എറിത്രിയയിലെ അവസാന കത്തോലിക്കാ ആശുപത്രിയും പൂട്ടിച്ചു

എറിത്രിയയിൽ പ്രവർത്തിച്ചിരുന്ന അവസാനത്തെ കത്തോലിക്കാ ആശുപത്രിയും സർക്കാർ ബലമായി പൂട്ടിച്ചു. ജൂലൈ അഞ്ചാം തീയതിയാണ് അവസാനത്തെ ആശുപത്രി പൂട്ടിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയതും ബലമായി പൂട്ടിച്ചതും.

കത്തോലിക്കാ സന്യാസിനികൾ നടത്തുന്ന ആശുപത്രി ആയിരുന്നു ഇത്. വെള്ളിയാഴ്ച രാവിലെ അധികൃതർ എത്തുകയും പെട്ടന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങൾ എടുക്കുവാൻ പോലും സമ്മതിക്കാതെ പൂട്ടുകയായിരുന്നു എന്ന് കന്യാസ്ത്രികൾ പറഞ്ഞു. നഗരത്തിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ഈ ആശുപത്രി പ്രധാനമായും പാവപ്പെട്ട  ഗ്രാമവാസികൾക്ക് ആവശ്യമായ വൈദ്യസഹായം നൽകിവന്നിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കത്തോലിക്കാ സഭയുടെ കീഴിലുണ്ടായിരുന്ന 22-ഓളം ആശുപത്രികളാണ് എറിത്രിയൻ സർക്കാർ പൂട്ടിച്ചത്. ജൂലൈ നാലാം തീയതി മറ്റൊരു സന്യാസ സമൂഹത്തിലെ സിസ്റ്റർമാർ നടത്തിവന്നിരുന്ന ആശുപത്രി പൂട്ടിക്കുകയും അവർ താമസിക്കുന്ന ഇടം ഒഴിഞ്ഞുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു.

കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾക്കു നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളില്‍ സഭ പ്രതിഷേധം അറിയിച്ചുവെങ്കിലും സർക്കാർ, നടപടികളുമായി മുന്നോട്ടുപോവുകയാണ്.