“ഈ കുട്ടികളില്ലാതെ ഞങ്ങൾ എങ്ങനെ മടങ്ങും ” – കാബൂളിൽ നിന്നും മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സും വികലാംഗരായ കുട്ടികളും റോമിലെത്തി

അഫ്ഗാനിസ്ഥാനിലെ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് നടത്തുന്ന അനാഥാലയത്തിൽ ഉണ്ടായിരുന്ന വികലാംഗരായ 14 കുട്ടികളും സിസ്റ്റേഴ്‌സും സുരക്ഷിതരായി റോമിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. കാബൂളിൽ നിന്ന് ആഗസ്റ്റ് 25 -ന് പുറപ്പെട്ട രണ്ട് വിമാനങ്ങളിലായി ഒരു വൈദികനും അഞ്ച് സിസ്റ്റേഴ്സും ഉൾപ്പെടെ 277 പേർ ഉണ്ടായിരുന്നു.

ഇറ്റാലിയൻ എംബസിക്കുള്ളിൽ സ്ഥിതിചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ ഏക കത്തോലിക്കാ പള്ളിയിൽ ശുശ്രൂഷ ചെയ്തിരുന്ന വൈദികനാണ് ജിയോവാനി സ്കാലീസ്. കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം നഗരത്തിലെ വിദേശികൾക്കായി എല്ലാ ദിവസവും വിശുദ്ധ കുർബാന അർപ്പിക്കുമായിരുന്നു. “വികലാംഗരായ ഈ കുട്ടികളില്ലാതെ ഞങ്ങൾ ഒരിക്കലും ഇറ്റലിയിലേക്ക് മടങ്ങില്ല. ഞങ്ങൾക്ക് അവരെ അവിടെ ഉപേക്ഷിക്കാൻ കഴിയില്ല” – അദ്ദേഹം പറഞ്ഞു.

2006 -ലാണ് കാബൂളിൽ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായി ഒരു സ്ഥാപനം ആരംഭിച്ചത്. ഇപ്പോൾ നഗരം താലിബാൻ ഏറ്റെടുത്തതിനാൽ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. ആറ് മുതൽ 20 വയസ്സു വരെയുള്ള കുട്ടികളായിരുന്നു ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. “ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ബുദ്ധിവൈകല്യമുള്ള 50 -ഓളം കുട്ടികൾ ഇപ്പോഴും അവിടെയുണ്ട്” – സിസ്റ്റേഴ്സ് കണ്ണീരോടെ പറയുന്നു.

കുടിയൊഴിപ്പിക്കപ്പെട്ട 2,659 അഫ്ഗാനികളെ ഇറ്റലി സ്വാഗതം ചെയ്തിട്ടുണ്ട്. അവരിൽ മൂന്നിലൊന്നു പേർ കുട്ടികളാണെന്ന് ഇറ്റാലിയൻ പ്രതിരോധമന്ത്രി ലോറെൻസോ ഗ്യൂരിനി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.