ഭിന്നതയുടെ വിത്ത് വിതക്കുന്ന നുണയുടെ പ്രവാചകന്‍

ഫാ. നോബിൾ തോമസ് പാറക്കൽ

ഭിന്നതയുടെ വിത്ത് വിതക്കുന്ന നുണയുടെ പ്രവാചകന്‍ -വത്സന്‍ തമ്പുവിന് മറുപടി

വലിയൊരു തമാശ പോലെ വത്സന്‍ തമ്പുവെന്ന പാസ്റ്ററുടെ പ്രായത്തിനൊപ്പം പക്വതയില്ലാത്ത പ്രതികരണം ഇപ്പോള്‍ കാണാനിടയായി. വികാരവിക്ഷോഭം കൊണ്ട് വിറക്കുന്ന ഒരു വൃദ്ധനെയാണ് അദ്ദേഹത്തില്‍ കണ്ടത്. ഒരു ചെറിയ പയ്യനോട് കോര്‍ക്കാന്‍വേണ്ടി പതറുന്ന സ്വരവും വിറക്കുന്ന ശരീരവുമായി പ്രത്യക്ഷപ്പെട്ട ഇദ്ദേഹം എത്രയോ വലിയ അധിക്ഷേപമാണ് ക്രൈസ്തവസഭകളിലെ പുരോഹിതര്‍ക്കെതിരേ നടത്തിയിരിക്കുന്നത്. ക്രൈസ്തവപുരോഹിതര്‍ ജനങ്ങളുടെ സ്വത്ത് പിടിച്ചുപറിച്ചു മേടിച്ച് പൂഴ്ത്തിവച്ചിരിക്കുകയാണെന്നും അദ്ധ്വാനിച്ചുണ്ടാക്കിയ നയാപൈസ വൈദികരുടെ കൈവശമില്ലെന്നുമൊക്കെയാണ് ഈ മനുഷ്യന്‍ തട്ടിവിടുന്നത്. കേള്‍ക്കുമ്പോള്‍ വൈദികവിരോധം കൊണ്ട് കണ്ണടിച്ചുപോയ കുറേ മനുഷ്യരും നിവൃത്തികേടുകൊണ്ട് ചര്‍ച്ച് ആക്ട് സമരത്തില്‍ പങ്കെടുക്കേണ്ടി വന്ന ക്രൈസ്തവസഭാവിഭാഗത്തിലെ ചിലരുമൊക്കെ പിന്തുണച്ചേക്കാം. മാത്രവുമല്ല, ഒരുപക്ഷേ അങ്ങ് അംഗമായിരിക്കുന്ന സഭാവിഭാഗത്തിലെ പാസ്റ്റര്‍മാര്‍ അങ്ങനെയൊക്കെ ചെയ്യുന്നുമുണ്ടായിരിക്കാം. ഞങ്ങള്‍ കത്തോലിക്കാവൈദികരും മറ്റ് മിക്ക ക്രൈസ്തവസഭാവിഭാഗങ്ങളിലെ വൈദികരും ആത്മീയമായി ജീവിക്കുന്നവരും മാന്യമായി പെരുമാറുന്നവരും കാര്യഗൗരവത്തോടെ ഞങ്ങളുടെ ശുശ്രൂഷാദൗത്യം നിറവേറ്റുന്നവരുമാണ്. ഞങ്ങള്‍ മാറിമാറി പല പള്ളികളിലിരുന്ന് ശുശ്രൂഷ ചെയ്ത് മടങ്ങുമ്പോഴും പള്ളിയും പള്ളിയുടെ സ്വത്തും പള്ളിയുടെ സമ്പത്തുമൊക്കെ അവിടെത്തന്നെ കാണാറുണ്ട്. നോര്‍ത്ത് ഇന്ത്യയില്‍ അങ്ങയുടെ സഭാവിഭാഗത്തില്‍ സംഭവിക്കുന്നതുപോലെ കെട്ടിടവും സ്ഥലവുമടക്കം പാസ്റ്റര്‍മാരുടെ പേരിലേക്ക് മാറുന്ന അത്ഭുതകൃത്യങ്ങള്‍ ഞങ്ങള്‍, പാവം പുരോഹിതര്‍ക്ക് വശമില്ല. കത്തോലിക്കാസഭയുടെ പാരമ്പര്യത്തോടും പ്രൗഡിയോടും സംഘടിതശക്തിയോടും തോന്നുന്ന അസൂയയുടെ കണ്ണില്‍ക്കടി അങ്ങയുടെ വാക്കുകളില്‍ ഇടക്കിടക്ക് മൂളലും ഞരക്കവുമായി തെളിഞ്ഞ് തെളിഞ്ഞ് വരുന്നുണ്ട്. മാത്രമവുമല്ല, ചര്‍ച്ച് ആക്ടിനുവേണ്ടി പറയുന്ന നുണകള്‍ പൊളിയുന്നതിന്റെ വെപ്രാളവും വാക്കുകളിലുണ്ട്.

