ചിരിച്ചുകൊണ്ട് മരിച്ച രക്തസാക്ഷി: നാസികൾ ജയിലിലടച്ച ഒരു വൈദികന്റെ ജീവിതം

നാസികളുടെ ക്രൂരതകൾക്കുനേരെ ശബ്ദമുയർത്തുകയും കത്തോലിക്കാ മാസികകൾ പ്രസിദ്ധീകരിക്കുകയും ചെയ്തതിന് ഡച്ചാവു തടങ്കൽപ്പാളയത്തിൽ തടവിലാക്കപ്പെട്ട ജെസ്യൂട്ട് വൈദികനും പത്രപ്രവർത്തകനുമായിരുന്നു ഫാ. അഡോൾഫ് കജ്പ്ര. 1945-ൽ ഡച്ചാവിൽ നിന്ന് മോചിതനായി അഞ്ച് വർഷത്തിനുശേഷം ഫാ. കജ്‌പ്രിനെ പ്രാഗിൽ കമ്മ്യൂണിസ്റ്റ് അധികാരികൾ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റം ആരോപിക്കുകയും ലേഖനങ്ങൾ എഴുതിയതിന് ജയിലിൽ അടയ്ക്കുകയും ചെയ്തു. ചിരിച്ചുകൊണ്ട് രക്തസാക്ഷിയായ ഈ വൈദികന്റെ ജീവിതം വായിച്ചറിയാം.

1902-ൽ ചെക്ക് റിപ്പബ്ലിക്കിലാണ് കജ്‌പ്ര ജനിച്ചത്. ജനിച്ച് ഒരു വർഷത്തിനുള്ളിൽ മാതാപിതാക്കൾ മരിച്ചു. ഒരു അമ്മായി കാജ്പ്രെയും സഹോദരന്മാരെയും ഏറ്റെടുക്കുകയും അവരെ കത്തോലിക്കാ വിശ്വാസം പരിശീലിപ്പിക്കുകയും ചെയ്തു. കുടുംബത്തിലെ ദാരിദ്ര്യം കാരണം കജ്‌പ്രയ്ക്ക് സ്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തത്ഫലമായി കൗമാരപ്രായത്തിൽ തന്നെ അദ്ദേഹം ജോലി ചെയ്യാൻ നിർബന്ധിതനായി.

തന്റെ ഇരുപതുകളുടെ തുടക്കത്തിൽ ചെക്കോസ്ലോവാക് സൈന്യത്തിൽ രണ്ടുവർഷത്തെ സൈനിക സേവനത്തിൽ ചേർന്നു. അതിനുശേഷം, ജെസ്യൂട്ടുകൾ നടത്തുന്ന പ്രാഗിലെ ഒരു സെക്കൻഡറി സ്കൂളിൽ അദ്ദേഹം ചേർന്നു. 1928-ൽ ജെസ്യൂട്ട് നോവിഷ്യറ്റിൽ ചേർന്ന കജ്‌പ്ര 1935-ൽ വൈദികനായി. 1937 മുതൽ പ്രാഗിലെ സെന്റ് ഇഗ്നേഷ്യസ് ഇടവകയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം രൂപതയുടെ സ്കൂൾ ഓഫ് തിയോളജിയിൽ തത്വചിന്ത പഠിപ്പിച്ചു. 1937-നും 1941-നും ഇടയിൽ അദ്ദേഹം നാല് മാസികകളുടെ എഡിറ്ററായിരുന്നു. 1941-ൽ അറസ്റ്റു ചെയ്യപ്പെടുന്നതുവരെ അദ്ദേഹം ഈടുറ്റ ലേഖനങ്ങൾ എഴുതി.

ഒന്നിലധികം നാസി തടങ്കൽപ്പാളയങ്ങളിൽ അദ്ദേഹം മാറിമാറി തടവിലായി. ക്യാമ്പിൽ നിന്നും മോചനം ലഭിക്കുമ്പോൾ അദ്ദേഹം ഡച്ചാവിലായിരുന്നു. പ്രാഗിലേയ്ക്ക് മടങ്ങിയെത്തിയ കജ്‌പ്ര, അദ്ധ്യാപനവും എഴുത്തും പുനരാരംഭിച്ചു. നിരീശ്വരവാദികൾക്കും മാർക്സിസത്തിനുമെതിരെ അദ്ദേഹം ആനുകാലികപ്രസക്തമായ ലേഖനങ്ങൾ എഴുതി. “ക്രിസ്തുവിനെ സേവിക്കുന്നതിൽ സമയം കണ്ടെത്തുക. സ്നേഹത്തോടും പുഞ്ചിരിയോടും കൂടെ സമയം ചെലവഴിക്കുക. ബലിപീഠത്തിലെ മെഴുകുതിരി പോലെ അപരർക്കായി സ്വയം എരിഞ്ഞു തീരുക” – ഫാ. കജ്പ്ര പറഞ്ഞു. ഒരു പത്രപ്രവർത്തകനെന്ന നിലയിലും പുരോഹിതനെന്ന നിലയിലും സുവിശേഷം പത്രത്താളുകളിൽ കൂടി വരെ പ്രഘോഷിക്കുവാൻ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം.

1945-ൽ ഡച്ചാവിൽ നിന്ന് മോചിതനായി അഞ്ച് വർഷത്തിനുശേഷം കജ്‌പ്രിനെ പ്രാഗിൽ കമ്മ്യൂണിസ്റ്റ് അധികാരികൾ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹ ലേഖനങ്ങൾ എഴുതിയതിന് 12 വർഷം വീണ്ടും ശിക്ഷിക്കുകയും ചെയ്തു. വൈദികനായ ശേഷം നീണ്ട വർഷങ്ങളാണ് അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നത്. അദ്ദേഹത്തിന്റെ വൈസ് പോസ്റ്റുലേറ്റർ പറയുന്നതനുസരിച്ച്, ഈ വൈദികൻ ജയിലിൽ തന്റെ സമയം ഒരു രഹസ്യശുശ്രൂഷയ്ക്കായി നീക്കിവച്ചിരുന്നു. തന്റെ സഹതടവുകാരെ തത്വചിന്തയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ബോധവത്കരിക്കുന്ന പ്രബോധങ്ങൾ അദ്ദേഹം അവിടെ വച്ചു നൽകി.

ഹൃദയാഘാതത്തെ തുടർന്ന് 1959 സെപ്റ്റംബർ 17-ന് ജയിൽ ആശുപത്രിയിൽ വച്ച് കജ്‌പ്ര അന്തരിച്ചു. അദ്ദേഹം മരിച്ച നിമിഷം ഒരു തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.

കമ്മ്യൂണിസ്റ്റുകാരും അദ്ദേഹത്തെ നീണ്ട തടവിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. ഈ പീഡനത്തിന്റെ ഫലമായിട്ടാണ് അദ്ദേഹം ജയിലിൽ വച്ച് മരിച്ചത്. പീഡനത്തിനിടയിലും സന്തോഷത്തോടെ ചിരിച്ചപ്പോൾ ദുർബലമായ അദ്ദേഹത്തിന്റെ ഹൃദയം തകർന്നു. ചിരിച്ചുകൊണ്ട് മരിച്ച രക്തസാക്ഷിയാണ് ഫാ. അഡോൾഫ് കജ്പ്ര. അദ്ദേഹത്തെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.