ദൈവവിളി സ്വീകരിക്കാൻ മടിച്ച് പൈലറ്റായി; പിന്നീട് വി. പാദ്രേ പിയോയെ കണ്ടുമുട്ടിയതിനു ശേഷം വൈദികൻ

1972 മുതൽ ബ്രസീലിൽ ജീവിച്ചിരുന്ന ഒരു ഇറ്റാലിയൻ മിഷനറി പുരോഹിതനാണ് ജിയോവാന്നി മെസ്സാദ്രി. വർഷങ്ങളോളം തനിക്കുണ്ടായ ദൈവവിളിയെ അവഗണിച്ചുകൊണ്ട് ജീവിച്ച അദ്ദേഹം വി. പാദ്രേ പിയോയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ അടുക്കൽ കുമ്പസാരിക്കുകയും ചെയ്ത ശേഷം ഒരു പുരോഹിതനായി മാറുകയും ചെയ്തു. ദൈവവിളിയുടെ വ്യത്യസ്‍തമായ വഴികളിലൂടെ സഞ്ചരിച്ച ഒരു യുവാവിന്റെ ജീവിതം വായിച്ചറിയാം…

1937 ഏപ്രിൽ 19 -ന് ഇറ്റലിയിലെ പാർമയിൽ ജനിച്ച മെസ്സാദ്രിക്ക് കുട്ടിക്കാലത്ത് ഒരു മിഷനറി മാസിക ലഭിച്ചു. അതിൽ രേഖപ്പെടുത്തിയ ഒരു വാചകം കുഞ്ഞുമെസ്സാദ്രിയുടെ ഉള്ളിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. അത് ഇപ്രകാരമായിരുന്നു: “ലോകത്ത് യേശുവിനെ അറിയാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ സുവിശേഷകർ കുറവാണ്.”

“എനിക്ക് ദൈവവിളി സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ടായെങ്കിലും ഞാൻ അത് തീരെ ഗൗനിച്ചില്ല. ഒരു കാമുകിയെ കണ്ടെത്തുക എന്ന മാർഗ്ഗം സ്വീകരിക്കാൻ ഞാൻ ആഗ്രഹിച്ചു” – ഫാ. ജിയോവാന്നി പറഞ്ഞു. ഒരു കാമുകി ജീവിതത്തിലേക്ക് കടന്നുവന്നാൽ ദൈവവിളി എന്ന ചിന്ത അദ്ദേഹത്തിൽ നിന്ന് മാറിപ്പൊയ്ക്കൊള്ളും എന്ന ചിന്തയായിരുന്നു അതിനു പിന്നിൽ. പക്ഷേ, ഡേറ്റിംഗിനിടയിലും മനസ്സിൽ തനിക്കു ലഭിച്ച ദൈവവിളിയെക്കുറിച്ചു തന്നെയായിരുന്നു ചിന്ത. ഒടുവിൽ ചിന്തയെ മാറ്റാനായി ജിയോവാന്നി ഒരു പൈലറ്റ് ആകാനായി ഇറ്റാലിയൻ എയ്‌റോനോട്ടിക്സിൽ ചേരാൻ തീരുമാനിച്ചു.

“ഏറ്റവും സങ്കീർണ്ണമായ വിമാനങ്ങൾ ഓടിക്കുമ്പോൾ അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരുമെന്ന് കരുതി” – ഫാ. ജിയോവാന്നി വെളിപ്പെടുത്തി. പഠനത്തിനായുള്ള അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് വി. പാദ്രേ പിയോ താമസിച്ചിരുന്ന റോട്ടുണ്ടയിലേക്ക് പോകാൻ തീരുമാനിക്കുന്നത്. “അങ്ങനെ അവിടെ കുറച്ചു ദിവസം താമസിച്ചു. കുമ്പസാരത്തിഞാൻ സമയത്ത് എനിക്ക് ലഭിച്ച വിളി എന്നെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യം അദ്ദേഹത്തോട് ഞാൻ വെളിപ്പെടുത്തി. അത് കേട്ടമാത്രയിൽ അദ്ദേഹം എന്നെ നോക്കിയിട്ട് ചോദിച്ചു, ‘എന്ത് പ്രലോഭനം? നിങ്ങൾ കഴിഞ്ഞ മൂന്നു വർഷമായിട്ട് ദൈവവിളിക്ക് എതിരാണല്ലോ.’ ആ സമയം എനിക്ക് ദൈവത്തിൽ നിന്ന് വലിയ കൃപ ലഭിക്കുന്നതായി തോന്നി” – ഫാ. ജോയോവാന്നി കൂട്ടിച്ചേർത്തു.

അന്നേ ദിവസം കൃപയുടെ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കപ്പെടുകയായിരുന്നു. കുമ്പസാരം കഴിഞ്ഞിറങ്ങിയപ്പോൾ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപവും വഹിച്ചുകൊണ്ടുള്ള ഒരു പ്രദക്ഷിണം അവിടെ നടക്കുകയായിരുന്നു.

“പാദ്രേ പിയോ ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. പക്ഷേ എനിക്ക് ലഭിച്ച വിളിയെ പിന്തുടരാനുള്ള വലിയ ശക്തി എനിക്ക് അദ്ദേഹത്തിൽ നിന്നു ലഭിച്ചിരുന്നു.” പരിശുദ്ധ അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം പിന്നീട് ഭവനത്തിലേക്കു മടങ്ങി. എയർ ഫോഴ്‌സിൽ നിന്ന് വിരമിച്ചുകൊണ്ട് ഒരു വൈദികാർത്ഥിയായി സവേരിയൻ മിഷനറി സഭയിൽ അദ്ദേഹം ചേർന്നു. 1970 സെപ്റ്റംബർ 27 -ന് പരോഹിത്യം സ്വീകരിച്ച ഫാ. ജിയോവാന്നി ഇപ്പോൾ ബ്രസീലിലെ ഹോർട്ടോലാൻഡിയയിലെ സാവോ ഗൈഡോ മരിയ കോൺഫ്രൺടി ഇടവകയിലാണ് സേവനം ചെയ്യുന്നത്.

“പാദ്രേ പിയോയോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. അദ്ദേഹത്തെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഒരു വൈദികനായിരിക്കാനുള്ള കൃപ എനിക്ക് ലഭിക്കില്ലായിരുന്നു. ഒരു പുരോഹിതനായിരിക്കുക എന്നതിനേക്കാൾ വലിയ കൃപ മറ്റെന്താണുള്ളത്? പാപിയായ എന്നെ യേശു തന്റെ കരുണ ചൊരിയുവാനും പാപങ്ങൾ ക്ഷമിക്കാനും ഉപയോഗിക്കുന്നു. കുമ്പസാരിപ്പിക്കാനും പരിശുദ്ധ ബലിയർപ്പിക്കാനും കഴിയുന്നത് വലിയൊരു അനുഗ്രഹമാണ്” – ഫാ. ജിയോവാന്നി പറയുന്നു.

തനിക്കു ലഭിച്ച വിളിയിൽ നിന്ന് ഒളിച്ചോടുവാൻ പലവിധ മാർഗ്ഗങ്ങളും തേടിയ ഫാ. ജിയോവാന്നിയെ തിരഞ്ഞെടുക്കാൻ ദൈവം പാദ്രേ പിയോ എന്ന വിശുദ്ധനെത്തന്നെ അയച്ചതിൽ ഈ പുരോഹിതൻ നന്ദിയുള്ളവനാണ്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.