നൽകലിലൂടെ ലഭിക്കുന്ന ജീവന്‍ – സ്കൌട്ട് അംഗങ്ങളോട് പാപ്പാ

നല്‍കലാണ് ജീവിതത്തിന്‍റെ വിജയരഹസ്യം എന്ന് മാര്‍പ്പാപ്പാ. ജൂലൈ 27 മുതല്‍ ആഗസ്റ്റ് 3 വരെ റോമില്‍ സംഘടിപ്പിക്കപ്പെട്ട സ്ക്കൗട്ടുകളുടെ  സമ്മേളനത്തില്‍ പങ്കെടുത്ത അയ്യായിരത്തോളം പേരുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം ഓർമ്മിപ്പിച്ചത്.  “കൊടുക്കുവിന്‍, നിങ്ങള്‍ക്കും കിട്ടും” ലൂക്കായുടെ സുവിശേഷം ആറാം അധ്യായത്തിലെ മുപ്പത്തിയെട്ടാമത്തെ ഈ വാക്യത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ സംസാരിച്ചത്.

സ്കൌട്ട് അംഗങ്ങളും അവരെ നയിക്കുന്നവരും നീണ്ടയാത്രയ്ക്കു ശേഷമാണ് പോള്‍ ആറാമന്‍ ശാലയില്‍ സമ്മേളിച്ചിരിക്കുന്നത്. ഇപ്പോൾ അവരനുഭവിക്കുന്ന സ്വാതന്ത്ര്യം മൊബൈല്‍ ഫോണുമായി മുറിയില്‍ അടച്ചിരിക്കുകയോ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വഴുതിമാറുകയോ ചെയ്താല്‍ അത് ലഭിക്കുകയില്ലെന്നും മറ്റുള്ളവരുമൊത്ത് പടിപടിയായുള്ള സഞ്ചാരത്തിലൂടെ കൈവരുന്നതാണ് ഈ സ്വാതന്ത്ര്യമെന്നും പാപ്പാ വ്യക്തമാക്കി.

ഭിന്ന കാലഘട്ടങ്ങളില്‍ യുറോപ്പിലൂടെ കടന്നുപോയ മഹാവിശുദ്ധരുമായുള്ള കൂടിക്കാഴ്ചയുടെ 5 ഘട്ടങ്ങള്‍ സക്കൗട്ട് അംഗങ്ങളുടെ ഈ പ്രയാണത്തിന് ഉണ്ടായിരുന്നുവെന്നും ഈ വിശുദ്ധരെല്ലാം ജീവിതത്തില്‍ നിന്നോ, മറ്റുള്ളവരില്‍ നിന്നോ ഒന്നും പ്രതീക്ഷിക്കാതെ ദൈവത്തില്‍ പൂര്‍ണ്ണമായി ശരണം വച്ചവരാണെന്നും അവര്‍ ജീവന്‍ തങ്ങള്‍ക്കായി കാത്തുസൂക്ഷിക്കാതെ നല്‍കുകകയാണ് ചെയ്തതെന്നും പാപ്പാ പറഞ്ഞു.

നമ്മുടെ ഈ കാലഘട്ടത്തില്‍ എല്ലാം കൈവശപ്പെടുത്താനും ഇഷ്ടപ്പെടുന്നതെല്ലാം സ്വന്തമാക്കാനുമുള്ള പ്രവണത ശക്തമാണെന്ന് പറഞ്ഞ പാപ്പാ, ആരും തന്നെ സംതൃപ്തരല്ലെന്നും ഒന്നു കിട്ടിക്കഴിയുമ്പോള്‍ മറ്റൊന്നിന്‍റെ പിന്നാലെ, അങ്ങനെ അവസനാമില്ലാതെ പരക്കംപാച്ചില്‍ തുടരുകയാണെന്നുമുള്ള വസ്തുത ചൂണ്ടിക്കാട്ടി. എന്നാല്‍, യേശു ഊന്നല്‍ നല്കുന്നത് “കൈവശമാക്കുന്നതിനല്ല” മറിച്ച് “നല്കുന്ന”തിനാണ് എന്നും നല്കുക എന്നതിനര്‍ത്ഥം അവനവനിലേയ്ക്ക് ചുരുങ്ങുന്നതായ പര്യങ്കത്തില്‍ നിന്ന്, സുഖസൗകര്യങ്ങളില്‍ നിന്ന് എഴുന്നേറ്റ് പുറത്തേയ്ക്കു യാത്ര ചെയ്യുക എന്നാണെന്നും പാപ്പാ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.