തന്റെ ചികിത്സയ്‌ക്കായി ചിത്രം വരച്ച് പണം കണ്ടെത്തിയ കുഞ്ഞു ഡാനിയേൽ യാത്രയായി

സ്വന്തം ഓപ്പറേഷനും ചികിത്സയ്ക്കുമായി പരിശുദ്ധ കന്യകാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും ചിത്രങ്ങള്‍ വരച്ച് പണം കണ്ടെത്തുവാൻ ശ്രമം നടത്തിയ കുഞ്ഞു ഡാനിയേൽ യാത്രയായി. കോവിഡ് ബാധിതനായി രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു ഡാനിയൽ നെവേസ് എന്ന ബ്രസീലിയൻ ബാലൻ. ജനിച്ച് എട്ടു മാസം പ്രായമുള്ളപ്പോൾ മുതൽ പോളി സിസ്റ്റിക് കിഡ്‌നി രോഗം, ലിവർ ഫൈബ്രോസിസ്, പ്ലീഹ പ്രശ്നങ്ങൾ എന്നിവ ഡാനിയേലിന്റെ ജീവിതം എന്നും ആശുപത്രിയിൽ ചിലവഴിക്കുവാൻ അവനെ നിർബന്ധിതനാക്കി.

അഞ്ചു വയസുള്ളപ്പോൾ മുതൽ വൃക്കകൾ പ്രവർത്തിക്കാത്തതിനാൽ ഡയാലിസിസിന് വിധേയനായി. ആശുപത്രിയിലെ ഇടവേളകളിലാണ് തന്റെ വരയ്ക്കുവാനുള്ള കഴിവ് ഡാനിയൽ സ്വയം കണ്ടെത്തുന്നത്. സാവോ പോളോയിലെ ആശുപത്രിയിൽ സ്ഥിരമായി ചികിത്സയിലായിരുന്നു ഈ പതിമൂന്നുകാരൻ. ‘ഔർ ലേഡി ഓഫ് കിഡ്നിസ്’ എന്ന പേരിട്ട കുഞ്ഞു ഡാനിയേൽ വരച്ച പരിശുദ്ധ അമ്മയുടെ ചിത്രം വളരെയധികം പ്രചാരം നേടിയിരുന്നു. തന്റെ ഓപ്പറേഷനിൽ പരിശുദ്ധ അമ്മ തന്നെ പ്രത്യേകമാംവിധം കാത്തുകൊള്ളും എന്ന് അവൻ ഉറച്ചുവിശ്വസിക്കുകയും ചെയ്തു. കോവിഡ് ബാധിതനായി 13 ദിവസം ചികിത്സയിലായിരുന്ന കുഞ്ഞു ഡാനിയേൽ മെയ് 18-നാണ് മരണമടഞ്ഞത്.

“ഇനി മുതൽ തന്റെ വരകളാൽ അവൻ സ്വർഗ്ഗത്തെ കൂടുതൽ വർണ്ണാഭമാക്കും. എല്ലാ ദിവസവും ഞങ്ങൾക്ക് നിന്നെയും നിന്റെ ചിത്രങ്ങളെയും മിസ് ചെയ്യും. പ്രിയ ഡാനി, സമാധാനത്തോടെ വിശ്രമിക്കുക” – ഡാനിയേലിന്റെ അമ്മ ക്ലെയ്‌ഡ്‌ നെവേസ് പറഞ്ഞു. തന്റെ കഴിവുകളാലും മാധുര്യമുള്ള ഇടപെടലുകളാലും മറ്റുള്ളവരുടെ ഹൃദയത്തെ ആകർഷിച്ച സഹനങ്ങളുടെ കുഞ്ഞുമാലാഖയ്ക്ക് ദൈവം നിത്യശാന്തി നൽകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.