‘ദൈവത്തിന് അമ്മയുടെ മകനെ നൽകാൻ കഴിഞ്ഞതിൽ അഭിമാനിക്കുക’ – ഒരു രക്തസാക്ഷി തന്റെ അമ്മയ്ക്കയച്ച അവസാനത്തെ കത്ത്

‘ദൈവത്തിന് അമ്മയുടെ മകനെ നൽകാൻ കഴിഞ്ഞതിൽ അഭിമാനിക്കുക’ – ഫാ. ജുവാൻ എലിയാസ് മദീന എന്ന രക്തസാക്ഷിയുടെ അവസാന വാക്കുകളാണ് ഇത്. സ്പെയിനിലെ കോർഡോബയിൽ ഒക്ടോബർ 16 -ന് സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ രക്തസാക്ഷികളായ 127 പേരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുകയുണ്ടായി. അവരിലൊരാളാണ് ഫാ. ജുവാൻ എലിയാസ് മദീന.

1936 സെപ്റ്റംബർ 25 -ന് അദ്ദേഹം തന്റെ 33 -മത്തെ വയസ്സിൽ കൊല്ലപ്പെട്ടു. മരണശേഷം ജയിലിൽ അദ്ദേഹത്തിന്റെ വസ്തുക്കൾ പരിശോധിച്ചപ്പോൾ, അമ്മയ്ക്ക് അവസാനമായി എഴുതിയ കത്ത് കണ്ടെത്തുകയുണ്ടായി.

അതിൽ അദ്ദേഹം എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: “അമ്മേ, ഞാൻ ഇത് എഴുതുമ്പോൾ, എന്റെ വധശിക്ഷ ഏകദേശം തീരുമാനിച്ചതായി തോന്നുന്നു. എങ്കിലും ഞാൻ വളരെ ശാന്തനാണ്. ഈ വാർത്ത സ്വീകരിക്കാനുള്ള ശക്തി ദൈവം നിങ്ങൾക്ക് നൽകട്ടെ. ദൈവത്തിന് ഒരു മകനെ നൽകാൻ കഴിഞ്ഞത് വളരെ സന്തോഷകരമാണ്. അവിടുന്ന് ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ ഒരു മകനെ ദൈവത്തിന് പൂർണ്ണമായും കൊടുക്കുകയാണ്. പരസ്പരം നമുക്ക് സ്വർഗ്ഗത്തിൽ വച്ച് കാണാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

‘എന്റെ കർത്താവേ, എന്റെ ദൈവമേ’ എന്ന് പ്രാർത്ഥിക്കുക. നിങ്ങൾക്ക് കഴിയുമെങ്കിൽ ഒരു നല്ല കുമ്പസാരം നടത്തുക. അങ്ങനെ ഞങ്ങൾ മഹത്വത്തിൽ എന്നേക്കും ജീവിക്കും. എന്നെക്കുറിച്ച് ചോദിക്കുന്നവരോട് പറയുക. ‘എന്റെ ആത്മാവിനായി ഒരുപാട് പ്രാർത്ഥിക്കണം, എനിക്ക് പ്രാർത്ഥന വളരെയധികം ആവശ്യമാണ് എന്നും പറയണം. എന്റെ സഹോദരങ്ങളോട്, അവർ നല്ലവരായിരിക്കണമെന്നും എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നത് നിർത്തരുതെന്നും പറയണം.’

എന്ന്
മകൻ ജുവാൻ

‘റെഡ് ടെറർ’ എന്നറിയപ്പെടുന്ന ഈ യുദ്ധത്തിന്റെ കാലഘട്ടങ്ങളിൽ ഏകദേശം 6,800 -ഓളം വൈദികരെയും വിശ്വാസികളെയും വധിക്കുകയുണ്ടായി. ഇവരിൽ രണ്ടായിരത്തോളം പേർ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരുടെ നാമകരണത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

കോർഡോബയിൽ കഴിഞ്ഞ ദിവസം വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടവരിൽ 79 പുരോഹിതർ, അഞ്ച് സെമിനാരിക്കാർ, മൂന്ന് സന്യാസവൈദികർ, ഒരു സന്യാസിനി, 39 അത്മായർ എന്നിവർ ഉൾപ്പെടുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.