജീവിതം കൊണ്ട് ക്രിസ്തുവിനെ അനേകരിലേയ്ക്ക് പകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.