പാപ്പായുടെ ജേർണലിസ്റ്റ് ആയ ജെസ്യൂട്ട് പുരോഹിതൻ

വത്തിക്കാൻ റേഡിയോയുടെ ജർമ്മൻ ഭാഷയിൽ പരിപാടികൾ ചെയ്യുന്ന ജേർണലിസ്റ്റ് ആയ ഒരു പുരോഹിതനുണ്ട് – ജെസ്യൂട്ട് വൈദികനായ ഫാ. ബേൺഡ് ഹാഗൻകോഡ്. 52 -കാരനായ അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗബാധിതനായി മരണമടഞ്ഞത്. വത്തിക്കാന്റെ മാധ്യമനിയമങ്ങൾ പുതുക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും പ്രത്യേകമായി സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വായിച്ചറിയാം…

ആദ്യകാഴ്ചയിൽ ഒരുപക്ഷേ, നാം അദ്ദേഹത്തെ ഒരു സന്ദർശകനെന്നോ മറ്റു ചിലപ്പോൾ ഒരു നടനെന്നോ തെറ്റിദ്ധരിച്ചേക്കാം. ചിലപ്പോൾ വത്തിക്കാൻ റേഡിയോ സ്റ്റേഷനായ പലാസോ പിയോയുടെ ഇടനാഴികളിൽ അഭിമുഖത്തിനായി റെക്കോർഡിങ് സ്റ്റുഡിയോയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്ന ഒരാൾ. എന്നാൽ വത്തിക്കാൻ റേഡിയോയിൽ എത്തിയ ആദ്യനാളുകളിൽ മാത്രമായിരുന്നു ഫാ. ബേൺഡ് ഹാഗൻകോഡ് എന്ന മാധ്യമപ്രവർത്തകൻ അതിഥിയായി ഉണ്ടായിരുന്നത്. പിന്നീട് അദ്ദേഹവുമായി അടുത്ത് ഇടപഴകിയിരുന്ന അനേകം ആളുകളുടെ ഹൃദയത്തിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഇഴയടുപ്പം സൃഷ്‌ടിച്ച ഒരു മികച്ച പ്രോഗ്രാമറും അതിലുപരി ഒരു വൈദികനുമായി മാറി അദ്ദേഹം.

പാപ്പായുടെ റേഡിയോ സ്റ്റേഷനിൽ

1992 -ൽ തന്റെ 24 -ആം വയസ്സിലാണ് ഫാ. ബേൺഡ് ജെസ്യൂട്ട് സഭയിൽ ചേരുന്നത്. 2002 -ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തത്വചിന്ത, ദൈവശാസ്ത്രം, ചരിത്രം, മാധ്യമപ്രവർത്തനം എന്നീ വിഷയങ്ങളിൽ ഉപരിപഠനം നടത്തി. മാധ്യമപ്രവർത്തനത്തിൽ പ്രത്യേകമായി അഭിനിവേശം ഉണ്ടായിരുന്ന അദ്ദേഹം 2009 –ൽ വത്തിക്കാൻ റേഡിയോയുടെ ജർമ്മൻ ഭാഷയുടെ പരിപാടികളുടെ തലവനായി ചുമതലയേറ്റു. ബെനഡിക്ട് XVI – മൻ പാപ്പാ സ്ഥാനമൊഴിയുന്ന സമയത്ത് വത്തിക്കാൻ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നത് ഈ ജെസ്യൂട്ട് പുരോഹിതനെയായിരുന്നു.

മികച്ച മാർഗ്ഗനിർദ്ദേശകൻ

പത്തു വർഷക്കാലത്തെ തന്റെ റേഡിയോയിലെ പ്രവർത്തനം കൊണ്ട് ജർമ്മൻ മാധ്യമപ്രവർത്തകരുടെ പ്രശംസ പിടിച്ചുപറ്റാൻ ഫാ. ഹാഗൻകോഡിനു കഴിഞ്ഞു. കാരണം ഒരു മികച്ച മാധ്യമപ്രവർത്തകൻ എന്നതിലുപരിയായി മാനുഷികഗുണങ്ങൾ ഏറെയുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. തിരക്കേറിയ പല ഷിഫ്റ്റുകളിലും മുഴുവൻ സമയത്തും ജോലി ചെയ്യാൻ സന്നദ്ധനായിരുന്നു അദ്ദേഹം. വത്തിക്കാൻ റേഡിയോയിലെ എല്ലാ ഭാഷാവിഭാഗങ്ങളിലുള്ളവരും അദ്ദേഹത്തെ പ്രത്യേകം ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ അർപ്പണമനോഭാവവും ജോലിയോടുള്ള ആത്മാർത്ഥതയും അവർക്കൊക്കെ എക്കാലവും മാതൃകയായിരുന്നു.

വത്തിക്കാൻ റേഡിയോയുടെ മാധ്യമനിയമങ്ങളുടെ പരിഷ്കരണം അദ്ദേഹത്തിന്റെ മേൽനോട്ടത്തിലൂടെയായിരുന്നു കടന്നുപോയത്. പ്രവർത്തനത്തിലും സ്വഭാവത്തിലും സന്തുലനം പാലിച്ചിരുന്ന അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയത്, പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അപാരമായ ചിന്താശേഷിയാൽ ഉൾക്കാഴ്ചയോടെ അതിനെല്ലാം മദ്ധ്യസ്ഥത വഹിക്കാനുള്ള അപാരമായ കഴിവായിരുന്നു.

2019 സെപ്റ്റംബറിൽ രോഗബാധിതനായ അദ്ദേഹം തന്റെ മാധ്യമപ്രവർത്തനത്തിൽ നിന്നു വിരമിച്ചു. തുടർന്ന് ജർമ്മനിയിലെ ഒരു ദൈവാലയത്തിൽ ശുശ്രൂഷ ചെയ്തു. മാധ്യമപ്രവർത്തനം പഠിപ്പിക്കുന്ന ഒരു മികച്ച അദ്ധ്യാപകനായും ആത്മീയപിതാവായും ചികിത്സയോടൊപ്പം അദ്ദേഹം തന്റെ ശിഷ്ടകാലം ചിലവഴിച്ചു.

‘വിശ്വാസത്തിനുള്ള സ്വതന്ത്ര ഇടം’

റോമിലെ വത്തിക്കാൻ റേഡിയോയുടെ ഓഫീസിന്റെ മുമ്പിൽ അദ്ദേഹം ഒരു ബോർഡ് തൂക്കിയിട്ടിരുന്നു. ‘വിശ്വാസത്തിനുള്ള സ്വതന്ത്ര ഇടം’ എന്നായിരുന്നു അത്. നിലവിൽ അത് അവിടെയില്ലെങ്കിലും അദ്ദേഹം അവിടെ ഉണ്ടാക്കിയെടുത്ത മഹത്തായ പാരമ്പര്യം അവിടെയുള്ള ഓരോ പ്രവർത്തനങ്ങളും വിളിച്ചോതുന്നുണ്ട്.

റോമിനോടും റോമിന്റെ ചരിത്രത്തോടും അഗാധമായ താത്പര്യം ഉണ്ടായിരുന്ന അദ്ദേഹം, വത്തിക്കാൻ റേഡിയോയുടെ ചരിത്രത്തിൽ ഏറ്റവും മികച്ച അദ്ധ്യായം രചിച്ച ഒരു മാധ്യമപ്രവർത്തകനാണ്.

ക്രൈസ്തവ മാധ്യമപ്രവർത്തകർക്ക് എക്കാലവും മാതൃകയായ വന്ദ്യപുരോഹിതന് ആദരാഞ്ജലികൾ…

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.