വിശുദ്ധ കുർബാന മോഷ്ടിച്ച അക്രൈസ്തവൻ കണ്ടത് …!

  വിശുദ്ധ കുർബാനയുടെ ശക്തിയെക്കുറിച്ച് പൂർണ്ണമായ ബോധ്യം പല ക്രൈസ്തവർക്കുമില്ല. വിശുദ്ധ കുർബാനയിൽ ഈശോ, തന്റെ ശരീരവും രക്തവും നമുക്കായി നൽകുകയാണ്. ഈ ഒരു ബോധ്യം നമ്മിൽ ഉണ്ടായിരുന്നുവെങ്കിൽ നാം വിശുദ്ധ കുർബാനയിൽ ഏറ്റവും തീക്ഷ്ണമായി പങ്കെടുത്തേനേ. പലവിചാരത്തോടെ നിൽക്കാൻ, ഒരു കടമപോക്കലായി കാണുവാൻ നമുക്ക് കഴിയില്ലായിരുന്നു.

  വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമായി മാറുകയാണ് എന്നത് തെളിയിക്കുന്ന ഒരു സംഭവം ഇതാ…

  പതിമൂന്നാം നൂറ്റാണ്ടിൽ പാരീസിലാണ് ഈ സംഭവം നടക്കുന്നത്. അവിടെ കത്തോലിക്കാ സഭയോട് അമിതമായ പകയും വിദ്വേഷവുമുള്ള ഒരു വ്യക്തി ഉണ്ടായിരുന്നു. ക്രിസ്ത്യാനികളെ എങ്ങനെ ദ്രോഹിക്കാം എന്നതു മാത്രമായിരുന്നു അയാളുടെ ചിന്ത. വാക്കുകൾ കൊണ്ട് ക്രിസ്തുവിനെ അപമാനിക്കുവാനും ക്രൈസ്‌തവ വിശ്വാസത്തെ ചീത്ത പറയുവാനും കിട്ടുന്ന അവസരങ്ങളെല്ലാം അയാൾ ഉപയോഗിച്ചിരുന്നു. കൂദാശകളെയും സഭയുടെ വിശ്വാസത്തെയും വിശുദ്ധ കുർബാനയെയും ഏറെ ദേഷ്യത്തോടെ കണ്ടിരുന്ന അയാൾ ഒരിക്കൽ ആശീർവദിച്ച തിരുവോസ്തി മോഷ്ടിച്ചു.

  അതുവരെ കത്തോലിക്കാ വിശ്വാസത്തോടും ക്രിസ്തുവിനോടും അയാളുടെ മനസ്സിൽ തോന്നിയ ദേഷ്യം മുഴുവന്‍ തീർക്കാൻ അയാൾ ഒരു കത്തിയെടുത്ത് തിരുവോസ്തിയിൽ കുത്തി. പെട്ടന്ന് ആ തിരുവോസ്തിയിൽ നിന്നും രക്തം ഒഴുകുവാൻ തുടങ്ങി. അവിടെയാകെ രക്തം പടർന്നു. ഇതുകണ്ട് ഭയപ്പെട്ട അയാൾ ഉടൻതന്നെ തിരുവോസ്തിയെടുത്ത് തീയിലിട്ടു. പെട്ടന്ന് കത്തിനശിക്കും എന്നു കരുതിയ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ തിരുവോസ്തി തീയ്ക്കു മുകളിലൂടെ നീങ്ങിത്തുടങ്ങി.

  അയാൾ ആ ഓസ്തി എടുത്ത് തിളച്ച വെള്ളത്തിലിട്ടു. പെട്ടന്ന് നശിക്കും എന്നു കരുതിയ അയാൾക്ക്‌ വീണ്ടും നിരാശയും ഭയവും തന്നെയായിരുന്നു ഫലം. തിളച്ച വെള്ളത്തിൽ നിന്ന് പൊങ്ങിയ തിരുവോസ്തി കുരിശാകൃതിയിൽ ചലിച്ചു തുടങ്ങി. ഇത് കണ്ട് അതിയായി ഭയപ്പെട്ട അയാൾ അടുത്തുള്ള ഒരു ഇടവക വിശ്വാസി വഴി ആ തിരുവോസ്തി വൈദികനെ ഏൽപ്പിച്ചു.

  ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച ആ മനുഷ്യന്‍ പിന്നീട് വിശുദ്ധ കുർബാനയിൽ ആഴമായി വിശ്വസിക്കുവാൻ തുടങ്ങി.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