പിന്നെ, ചര്‍ച്ച് ആക്ട് പരിശ്രമങ്ങളെ തട്ടിപ്പാണെന്ന് ഞാന്‍ വിളിച്ചിട്ടുണ്ടെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങളുണ്ട്. കാരണങ്ങള്‍ ചര്‍ച്ച് ആക്ട് എന്നു പറഞ്ഞ് കേരളത്തിലെ പാവം ക്രൈസ്തവവിശ്വാസികളോട് നിങ്ങള്‍ പറയുന്ന നുണകളുടെ നീണ്ട നിരയാണ്. ഞാന്‍ എണ്ണിയെണ്ണി പറയാം….

ചര്‍ച്ച് ആക്ട് വാദക്കാരുടെ പെരുംനുണകള്‍

1. ചര്‍ച്ച് ആക്ടിലൂടെ വിശ്വാസികളുടെ സ്വത്ത് വിശ്വാസികള്‍ക്ക് ലഭിക്കും എന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴും സ്വത്തിന്റെ ഉടമകള്‍ വിശ്വാസികള്‍ തന്നെയാണെന്ന സത്യം നിങ്ങള്‍ മറച്ചുവെക്കുന്നു.

2. പള്ളിയും സ്വത്തും വൈദികരുടെയും മെത്രാന്മാരുടെയും പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ഇടവകകളാകുന്ന നൈയ്യാമികവ്യക്തിക്ക് വേണ്ടി വികാരി എന്ന സ്ഥാനപ്പേരിലാണ് അവ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്ന് നിങ്ങള്‍ മറച്ചുവെക്കുന്നു. ഒരിക്കലും നിയമം ആവശ്യപ്പെടുന്ന ചില സാഹചര്യങ്ങളിലൊഴികേ വൈദികന്റെയോ മെത്രാന്റെയോ സ്വന്തം പേരില്‍ സ്വത്ത് രജിസ്റ്റര്‍ ചെയ്യപ്പെടാറില്ലെന്ന് നിങ്ങള്‍ പറയാത്തതെന്താണ്.

3. വൈദികരും മെത്രാന്മാരു ജനങ്ങളെ അടിമകളെപ്പോലെയാണ് കാണുന്നത് എന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജനത്തോട് നിങ്ങള്‍ നുണ പറയുന്നതെന്തിനാണ്. സ്വഭാവത്താലേ ധാര്‍ഷ്ട്യപ്രകൃതമുള്ള ചില മനുഷ്യരുടെ ചെയ്തികളെ സാമാന്യവത്കരിക്കുന്ന നിങ്ങള്‍ വെറും നുണയനല്ലേ…

4. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26 ഡി അനുസരിച്ച് മതവിഭാഗങ്ങള്‍ക്ക് അവയുടെ സ്വത്ത് രാജ്യത്തിന്റെ നിയമാനുസൃതം കൈകാര്യം ചെയ്യാന്‍ അവകാശമുണ്ട് എന്ന് പറഞ്ഞിരിക്കുന്നത് ദുര്‍വ്യാഖ്യാനം ചെയ്ത് അത് ചര്‍ച്ച് ആക്ടുണ്ടാക്കാനുള്ളതാണെന്ന് നിങ്ങള്‍ പറയുന്ന നുണ നട്ടാല്‍ കുരുക്കുന്നതാണോ

5. ഗോവയിലും മഹാര്ഷ്ട്രയിലുമടക്കം 15 സംസ്ഥാനങ്ങളില്‍ ചര്‍ച്ച് ആക്ട് നടപ്പിലുണ്ടെന്ന് നിങ്ങള്‍ പറയുന്ന പച്ചക്കള്ളം കേരളത്തിലെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമുള്ളതല്ലേ. ഇന്ത്യയിലൊരിടത്തുപോലും ചര്‍ച്ച് ആക്ട് എന്ന സംവിധാനം നിലവില്ലല്ലോ.

