മദർ തെരേസയെ ലോകത്തിനു പരിചയപ്പെടുത്തിയ പത്രപ്രവർത്തകൻ  

കൊൽക്കത്തയിലെ മദർ തെരേസ ഇന്ന് അറിയപ്പെടുന്ന വിശുദ്ധരിൽ ഒരാളാണ്. 2016 -ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമ്പോൾ മദർ അറിയപ്പെട്ടിരുന്നത് പാവങ്ങളുടെ വിശുദ്ധ എന്നായിരുന്നു. എന്നാൽ ആദ്യകാലങ്ങളിൽ ലോകത്തിനു പാവങ്ങളുടെ വിശുദ്ധയായ ഈ സന്യാസിനിയെ അറിയില്ലായിരുന്നു. ലോകത്തിനുമുന്നിൽ മദർ തെരേസയെ ആദ്യമായി അവതരിപ്പിച്ചത് അല്ലെങ്കിൽ പരിചയപ്പെടുത്തിയത് മാൽക്കം മഗ്ഗറിഡ്ജ് എന്ന പത്രപ്രവർത്തകനായിരുന്നു.

ബ്രിട്ടീഷ് എഴുത്തുകാരനായിരുന്ന മാൽക്കം പ്രസിദ്ധീകരിച്ച ‘സംതിങ് ബ്യൂട്ടിഫുൾ ഫോർ ഗോഡ്’ എന്ന പുസ്തകത്തിലൂടെയാണ് മദർ തെരേസയെ ലോകം അറിയുന്നത്. ആദ്യം നിരീശ്വരവാദിയായിരുന്ന മാൽക്കം പിന്നീട് കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് കടന്നു വരുകയായിരുന്നു. മാൽക്കമിനെ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് നയിച്ചതിനു പിന്നിലും മദർ തെരേസയുടെ ജീവിതത്തിനു പങ്കുണ്ട്.

മാധ്യമ പ്രവർത്തകനായിരുന്ന മാൽക്കം മതപരമായ കാര്യങ്ങളെ സംബന്ധിച്ച ഡോക്യുമെന്ററികളും മറ്റും ചാനലുകൾക്കായി തയ്യാറാക്കിയിരുന്നു. മദർ തെരേസയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെ കുറിച്ച്‌ ബിബിസിക്ക് വേണ്ടി മാൽക്കം നിർമ്മിച്ച ഒരു സിനിമയെ അടിസ്ഥാനമാക്കിയാണ് സംതിംഗ് ബ്യൂട്ടിഫുൾ ഫോർ ഗോഡ്. “ആദ്യമായി ഞാൻ ആ കണ്ണുകളിൽ നോക്കിയപ്പോൾ അതുല്യയായ ഒരു വ്യക്തിയുടെ സാന്നിധ്യം അനുഭവിക്കുവാൻ കഴിഞ്ഞു. മദറിന്റെ ചിരിയിലും പെട്ടെന്ന് മനസിലാക്കുന്നതിനുള്ള വിവേകത്തിലും താഴ്മയിലും പ്രാർത്ഥനാ ജീവിതത്തിലും ആ അതുല്യത പ്രകടമായിരുന്നു.” അവസാനം എഴുതിയ ‘കൺഫെഷൻസ് ഓഫ് ട്വന്റീത് സെഞ്ച്വറി പിൽഗ്രിം’ എന്ന പുസ്തകത്തിൽ മദറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച്‌ വിവരിക്കുന്നത് ഇപ്രകാരം ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.