ഗുരു നൽകിയ പാഠം

ജിന്‍സി സന്തോഷ്‌

“അനന്തരം യേശു ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടയ്ക്കുവാനും തുടങ്ങി” (യോഹ. 13:5).

ക്രിസ്തീയ ജീവിതത്തിൽ നീ ഒരു യാത്രികനാണ്. പാദങ്ങൾ കഴുകിത്തുടച്ച് ക്രിസ്തു ഓർമ്മിപ്പിക്കുന്നു, നിന്റെ ചുവടുവയ്പുകൾ പ്രധാനപ്പെട്ടതാണ്. പാദങ്ങൾ കഴുകുമ്പോൾ അവൻ നിന്നെ ആദരിക്കുന്നു. നീ ഒന്നുമല്ലാതിരുന്നിട്ടു കൂടി ഗുരു നിന്നെ ഓർമ്മപ്പെടുത്തുന്നു, നിന്റെ പാദങ്ങളിൽ അവന്റെ  സ്നേഹത്തിന്റെ ഗന്ധമുണ്ടെന്ന്.

ഒരിക്കൽക്കൂടി ഗുരുവിനാൽ പാദം കഴുകപ്പെടാൻ ഇങ്ങനെ ഇരുന്നുകൊടുക്കാൻ നിനക്കാവരുത്; അതിനും മുമ്പേ നിന്റെ ഊഴം ആരംഭിക്കണം. ആദരിക്കപ്പെട്ടാൽ നീയും ആദരിക്കുക എന്നതാണ് നിയോഗം. സ്നേഹിക്കപ്പെട്ടാൽ നീയും സ്നേഹിക്കുക എന്നതാണ് നിയോഗം.

സ്വീകരിച്ചുവോ; കൊടുത്തു തുടങ്ങുക. നിന്റെ പാദങ്ങൾ കഴുകുവാനും നിന്റെ  വിശുദ്ധീകരണത്തിനും രക്ഷയ്ക്കും വേണ്ടിയാണ് ക്രിസ്തു ഈ ഭൂമിയിലേയ്ക്ക് വന്നതെന്ന് എത്രയോ തവണ വായിച്ചും ധ്യാനിച്ചും അനുഭവിച്ചും അറിഞ്ഞവരാണ്  നമ്മൾ. എന്നിട്ടും നമ്മളിപ്പോഴും ഏതൊക്കെയോ പീഠത്തിലിരുന്ന് എന്റെ പാദങ്ങൾ കഴുകാൻ ആരും വന്നില്ല എന്നു പരിതപിക്കുന്നു.

മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും പരിശ്രമിച്ചു തുടങ്ങുമ്പോൾ
നീ കഴുകുന്നത് അവന്റെ കാൽപാദങ്ങളാണെന്ന് മറക്കാതിരിക്കുക.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.