ആന്തരിക മുറിവുകള്‍ സുഖപ്പെടുന്നതിന് വിശുദ്ധ ഇഗ്‌നേഷ്യസ് നിര്‍ദ്ദേശിക്കുന്ന 5 മാര്‍ഗ്ഗങ്ങള്‍

    ആന്തരിക മുറിവുകള്‍ ഒരു മനുഷ്യന്റെ ആത്മീയവും ശാരീരികവുമായ ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ചിലരുടെ വാക്കുകള്‍, അവരില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ തുടങ്ങിയ ഒക്കെ നമ്മുടെ മനസ്സില്‍ ആന്തരിക മുറിവുകളായി അവശേഷിക്കാം. മനസിനെ വേദനിപ്പിച്ച ആ അനുഭവങ്ങള്‍ ആണ് ആന്തരികമായ മുറിവുകളായി അവശേഷിക്കുക.

    ഇത്തരം മുറിവുകളില്‍ നിന്നുള്ള സൗഖ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കഴിഞ്ഞു പോയ കാലം അവശേഷിപ്പിക്കുന്ന മുറിവുകളില്‍ നിന്നുള്ള സൗഖ്യം ഒരാള്‍ക്ക് പുതു ജീവന്‍ നല്‍കും. കഴിഞ്ഞു പോയ കാലം നമ്മില്‍ അവശേഷിപ്പിച്ച മുറിവുകളില്‍ നിന്ന് സുഖം നേടുന്നതിനായി വിശുദ്ധ ഇഗ്‌നേഷ്യസ് നിര്‍ദ്ദേശിക്കുന്ന ഏതാനും ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:

    1 . അവബോധം

    ഈ ഒരു മാര്‍ഗ്ഗത്തിലൂടെ വിശുദ്ധ ഇഗ്‌നേഷ്യസ് നമ്മോടു ആവശ്യപ്പെടുന്നത് നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കുക എന്നതാണ്. നമ്മുടെ ഭാഗത്ത് നിന്ന് മാത്രം ചിന്തിക്കുമ്പോള്‍ അത് നമ്മെ കൂടുതല്‍ വേദനിപ്പിക്കും. അതിനാല്‍ മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കുക. അത് നമ്മുടെ പ്രശ്നങ്ങളെ മറ്റൊരു തലത്തില്‍ കാണുവാന്‍ സഹായിക്കും. അതിനേക്കാള്‍ ഇവയൊക്കെ ദൈവം നമുക്ക് നല്‍കിയ ഒരു അവസരമായി കണക്കാക്കുക.

    2 . നന്ദി പറയാം

    എനിക്ക് ഭയങ്കര വിഷമം വന്നു. ഞാന്‍ വളരെ ആകുലത അനുഭവിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ തോന്നിത്തുടങ്ങുമ്പോള്‍ തന്നെ പോസിറ്റീവ് ആയി ചിന്തിക്കാം. ഇങ്ങനെ ഒരു അനുഭവം തന്നു ജീവിതത്തിലെ വ്യത്യസ്തമായ അനുഭവത്തിന്റെ രുചി അറിയിച്ച ദൈവത്തിനു നന്ദി പറയാം. അപ്പോള്‍ ദുഖവും ആകുലതയും പതിയെ വിട്ടകലും.

    3 . നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക

    ഓരോ ദിവസവും ആത്മശോധന നടത്തണം. അന്നേ ദിവസം നാം കടന്നു പോയ പോസിറ്റീവും നെഗറ്റീവും ആയ വികാരങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് ചിന്തിക്കാം. അതിനുള്ള സാഹചര്യങ്ങളെയും വിശകലനം ചെയ്യാം. തുടര്‍ന്ന് അവയെ നാം എങ്ങനെ സ്വീകരിക്കുന്നു എന്നും ആലോചിക്കാം. എപ്പോഴും പോസിറ്റീവ് ആയിരിക്കാന്‍  ശ്രമിക്കാം.

    4 . ഉത്തരവാദിത്വം അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിക്കാം

    നമ്മുടെ ഉത്തരവാദിത്വങ്ങള്‍ അതിന്റ പൂര്‍ണ്ണതയില്‍ ചെയ്യാം. എനിക്ക് ഈ പ്രശ്നമുണ്ട് എന്നതിന്റെ പേരില്‍ നമ്മുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒരിക്കലും മാറി നില്‍ക്കുകയോ നിരാശപ്പെട്ടിരിക്കുകയോ അരുത്. അങ്ങനെ ചെയ്താല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയേ ഉള്ളു.

    5 . നാളയെ നേരിടുവാന്‍ തയ്യാറാവുക

    കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി ഉള്ളത് ശോഭിതമായ ഒരു ഭാവിയാണ്. ആ തിരിച്ചറിവില്‍ നിന്നുകൊണ്ട് അടുത്ത കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കാം. ആയിരിക്കുന്ന അവസ്ഥയില്‍ നമ്മെ ബന്ധിച്ചിരിക്കുന്ന കാര്യങ്ങള്‍ എടുത്തു മാറ്റി മുന്നോട്ടു പോകുവാന്‍ ശ്രമിക്കണം. കൂടുതല്‍ ആക്ടീവ് ആകുമ്പോള്‍ നമ്മെ ബാധിക്കുന്ന പല പ്രശ്നങ്ങളും നാം മറക്കും.

    അങ്ങനെ സ്വയം മനസിലാക്കി, തിരിച്ചറിഞ്ഞു കൊണ്ടുള്ള യാത്ര, അനുദിനം ഉള്ള മെഡിറ്റെഷന്‍, ഇവയെല്ലാം നമ്മുടെ ദുഖങ്ങളും വേദനകളും മറന്നു മുന്നോട്ട് പോകുവാന്‍ നമ്മെ സഹായിക്കും.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.