ഏഷ്യയിലെ ഏറ്റവും വലിയ ബൈബിള്‍ മ്യൂസിയം വെമ്പായത്ത്

ഇരുന്നൂറ്റി എഴുപത് ഭാഷകളിലുള്ള ബൈബിളുകളുടെ വിസ്മയ ശേഖരവുമായി വെമ്പായത്തെ ബൈബിള്‍ മ്യൂസിയം ശ്രദ്ധാകേന്ദ്രമാകുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിളുകളുടെ അപൂർവ്വശേഖരം ഉൾപ്പെടുന്ന ഈ ബൈബിൾ മ്യൂസിയം, സുവിശേഷപ്രവര്‍ത്തകനായ ഡോ. മാത്യൂസ് വര്‍ഗ്ഗീസ് ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കടലാസ് കണ്ടുപിടിക്കുന്നതിനും മുമ്പ് പശുക്കുട്ടിയുടെ തോലില്‍ തീര്‍ത്ത അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുളള ഗേസ് ബൈബിളുകൾ, ലോകത്തിലെ ഏറ്റവും ചെറിയ ബൈബിള്‍, രാജാക്കന്മാര്‍ സമ്മാനം നല്കാന്‍ ഉപയോഗിച്ചിരുന്ന – ഒരു വശത്ത് നാണയങ്ങളും മറുവശത്ത് വചനവുമുള്ള മെഡാലിയൻ ബൈബിൾ, ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചശേഷം ആദ്യകാലത്തെ ബൈബിളുകള്‍ തുടങ്ങിയവയുടെ അമൂല്യശേഖരമാണ് ഈ മ്യൂസിയത്തിൽ ദൃശ്യമാകുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ ബൈബിളുകള്‍, ഗോത്രഭാഷ മുതല്‍ ചെക്ക്, ഡച്ച് , അല്‍ബേനിയന്‍, ഇറ്റാലിയന്‍ തുടങ്ങി ഇരുന്നൂറ്റി എഴുപത് ഭാഷകളിലെ ബൈബിളുകള്‍, കുട്ടികളുടെ ബൈബിളുകള്‍, ബൈബിള്‍ വ്യാഖ്യാനങ്ങള്‍, പഠനസഹായികള്‍ തുടങ്ങിയവയും യേശുവിന്റെ മുള്‍ക്കിരീടമാതൃകയും യഹൂദ ആരാധനയിലുപയോഗിക്കുന്ന ആട്ടിന്‍കൊമ്പ് കൊണ്ടുണ്ടാക്കിയ കാഹളവും യഹൂദ ആരാധനയുടെ തന്നെ ഭാഗമായ തോറയുമെല്ലാം അത്യപൂര്‍വ്വ കാഴ്ചകളാണ്. വിവിധ രാജ്യങ്ങളിലെ കുരിശുകളുടെ വന്‍ശേഖരവും ക്രിസ്തുവിന്റെ കല്ലറയുടെ മാതൃകയും ഇവിടെ കാണാം.

വെമ്പായം കന്യാകുളങ്ങരയിലാണ് വചന മ്യൂസിയം ഒരുക്കിയിരിക്കുന്നത്. 120 രൂപയാണ് പ്രവേശന ഫീസ്.