സ്‌കൂള്‍ മേളകളും ക്ലസ്റ്റ്ര്‍ ക്ലാസ്സുകളും ഞായറാഴ്ചകളില്‍ നിന്ന് ഒഴിവാക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടണം: കത്തോലിക്ക കോണ്‍ഗ്രസ്

പാലക്കാട്: സ്‌കൂള്‍ മേളകളും ക്ലസ്റ്റ്ര്‍ ക്ലാസ്സുകളും ഞായറാഴ്ചകളില്‍ നിന്ന് ഒഴിവാക്കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

ഒറ്റപ്പാലം ഉപജില്ലാ കായികമേള മൂന്നാം തീയതി ഞായറാഴ്ച നടത്താന്‍ ഒറ്റപ്പാലം എ.ഇ.ഒ ഉത്തരവിട്ടിരിക്കുന്നു. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ ഞായറാഴ്ച, തൃശൂര്‍ ജില്ലയിലെ പ്രധാനാധ്യാപകര്‍ നിര്‍ബന്ധമായും രാവിലെ ഒമ്പതു മണിക്ക് ഹാജരാകുകയും, ജില്ല-ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസര്‍മാര്‍ ഹാജര്‍ രേഖപ്പെടുത്തി, റിപ്പോര്‍ട്ട് അന്നുതന്നെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് തൃശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. ഞായറാഴ്ച ദിവസം ഇത്തരത്തില്‍ ഹാജര്‍ ഉറപ്പാക്കണമെന്ന ഉത്തരവ് ക്രൈസ്തവ സമുദായത്തോടുള്ള കടുത്ത അവഗണനയും ന്യൂനപക്ഷ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ്.

ഞായറാഴ്ച ദിവസം, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവാരാധനയ്ക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളതും വിശുദ്ധമായി ആചരിക്കേണ്ടതുമായ ദിവസമാണ്. സഭയുടെ ആരംഭകാലം മുതല്‍ ഞായറാഴ്ച ദിവസം പൊതുഅവധി ദിവസമാണ്. ഞായറാഴ്ച, ക്രൈസ്തവ വിശ്വാസികള്‍ക്ക് നിര്‍ബന്ധമായും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കേണ്ടതും മതബോധനം നടത്തേണ്ടതുമായ ദിവസമാണ്. സ്‌കൂള്‍ കലാ- കായിക-ശാസ്ത്ര മേളകള്‍, ക്ലസ്റ്റ്ര്‍ ക്ലാസ്സുകള്‍ തുടങ്ങിയവ ഞായറാഴ്ച ദിവസങ്ങളില്‍ നടത്തുന്നത് ഘട്ടംഘട്ടമായി ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കി മാറ്റാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നു. ഇത് ന്യൂനപക്ഷ സമുദായമായ ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണ്. ഇക്കാര്യത്തില്‍ ക്രൈസ്തവ സമുദായത്തിനുള്ള കടുത്ത ദു:ഖവും ആശങ്കയും യോഗം രേഖപ്പെടുത്തി. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം, ഒറ്റപ്പാലം ഉപജില്ലാ കായികമേള ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ ഞായറാഴ്ച ദിവസം നടത്താതിരിക്കുവാന്‍ ആവശ്യമായ നടപടികള്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉടന്‍ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, ട്രഷറര്‍ മാത്യു കല്ലടിക്കോട്, ഗ്ലോബല്‍ സെക്രട്ടറി മോഹന്‍ ഐസക്, രൂപത വൈസ് പ്രസിഡന്റുമാരായ ജോസ് മുക്കട, ഷേര്‍ളി റാവു, സെക്രട്ടറിമാരായ അഡ്വ. റെജിമോന്‍ ജോസഫ്, അഡ്വ. ബോബി പൂവ്വത്തിങ്കല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജെയിംസ് പാറയില്‍, ജോമി മാളിയേക്കല്‍, ജീജോ അറയ്ക്കല്‍, സണ്ണി കലങ്ങോട്ടില്‍, ബെന്നി ചിറ്റേട്ട്, ബാബു പ്രാക്കുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.