സഹനവഴിയിലൂടെ വിശുദ്ധിയിലേക്ക് സഞ്ചരിച്ച വൈദികന്റെ ജീവിതം സിനിമയാക്കുന്നു

1985-ലെ മൊണ്ടാന ഗോൾഡൻ ഗ്ലോവ്സ് ചാമ്പ്യൻഷിപ്പ് നേടിയ സ്‌റ്റുവർട്ട് ലോങ്ങ് എന്ന ചെറുപ്പക്കാരൻ. ആ ചെറുപ്പക്കാരനെ സംബന്ധിച്ച് ദൈവത്തിന്റെ പദ്ധതി വലുതായിരുന്നു. തന്റെ പൗരോഹിത്യത്തിലേയ്ക്ക് ദൈവം തിരഞ്ഞെടുത്ത സ്‌റ്റുവർട്ട് ലോങ്ങ് എന്ന ആ ചെറുപ്പക്കാരൻ താണ്ടിയത് സഹനത്തിന്റെ വഴികളും. സഹനവഴികളിൽ വിശുദ്ധിയുടെ പരിമളം പരത്തിയ ആ വൈദികന്റെ ജീവിതം സിനിമയാക്കുകയാണ് മെൽഗിബ്‌സൺ. ആ വൈദികന്റെ ജീവിതത്തെ അറിയാം…

ബോക്സിങ്ങിൽ, ‘ഭാവിയുടെ വാഗ്‌ദാനം’ എന്ന് വിദഗ്ധർ വിശേഷിപ്പിച്ച ചെറുപ്പക്കാരൻ. എന്നാൽ തന്റെ മേഖലയിൽ ഏറ്റവും മികച്ച സമയത്തേയ്ക്കുള്ള കുതിച്ചുചാട്ടത്തിൽ – ഒരു മത്സരത്തിൽ – മുഖത്തിന് സാരമായി പരിക്കേറ്റ അവന് പിന്നീട് പ്ലാസ്റ്റിക് സർജറിക്കടക്കം വിധേയനാകേണ്ടി വന്നു. പിന്നീട് ബോക്സിങ് ഉപേക്ഷിച്ച് അഭിനയത്തില്‍ ഒരുകൈ നോക്കി. പക്ഷേ, ഒന്നു-രണ്ടു പരസ്യചിത്രങ്ങളിൽ ഒതുങ്ങിപ്പോയ തന്റെ മേഖല മറ്റേതോ ആണെന്ന ബോധ്യം ആ ചെറുപ്പക്കാരന് ഉണ്ടായിത്തുടങ്ങിയിരുന്നു.

അതിനുശേഷം ലോങ്ങ് ഒരു മ്യൂസിയത്തിലെ മാനേജരായി ഏഴു വർഷം ജോലി ചെയ്തു. ഒരു ദിവസം ജോലി കഴിഞ്ഞ് തിരികെ പോകുമ്പോൾ ലോങ്ങിന് ഒരു വാഹനാപകടം സംഭവിക്കുകയും ദീർഘകാലം ആശുപത്രിയിലാകുകയും ചെയ്തു. “ഞാൻ കാറിൽ നിന്ന് തെറിച്ചുപോകുകയും റോഡിൽ കൂടി ഉരുളുകയും ചെയ്തു. പെട്ടന്ന് എന്റെ ശരീരത്തിലൂടെ മറ്റൊരു കാർ കയറിപ്പോയി. എല്ലാവരും വിചാരിച്ചത് എന്റെ ജീവിതം അവസാനിച്ചു എന്നാണ്. പക്ഷേ, ഞാൻ ഇപ്പോൾ ഇവിടെയുണ്ട്” – സ്‌റ്റുവർട്ട് പറഞ്ഞു.

ഇതിനിടയിൽ സ്റ്റുവർട്ടിന് തന്റെ യാഥാർത്ഥ വിളിയെക്കുറിച്ച് ബോധ്യമുണ്ടായി. വളരെ ആത്മീയപരമായ അനുഭവങ്ങളിലൂടെയാണ് ലോങ്ങ് കടന്നുപോയത്. വീട്ടിലേക്ക് തിരികെ പോയപ്പോഴേയ്ക്കും വ്യക്തമായ ഒരു തീരുമാനമെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അങ്ങനെ 2003-ൽ ഒറിഗോൺസ് മൗണ്ട് ഏഞ്ചൽ സെമിനാരിയിൽ ചേരുകയും 2007-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. കഥ അവിടെ അവസാനിക്കുന്നില്ല. വൈദികനായിരിക്കെ, വളരെ വിരളമായി മാത്രം ആളുകളില്‍ കാണപ്പെടുന്ന ഒരു മസ്കുലാർ രോഗം ഫാ. ലോങിന് ബാധിച്ചു. ക്രച്ചസ്സിൽ നിന്ന് മോട്ടോറൈസ്ഡ് വീൽ ചെയറിലേക്ക് മാറ്റപ്പെടുകയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ജീവിതം. അങ്ങനെ 2016-ൽ ആ വിശുദ്ധ പുരോഹിതൻ മരണമടഞ്ഞു. ഹെലേന രൂപതയ്ക്കുണ്ടായ വലിയ നഷ്ടം എന്നായിരുന്നു ആ മരണത്തെ ഏവരും വിശേഷിപ്പിച്ചത്.

2016 മുതൽ ഫാ. ലോങ്ങിന്റെ ജീവിതം ഒരു ഫീച്ചർ സിനിമയാക്കുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ജീവിതം കേട്ടയുടൻ സംവിധായകനായ ഡേവിഡ് ഓ റസ്സൽ ആണ് ഇതിന് മുൻകൈ എടുത്തത്. അങ്ങനെ വിഖ്യാത സംവിധായകനും നടനുമായ മെൽഗിബ്‌സന്റെ ജീവിതപങ്കാളി റോസലൻഡ് റോസ് തിരക്കഥ എഴുതുകയും മെൽഗിബ്‌സണും വെൽബെർഗും ചേർന്ന് അഭിനയിക്കുമെന്നും തീരുമാനിച്ചിരിക്കുകയാണ്.

ഹെലേന രൂപതയുടെ വലിയ നഷ്ടത്തിനെയും ഒരു സഹനപുരോഹിതന്റെ ജീവിതവിളിയെ ബഹുമാനിക്കുവാൻ കഴിയുന്നതിന്റെയും സന്തോഷത്തിലാണ് മെൽഗിബ്‌സണും പങ്കാളികളും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.