അസ്റ്റോർഗയിലെ രക്തസാക്ഷികളായ നഴ്സുമാർ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തിൽ ക്രൈസ്തവർക്കെതിരായ പീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ച നഴ്സുമാരായ പിലാർ, ഓൾഗ, ഒക്‌ടേവിയ എന്നിവരെ മെയ് 29-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. അസ്റ്റോർഗയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വച്ചായിരിക്കും പ്രഖ്യാപനം.

“വ്യക്തിപരമായ സഹനങ്ങൾ യേശു വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്. ഈ മൂന്നു നേഴ്‌സുമാരും അവരുടെ യഥാർത്ഥ കുരിശ് ആഭരണമാക്കിയവരാണ്” – അസ്റ്റോർഗെയുടെ ബിഷപ്പ് മോൺ. ജീസസ് ഫെർണാണ്ടസ് പറഞ്ഞു.

ക്രൂരമായ ക്രൈസ്തവപീഡനം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് 1936 ഒക്ടോബർ മാസത്തിൽ അസ്റ്റൂറിയാസിലെ പ്യുർട്ടോ ഡി സോമിഡോ ആശുപത്രിയിൽ ആക്രമണമുണ്ടായി. പലായനം ചെയ്യുവാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും മൂന്നുപേരും രക്ഷപെടുവാനുള്ള ശ്രമം ഉപേക്ഷിക്കുകയും പരിക്കേറ്റവരെ സംരക്ഷിക്കുവാൻ വേണ്ടി അവിടെത്തന്നെ തുടരുവാനും തീരുമാനിച്ചു. എന്നാൽ അവര്‍ പിന്നീട് ആശുപത്രിയിലെ മറ്റുള്ളവരോടൊപ്പം അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. തുടർന്ന് ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാൻ അക്രമികള്‍ അവരെ നിര്‍ബന്ധിച്ചു. എന്നാല്‍ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാൻ തയ്യാറാകാത്ത ആ മൂന്നു പേരെയും അവര്‍ ക്രൂരമായി ഉപദ്രവിക്കുവാനാരംഭിച്ചു. പിന്നീട് നഗ്നരാക്കി ഒരു പുൽമേട്ടിൽ കൊണ്ടുപോയി വെടിവച്ചു കൊന്നു.

യേശുവിലുള്ള വിശ്വാസത്തെ ഉപേക്ഷിക്കുവാൻ തയ്യാറാകാത്ത അവരെ പൊതുശ്‌മശാനത്തിലാണ് അടക്കം ചെയ്തത്. 1938-ൽ ആസ്റ്റർഗേ കത്തീഡ്രലിൽ അവരുടെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തു. അങ്ങേയറ്റം ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ അവരുടെ രക്തസാക്ഷിത്വം വളരെ വേഗം തന്നെ സഭ അംഗീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.