ക്‌നാനായ ദമ്പതീസംഗമം സെപ്റ്റംബർ 28-ന് തൂവാനിസയിൽ

കോട്ടയം: കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസിന്റെയും, ഫാമിലി കമ്മീഷന്റേയും, ക്‌നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെയും സംയുക്ത നേതൃത്വത്തിൽ സെപ്റ്റംബർ 28-ാം തീയതി ശനിയാഴ്ച്ച കോതനല്ലൂർ തൂവാനിസയിൽ വച്ച് രാവിലെ 10 മുതൽ 1.30 വരെ ക്‌നാനായ ദമ്പതീസംഗമം സംഘടിപ്പിക്കുന്നു.

രാവിലെ 9.30-ന് രജിസ്‌ട്രേഷനെ തുടർന്ന് കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും. മൂല്യാധിഷ്ഠിത കുടുംബ ജീവിതത്തെപ്പറ്റി ഡോ. ജോസഫ് മാത്യു ക്ലാസ്സ് നയിക്കും. ദമ്പതിമാർക്കായി തൂവാനിസ ഡയറക്ടർ ഫാ. ജിബിൽ കുഴിവേലിലിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാശുശ്രൂഷ നടത്തും.

തുടർന്ന്, വിവാഹജീവിതത്തിൽ 50 വർഷവും 25 വർഷവും പൂർത്തിയാക്കിയ ദമ്പതികളെ ആദരിക്കുന്ന ചടങ്ങിൽ ഫാമിലി കമ്മീഷൻ ചെയർമാൻ ഫാ. ബ്രസ്സൺ ഒഴുങ്ങാലിൽ സന്ദേശം നൽകും. കെ.സി.സി പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി ജോൺ ആശംസകൾ അർപ്പിക്കും.

പരിപാടികൾ 1.30 ന് ഉച്ചഭക്ഷണത്തോടെ സമാപിക്കും.