വയോധികരുടെ ഏകാന്തത കൊറോണയേക്കാള്‍ ഭീകരം! അത്മായര്‍ക്കും കുടുംബത്തിനും ജീവനുമായുള്ള ഡിക്കാസ്റ്ററിയുടെ സന്ദേശം

അത്മായര്‍ക്കും കുടുംബത്തിനും ജീവനുമായുള്ള ഡിക്കാസ്റ്ററിയുടെ സന്ദേശം…

അപ്രതീക്ഷിതമായ ഒരു കോളിളക്കത്തില്‍പ്പെട്ട നാമെല്ലാവരും ഒരേ തോണിയിലാന്നെന്ന പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ ഉദ്ധരിച്ചു തുടങ്ങുന്ന പ്രസ്താവനയില്‍ അതേ തോണിയില്‍ വയോധികരും ഉണ്ടെന്നും അവരെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുന്നതെന്നും, ജീവിതത്തില്‍ അവര്‍ നമ്മോടു കാണിച്ച സ്‌നേഹത്തിന് മറിച്ചുനല്‍കാന്‍ സഭയുടെ മാതൃസ്പര്‍ശം എത്തട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

ഇന്നത്തെ ദുസ്സഹായവസ്ഥയില്‍ ഏറ്റവും കൂടുതല്‍ വില കൊടുക്കുന്ന 80 % വും 70 വയസ്സ് കഴിഞ്ഞവരാണെന്ന് ഇറ്റലിയിലെ കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പാപ്പാ പറഞ്ഞ ഏകാന്തത, ഒരു രോഗമാകാം. എന്നാല്‍ ഉപവിയില്‍, അടുപ്പവും ആത്മീയആശ്വാസവും കൊണ്ട് അതിനെ സുഖമാക്കാനാവും എന്ന വാക്കുകള്‍ ഓര്‍ത്ത്, കൊറോണ വൈറസ് ഒരു ദുര്‍ബലശരീരത്തെ മാരകമാക്കുന്ന നേരത്ത് അതിനേക്കാള്‍ മുന്നേ പലരിലും അതിനെ ദുര്‍ബലമാക്കുന്ന ഏകാന്തത എന്ന അസുഖത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുന്ന ലേഖനത്തില്‍ ഇന്ന് നമ്മള്‍ കാണുന്ന മരണങ്ങളുടെ ഭയാനകമായ നിരക്ക്, കുടുംബങ്ങളില്‍ നിന്ന് അകലുമ്പോഴുള്ള ഹൃദയഭേദകമായ ഏകാന്തത വരുത്തുന്ന ദുര്‍ബ്ബലതയിലേയ്ക്കാ‌ണ് വിരല്‍ചൂണ്ടുന്നത് എന്നു പറയുന്നു.

അതിനാല്‍ ഈ അനാഥത്വം ഒഴിവാക്കാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുകയെന്നാല്‍ അനേകം ജീവന്‍ രക്ഷിക്കുക എന്നതാണെന്ന് പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. പ്രായമായവര്‍ക്കായി ചെയ്തിരുന്ന ഒരുപാട് സംരംഭങ്ങള്‍ ഈ അവസരത്തില്‍ പ്രായോഗികമല്ലാത്തതിനാല്‍ പുതിയ വഴികളിലൂടെ ഫോണ്‍ വിളികളിലും, വീഡിയോ വിളികളിലും, സന്ദേശങ്ങളിലും കത്തുകളിലും ഒക്കെക്കൂടി ഒറ്റപ്പെട്ടവരുടെയടുത്ത് എത്താന്‍ ആഹ്വാനം ചെയ്യുന്നു. വീട് വിട്ട് പുറത്തുപോകാന്‍ കഴിയാത്ത വൃദ്ധര്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനും, കൂദാശകള്‍ എത്തിക്കാനും വൈദീകരും ഇടവകകളും സന്നദ്ധസേവകരും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍, സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ, അവര്‍ക്കായി ഇനിയും കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുന്നുവെന്നും അതിനുള്ള കൂട്ടുത്തരവാദിത്വം ഏറ്റെടുക്കണമെന്നും എല്ലാ മനുഷ്യജീവനും അമൂല്യമാണെന്നു തിരിച്ചറിഞ്ഞ് നമ്മുടെ മാതാപിതാക്കളോടും അപ്പൂപ്പന്‍-അമ്മൂമ്മമാരോടും നന്ദിയുള്ളവരായിരിക്കാനും അവരെ ഈ കൊടുങ്കാറ്റില്‍ സംരക്ഷിക്കാനും കൊറോണാ കൂടുതല്‍ മാരകമാകുന്നത് ഏകാന്തതയിലാണെന്നതിനാല്‍ അവരെ അനാഥരാക്കാതെ കാക്കാനും ആവശ്യപ്പെടുന്നു.

വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഭയാനകമാണെന്നും ഓരോ ദിവസവും ആയിരങ്ങളാണ് മരിക്കുന്നതെന്നും ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ഒറ്റയ്ക്കും അസുഖങ്ങളിലും പെട്ടുപോകുന്നവരെ രക്ഷിക്കുക ഏതൊരു ജീവനെയും രക്ഷിക്കുന്നതു പോലെ പ്രാധാന്യമേറിയതു തന്നെയാണെന്നും മുതിര്‍ന്നവര്‍ സഭയുടെ വര്‍ത്തമാനവും ഭാവിയുമാണെന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഓര്‍ക്കാമെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.

ഇന്നു നാം അനുഭവിക്കുന്ന വേദനകളില്‍ ഭാവിയെ മുന്നില്‍ക്കാണാന്‍ നമ്മളെ വിളിക്കുന്നു. ഒരുപാട് മക്കളുടെ മാതാപിതാക്കളോടും അപ്പൂപ്പനമ്മൂമ്മമാരോടുമുള്ള സ്‌നേഹത്തില്‍, ശുശ്രൂഷ നല്‍കുന്നവരില്‍, യേശുവിന്റെ കുഴിമാടത്തിനരികെ എത്തിയ സ്ത്രീകളുടെ ദയ നമ്മള്‍ പുനര്‍ജ്ജീവിക്കുന്നു. അവരെപ്പോലെ നമുക്കും ഭയമുണ്ട്. അകലം പാലിച്ചാണെങ്കിലും യേശു പഠിപ്പിച്ച കാരുണ്യം ജീവിക്കാതിരിക്കാനാവില്ല എന്ന് നമുക്കറിയാം.

പ്രാര്‍ത്ഥനയോടെ നമ്മുടെ മുതിര്‍ന്നവര്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പം നില്‍ക്കാം. നമ്മുടെ ചിന്തകളിലും ഹൃദയത്തിലും. അവരെ തനിച്ചാക്കി വിടാതിരിക്കാന്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമാകുമ്പോള്‍ പ്രവര്‍ത്തനനിരതരാകാം എന്ന് ആഹ്വാനം ചെയ്താണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.