പട്ടാളക്കാരന്റെ ചിരി

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

ഓരോ ധ്യാനങ്ങളുടെയും അവസാനം അനേകം പേരുടെ ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾ ഉണ്ടാകാറുണ്ട്. പലരുടെയും സങ്കടവും നിരാശയും ദൈവം എടുത്തുമാറ്റിയ അനുഭവങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ, ക്രിസ്തു തൊട്ട മാനസാന്തരങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ നമ്മെ പെട്ടന്ന് സ്പർശിക്കും. അങ്ങനെയൊരു സാക്ഷ്യത്തെക്കുറിച്ച് എഴുതട്ടെ. ഇതുപോലൊരു അനുഭവം ഞാന്‍ ഇതുവരെ കേട്ടിട്ടില്ല.

65 വയസ്സ് പ്രായമുള്ള അദ്ദേഹം വന്ന് ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു റിട്ടയേർഡ് പട്ടാളക്കാരനാണ്. അതുകൊണ്ട് സമയബന്ധിതമായ ഒരു ദിനചര്യയിലാണ് ഞാൻ വളർന്നത്. അങ്ങനെ ഞാൻ വല്ലാത്ത കണിശക്കാരനായി മാറി. സന്തോഷം എന്താണെന്ന് ഞാനറിഞ്ഞിട്ടില്ല. മനസു തുറന്ന് ചിരിക്കാത്ത എന്നെ നോക്കി പലയാവർത്തി ഭാര്യ പറഞ്ഞിട്ടുണ്ട്: ‘നിങ്ങൾക്കൊന്ന് ചിരിച്ചാൽ എന്താണ് മനുഷ്യാ..’

ധ്യാനത്തിന്റെ കുമ്പസാര ദിവസമാണ് ഞാൻ എന്റെ ഹൃദയം കർത്താവിന്റെ മുമ്പിൽ തുറന്നുവച്ചത്. തുടർന്നു നടന്ന ആരാധനാസമയത്ത് പരിശുദ്ധാത്മാവ് നൽകിയ ആനന്ദം കൊണ്ട് മനസു നിറഞ്ഞു. അപ്പോഴാണ് ഹൃദയം നിറഞ്ഞ് സന്തോഷിച്ചതും ഉള്ളുതുറന്ന് ചിരിക്കാൻ കഴിഞ്ഞതും.

അത് കേട്ടപ്പോൾ നിറകണ്ണുകളോടെ ഭാര്യ മുന്നോട്ടുവന്നു: “ചേട്ടൻ പറഞ്ഞത് ശരിയാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങളേറെയായിട്ടും ഇദ്ദേഹം മനസുനിറഞ്ഞ് ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. മരിക്കുന്നതിനു മുമ്പ് ഒന്ന് ചിരിച്ചുകാണാൻ കഴിയണേ എന്നായിരുന്നു എന്റെയും കുഞ്ഞുങ്ങളുടെയും പ്രാർത്ഥന. എന്തായാലും ഈ മാനസാന്തരം വലിയ അത്ഭുതം തന്നെ.”

ആ ധ്യാനത്തിൽ പങ്കെടുത്ത എല്ലാവരുടെയും ഹൃദയത്തെ തൊട്ടുണർത്തിയ സാക്ഷ്യമായിരുന്നു അത്. അദ്ദേഹത്തെപ്പോലെ നമ്മളിൽ പലരും മനസുനിറഞ്ഞ് സന്തോഷിച്ചിട്ട് നാളുകളേറെയായില്ലേ? ഇതുപോലെ എത്രയെത്ര പ്രശ്നങ്ങളുടെ നടുവിലാണ് നമ്മളും. മക്കളുടെ ഭാവി, ജോലി, രോഗങ്ങൾ ഇങ്ങനെ നീളുന്നു നമ്മുടെ ആകുലതകൾ. ഇവയ്ക്കു നടുവിൽ സന്തോഷിക്കാൻ നമ്മൾ മറന്നുപോകുന്നു.

“മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു” (മത്തായി 4:17) എന്ന ക്രിസ്തുമൊഴികൾ നമുക്കോർക്കാം. യഥാർത്ഥ മാനസാന്തരം ആത്മീയ ആനന്ദത്തിലേയ്ക്കു നയിക്കും. മനസിൻ്റെ ഭാരം കുറയുമ്പോൾ ദൈവത്തിലുള്ള പ്രത്യാശ വർദ്ധിക്കും. ഭാവിയെക്കുറിച്ചുള്ള ആകുലതകളും നിഷ്പ്രഭമാകും. അപ്പോള്‍ ഏത് പ്രതിസന്ധികൾക്കു നടുവിലും ആനന്ദിക്കാൻ നമുക്ക് കഴിയും.

മറിയത്തെപ്പോലെ നമുക്കും പറയാം: “എന്റെ ആത്മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (ലൂക്കാ 1:46-47).

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.