ദൈവം പ്രാർത്ഥന കേട്ടു; കോവിഡും കാൻസറും വഴിമാറി: ഇത് വിശ്വാസത്തിന്റെ അത്ഭുതസാക്ഷ്യം

51 വയസ്സുള്ള ജീൻ പ്രാഡോ എന്ന ബ്രസീലിയൻ സ്ത്രീ, ദൈവത്തിന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് താനിന്ന് ജീവനോടെയിരിക്കുന്നതെന്ന്  സാക്ഷ്യപ്പെടുത്തുകയാണ്. രണ്ട് രോഗങ്ങളിൽ നിന്നാണ് ദൈവം ഒരേ സമയം ഇവർക്ക് സൗഖ്യം നൽകിയത്. കാൻസർ രോഗത്തിൽ നിന്നും കോവിഡിൽ നിന്നും.

2020 ആഗസ്റ്റിലാണ് ജീനിന് അസ്ഥിമജ്ജയിൽ അർബുദം ബാധിച്ചതായി സ്ഥിരീകരിച്ചത്. കീമോ തെറാപ്പി സെഷനുകളും അസ്ഥിമജ്ജ മാറ്റിവയ്ക്കലും അനിവാര്യമായിരുന്നു ആ അവസ്ഥയിൽ. കീമോ തെറാപ്പിയുടെ രണ്ടാം സെഷനിൽ പോയപ്പോൾ, ജെയ്‌നിന് കോവിഡും സ്ഥിരീകരിച്ചു. അവളുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. സുഖപ്പെടുമെന്ന് വിശ്വസിച്ചെങ്കിലും അവൾ തന്റെ കുടുംബത്തിന് അവസാനത്തെ എന്ന പോലെ കത്തുകളെഴുതാൻ തുടങ്ങി. അവൾ സുഹൃത്തുക്കൾക്ക് കത്തയച്ചു. മരിച്ചുപോയാൽ മക്കൾക്കായി നൽകാനുള്ള ഉപദേശങ്ങളും തയ്യാറാക്കാൻ ഈ അമ്മ മറന്നില്ല. ഏറ്റവും മോശമായതു സംഭവിക്കുകയാണെങ്കിൽ സ്വീകർത്താക്കൾക്ക് സന്ദേശങ്ങൾ നൽകാൻ അവൾ ആവശ്യപ്പെട്ടു.

കത്തിൽ അവൾ മക്കൾക്ക് ഇപ്രകാരം എഴുതി: “ഒരു സാഹചര്യത്തിലും പരസ്പരം വേർപിരിയരുത്. ഒന്നിച്ചു ജീവിക്കുക, പരസ്പരം സ്‌നേഹിക്കുക. നിങ്ങളുടെ ആത്മീയജീവിതം പരിപോഷിപ്പിക്കുക. നിങ്ങളുടെ കുട്ടികളെ ദൈവഭയത്തിൽ വളർത്തുക. നല്ല സ്വഭാവമുള്ള, സ്നേഹമുള്ള കുട്ടികളായി തുടരുക. ഞാൻ നിങ്ങളെക്കുറിച്ച് എത്ര അഭിമാനിക്കുന്നുവെന്ന് വിവരിക്കാൻ വാക്കുകളില്ല. നിങ്ങളുടെ പിതാവിനെ ഒരിക്കലും ഉപേക്ഷിക്കരുത്, സ്നേഹത്തോടെ പരിപാലിക്കുക.”

വൈകാതെ ജീനിന്റെ അവസ്ഥ കൂടുതൽ വഷളായി. ശ്വാസകോശത്തിലെ എംബോളിസം, ഹൃദയസ്തംഭനം, വൃക്കസംബന്ധമായ രോഗം, ബാക്ടീരിയൽ ബാധ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ അവളുടെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമാക്കി. ശക്തമായ പനി, ശമനമില്ലാതെ തുടർന്നുകൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞു: “ജീൻ ഇനി 48 മണിക്കൂർ മാത്രമേ ജീവനോടെ ഉണ്ടാവുകയുള്ളൂ.”

