11 മക്കളുള്ള ഒരമ്മയുടെ ജീവിതവും പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥനയും

ശ്വാസകോശാർബുദം ബാധിച്ച് 556 ദിവസത്തെ കഠിനമായ ചികിത്സകളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയ 11 മക്കളുടെ അമ്മയായ അത്മായ സ്ത്രീയുടെ വിശുദ്ധജീവിതം. കുടുംബജീവിതത്തിലെ ദൈനംദിന സന്തോഷങ്ങളും ത്യാഗങ്ങളും നിറഞ്ഞ ജീവിതത്തിനു ശേഷം 1996-ൽ മരണമടഞ്ഞ അമ്പാരോയെ 2021ഏപ്രിൽ 24-നാണ് ഫ്രാൻസിസ് പാപ്പാ ധന്യയായി പ്രഖ്യാപിച്ചത്.

1925 മെയ് 26-ന് സ്‌പെയിനിലെ വാലെൻസിയയിലാണ് അമ്പാരോ ജനിച്ചത്. പതിനൊന്നു മക്കളുടെ അമ്മയായ അവർ കുടുംബങ്ങളെയും ഇടവകകളെയും സ്കൂളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് നിരവധി ആത്മീയപ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 1937- ൽ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിനിടയിൽ അമ്പാരോയുടെ പിതാവ് തടവിലായി. അപ്പോൾ അമ്പാറോയ്ക്ക് 12 വയസായിരുന്നു പ്രായം. കൗമാരപ്രായത്തിലെ വിഷമാവസ്ഥയെ തരണം ചെയ്യുവാൻ പരിശുദ്ധ അമ്മയുടെ പ്രത്യേക സഹായം തേടിയിരുന്നു. ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോൾ അമ്പാരോ സ്കൂളിൽ തിരികെയെത്തി തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ച് ഒരു കാറ്റക്കിസ്റ്റായി തന്റെ പ്രവർത്തനം തുടങ്ങി.

1943-ൽ അമ്പാറോയ്ക്ക് സ്കൂളിൽ നിന്നും ഡോട്ടർ ഓഫ് മേരി മെഡൽ ലഭിച്ചു. പരിശുദ്ധ അമ്മയോട് പ്രത്യേക ഭക്തി പുലർത്തിയിരുന്ന അവൾ ഏറ്റവും ലളിതമായ ഒരു പ്രാർത്ഥന എപ്പോഴും ചൊല്ലുമായിരുന്നു. ‘പരിശുദ്ധ അമ്മേ, എന്നെ അമ്മയിൽ നിന്ന് അടർത്തിക്കളയുന്ന എന്തെങ്കിലും സാഹചര്യം എന്റെ ജീവിതത്തിലുണ്ടെങ്കിൽ അതെല്ലാം എന്നിൽ നിന്നും എടുത്തുമാറ്റിക്കളയണമേ’ എന്ന പ്രാർത്ഥന എപ്പോഴും അമ്പാരോയുടെ ഹൃദയത്തിലും അധരങ്ങളിലുമുണ്ടായിരുന്നു.

1950-ൽ ഫ്രഡറിക്ക് റോമെറോ – അമ്പാരോ ദമ്പതികൾ വിവാഹത്തിനു ശേഷം മാഡ്രിഡിലേക്ക് താമസം മാറ്റി. 11 മക്കളുമായി ദൈവം ആവശ്യപ്പെട്ടതുപോലെ വളരെ മനോഹരമായ കുടുംബജീവിതം നയിച്ചുവരികയായിരുന്നു അവർ. പുഞ്ചിരിയും നിസ്വാര്‍ത്ഥതയും സ്നേഹവുമായിരുന്നു അമ്പാരോയുടെ ജീവിതം. അവരുടെ ജീവിതം ഒരുപാട് പേർക്ക് മാതൃകയായി തീർന്നു. തീരെ ചെറിയ കുഞ്ഞുങ്ങളായിരുന്നുവെങ്കിൽ കൂടിയും എല്ലാ ദിവസവും പരിശുദ്ധ കുർബാനയിൽ സംബന്ധിക്കുവാൻ അവർ പ്രത്യേകം താല്പര്യം കാണിച്ചു. മുതിർന്നവരോടും പാവപ്പെട്ടവരോടും രോഗികളോടും പ്രത്യേക പരിഗണനയും കാരുണ്യവും സ്നേഹവും കാണിക്കുവാൻ അവൾ തന്റെ മക്കളെ പഠിപ്പിച്ചു. ഫാമിലി അപ്പസ്‌തോലിക്‌ പ്രവർത്തനങ്ങളിൽ മികച്ച പങ്കുവഹിച്ച അവർ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാൻ വളരെയധികം താല്പര്യപ്പെട്ടിരുന്നു.

1994-ല്‍ ശ്വാസകോശ കാൻസർ ബാധിതയായ അവർ നിരവധി സർജറികളിൽ കൂടിയും കീമോതെറാപ്പികളിലൂടെയും കടന്നുപോയി. വലത് ശ്വാസകോശം പൂർണ്ണമായും എടുത്തുമാറ്റപ്പെട്ട അവരുടെ നെഞ്ച് ഭാഗം മറ്റു ചികിത്സയ്ക്കായി തുറന്നുവച്ചു. എല്ലാ ദിവസവും അതികഠിനമായ വേദനകളിലൂടെയും വിഷമതകളിലൂടെയും കടന്നുപോയ അവർ, തന്റെ അധരത്തിൽ നിന്ന് ഒരിക്കലും പുഞ്ചിരി മാറ്റിയിരുന്നില്ല. തന്റെ സഹനങ്ങളെല്ലാം മക്കളുടെ നന്മയ്ക്കും വിശുദ്ധിക്കും വേണ്ടി പ്രത്യേകം കാഴ്‌ചവച്ചു. നീണ്ട 556 ദിവസത്തെ അതികഠിനമായ സഹനങ്ങളിലൂടെ കടന്നുപോയ അമ്പാരോ 1996 മെയ് പത്തിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അവരുടെ വിശുദ്ധ ഗുണങ്ങൾ തിരിച്ചറിഞ്ഞ സഭ 2021 ഏപ്രിൽ 24-ന് ഫ്രാൻസിസ് പാപ്പാ അവരെ ധന്യയായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.