തീരദേശ മത്സ്യതൊഴിലാളികൾക്കായി കരുതലിന്റെ കരം വിരിച്ച നേതാവ് അന്തരിച്ചു

തീരദേശ മത്സ്യതൊഴിലാളി മേഖലയിൽ അവിസ്മരണീയമായ സേവനം ചെയ്ത വ്യക്തിയായിരുന്നു ശ്രീ. ലാൽ കോയിൽപറമ്പിൽ. അദ്ദേഹത്തിൻറെ നിര്യാണത്തോടെ തീരദേശത്തിനു നഷ്ടപ്പെട്ടത് അവരെ ചേർത്തുപിടിച്ചു കരങ്ങൾ തന്നെ. ആലപ്പുഴ രൂപതാ യുവജ്യോതി പ്രസ്ഥാനത്തിലൂടെ സാമൂഹ്യസേവന രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ശ്രീ. ലാൽ കോയിൽപറമ്പിൽ. സമൂഹത്തിൽ പ്രതിസന്ധികളോട് പോരാടിക്കൊണ്ടിരുന്ന മൽസ്യത്തൊഴിലാളികളുടെ പ്രശ്‍നങ്ങൾക്കായി വാദിക്കുവാനും സമരം ചെയ്തു അവകാശങ്ങൾ നേടിക്കൊടുക്കുവാനും അദ്ദേഹത്തിൻറെ സംശുദ്ധമായ നേതൃത്വത്തിലൂടെ കഴിഞ്ഞിരുന്നു.

1984-ൽ കേരളമെങ്ങും ആഞ്ഞടിച്ച മത്സ്യത്തൊഴിലാളി സമരത്തിൽ കെ.സി.വൈ.എം സജീവമായി നിന്നിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ആദ്യത്തേതുപോലെ പങ്കാളിത്വം ഉണ്ടായില്ല. ആദ്യ സമരത്തിൽ പങ്കെടുത്ത പലരും പിന്നീട് അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കെടുത്തില്ല എങ്കിലും ലാൽ മത്സ്യത്തൊഴിലാളികൾക്ക്‌ ഒപ്പംതന്നെ നിന്നു. നിരാലംബരായ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി നേതൃത്വം നൽകിയിട്ടുള്ള പ്രമുഖ നേതാക്കന്മാരിലൊരാളായി ലാൽ മാറി. മൽസ്യ തൊഴിലാളികൾക്ക് ഏതു സമയത്തും ഏതു കാര്യത്തിനും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. അത്രയും ജനകീയനായ വ്യക്തിയായിരുന്നു അദ്ദേഹം.

വർഷകാല ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് പരമ്പരാഗത തൊഴിലാളികളും ബോട്ട് തൊഴിലാളികളും നിരന്തരം സംഘർഷത്തിലായിരുന്ന ഒരു കാലഘട്ടത്തില്‍ ബോട്ട് തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുകയും അതിന്റെ നേതൃ സ്ഥാനത്തേയ്ക്ക് കടന്നു വരുകയും ചെയ്തു അദ്ദേഹം. അതിനു ശേഷം ആണ് സംഘർഷത്തിന് ഒരു അയവു വന്നു തുടങ്ങിയത്.

സഭയുടെ യുവജന സംഘടനയുടെ പ്രവർത്തനത്തെ കുറിച്ച് ഏറെ പ്രതീക്ഷ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മഹത്തായ യുവജന മുന്നേറ്റത്തെ റീത്തിൻ്റെ പേരിൽ വെട്ടിമുറിച്ച് ചിറകുകൾ അരിഞ്ഞത് വലിയ അപരാധമായിട്ടാണ് അദ്ദേഹം കണ്ടത്. പലപ്പോഴും അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ യുവജന സംഘടനയെ ഭക്തസംഘടനയാക്കി മാറ്റി നാലതിരുകൾക്കുള്ളിൽ ഒതുക്കിയതുകൊണ്ട് ഇനി ഈ പ്രസ്ഥാനത്തിന്  സാമൂഹിക രാഷ്ടീയ സാംസ്കാരിക മണ്ഡലത്തിലേക്ക് നേതാക്കന്മാരെ സംഭാവന ചെയ്യാൻ കഴിയില്ല എന്ന അദ്ദേഹത്തിൻ്റെ വിലയിരുത്തലും പ്രധാനപ്പെട്ടതായിരുന്നു.

കുറെ വർഷങ്ങളായി കരളുമായി ബന്ധപ്പെട്ട അസുഖം അദ്ദേഹത്തെ അലട്ടിയിരുന്നു. ആയുർവ്വേദ ചികിത്സയുടെ ബലത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് തന്റെ ഇഹലോക വാസം അവസാനിപ്പിച്ചു അദ്ദേഹം ദൈവ സന്നിധിയിലേക്ക് മടങ്ങുമ്പോൾ സമൂഹത്തിനു നഷ്ടമാകുന്നത് ആ  ഉറച്ച ശബ്ദവും  ആഴത്തിലുള്ള വീക്ഷണവും മൂർച്ചയുള്ള വാക്കുകളും ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.