എന്നാൽ ജീനിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിശ്വാസം മെഡിക്കൽ രോഗനിർണ്ണയത്തേക്കാൾ ശക്തമായിരുന്നു. അവരുടെ അമ്മക്ക് ജീവിതം കുറച്ചു സമയം കൂടിയേ അവശേഷിക്കുന്നുള്ളൂ എന്നു പറഞ്ഞപ്പോൾ ജീനിന്റെ മക്കൾ ദൈവത്തിൽ ആശ്രയിച്ചു. അമ്മക്കായി ശക്തമായി പ്രാർത്ഥിച്ചു. ജീനിനെ അഡ്മിറ്റാക്കിയ ആശുപത്രിയുടെ വാതിൽക്കൽ വന്നു നിന്നുകൊണ്ട് സുഹൃത്തുക്കളെയും കൂട്ടി ആ മക്കൾ പ്രാർത്ഥിച്ചു. വാട്ട്‌സ് ആപ്പിലൂടെയും സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെയും അനേകരോട് പ്രാർത്ഥന ആവശ്യപ്പെട്ടു. അങ്ങനെ ബ്രസീലിലുടനീളമുള്ള ആളുകൾ ഈ പ്രാർത്ഥനായജ്ഞത്തിൽ പങ്കാളികളായി.

തന്നെ വളരെയധികം സ്നേഹിക്കുന്നവരുടെ നിലവിളി ദൈവവും ജീനും കേട്ടതായി തോന്നുന്നു. ആശുപത്രിയിലെ പാലിയേറ്റീവ് കെയർ സെക്ടറിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് അവളുടെ പനി പെട്ടെന്ന് കുറഞ്ഞു. അവളുടെ ആരോഗ്യസ്ഥിതി ക്രമേണ മെച്ചപ്പെടുകയും ചെയ്തു. ഡോക്ടർമാർ ഈ സൗഖ്യത്തെ ‘അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്.

ജീൻ ഈ സംഭവത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “മരുന്നിന് കൂടുതലൊന്നും ചെയ്യാനില്ലാത്തതിനാൽ എന്റെ കുടുംബത്തോട് എന്റെ മരണത്തെ സ്വീകരിക്കാൻ ഒരുങ്ങിക്കൊള്ളാൻ ഡോക്ടർമാർ പറഞ്ഞു. എന്റെ പനി ഭേദമാക്കാൻ ഒരു മരുന്നിനും കഴിഞ്ഞില്ല. പക്ഷേ, ദൈവം ഞങ്ങളുടെ പക്ഷത്തായിരുന്നു. ഞാൻ കോമയിലായിരുന്നപ്പോൾ ചില ‘അമാനുഷിക’ അനുഭവങ്ങൾ ഉണ്ടായി. എന്റെ ഹൃദയസ്തംഭനം ഞാൻ കേട്ടു. ഞാൻ ഇവിടെ തുടരാൻ ദൈവം ആഗ്രഹിച്ചു.”

ഏകദേശം 40 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ജീൻ ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഇരട്ട രോഗശാന്തിയാണ് ജീനിന്റെ ശരീരത്തിൽ സംഭവിച്ചത്. പരിശോധനയിൽ അവളുടെ ശരീരത്തിലെ കാൻസർ കോശങ്ങൾ അപ്രത്യക്ഷമായി. എന്നാൽ ഡോക്ടർമാർ ട്രാൻസ്പ്ലാൻറ് ചെയ്യേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

“ദൈവം എന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ അവൻ ആഗ്രഹിക്കുന്നതെന്തും ഞാൻ ചെയ്യും. എന്റെ ജീവിതത്തിലെ ഈ പ്രയാസകരമായ ഘട്ടത്തിൽ ഞാൻ വലിയ പാഠങ്ങൾ പഠിച്ചു. ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവർക്ക് എന്റെ അനുഭവം ഒരു സാക്ഷ്യമായി തുടരും” – ജീൻ കൂട്ടിച്ചേർത്തു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.