6. സഭയുടെ സ്വത്ത് ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് പറയുന്ന നിങ്ങള്‍ രൂപതകളും ഇടവകകളും ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ ഭരണഘടന അനുസരിച്ചുള്ള ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന ട്രസ്റ്റുകളാണെന്ന് പറയാതിരിക്കുന്നത് നിങ്ങളുടെ പ്രായത്തിനും നിലക്കും യോജിച്ച നുണയാണോ മിസ്റ്റര്‍?

7. ഇന്ത്യയുടെ നിയമത്തിനും ട്രസ്റ്റ് നിബന്ധനകള്‍ക്കുമനുസൃതം രുപതകളുടെ സാമ്പത്തികഇടപാടുകള്‍ എല്ലാ വര്‍ഷവും ഗവണ്‍മെന്‍റ് ഓഡിറ്റര്‍മാര്‍ ഓഡിറ്റ് ചെയ്യുന്നതാണെന്നും ഐടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണെന്നും രൂപതകളുടെ വരവ് ചിലവ് കണക്കുകളും ബജറ്റും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന പാസ്റ്ററല്‍ കൗണ്‍സില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ എന്നീ സമിതികളില്‍ അവതരിപ്പിക്കപ്പെടാറുള്ളതാണെന്നും നിങ്ങള്‍ മറച്ചുവെക്കുന്നത് നിങ്ങളുടെ പെരുംനുണകളിലൊന്നല്ലേ…

8. ഇടവകകളുടെ സ്വത്ത്ഭരണം ഇടവകയുടെ പൊതുയോഗത്തിലും പ്രതിനിധിയോഗത്തിലും നിക്ഷിപ്തമാണെന്നും ജനത്തിന് താത്പര്യമില്ലാത്ത യാതൊരിടപാടും ഇപ്പോള്‍പ്പോലും ഒരു വികാരിക്ക് സ്വന്തം ഇഷ്ടപ്രകാരം ചെയ്യാനാവില്ലായെന്നതും നിങ്ങള്‍ മറച്ച് വെക്കുന്നതിനെ എന്താണ് വിളിക്കേണ്ടത്.

9. ചര്‍ച്ച് ആക്ട് വരുന്നത് വഴി വൈദികര്‍ക്കും സഭാശുശ്രൂഷകര്‍ക്കും ശമ്പളഇനത്തില്‍ത്തന്നെ ഭീമമായ തുകകള്‍ നല്കേണ്ടി വരുന്ന സാഹചര്യത്തില്‍ അത് വിശ്വാസികള്‍ക്ക് മേല്‍ വലിയ സാമ്പത്തികബാദ്ധ്യതവരുത്തിവെക്കുമെന്ന സത്യം നിങ്ങള്‍ മറച്ചുവെക്കുന്നതെന്തുകൊണ്ടാണ്. അങ്ങനെ സഭാകാര്യങ്ങളില്‍ നിന്ന് വിശ്വാസികള്‍ അകന്നുപോകുന്നതിലൂടെ കത്തോലിക്കാസഭയുടെയും എപിസ്കോപ്പല്‍ സഭകളുടെയും തകര്‍ച്ച ലക്ഷ്യം വെക്കുന്ന വിഘടിതചിന്തയല്ലേ നിങ്ങളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.

10. വൈദികരും വിശ്വാസികള്‍ തന്നെയാണെന്ന സത്യവും ഇന്നത്തെ വിശ്വാസികളുടെ മക്കള്‍തന്നെയാണ് നാളത്തെ വൈദികരും മെത്രാന്മാരും എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെച്ചുകൊണ്ട് വൈദികരെയും വിശ്വാസികളെയും രണ്ട് തട്ടിലാക്കിയും സഭയുടെ ആത്മീയശുശ്രൂഷയെയും ഭൗതികസ്വത്തിന്റെ ക്രയവിക്രയത്തെയും ഇരുതട്ടിലാക്കിയും ആകമാനം സഭക്കുള്ളില്‍ ഭിന്നതയുടെ വിത്ത് വിതക്കുന്ന നിങ്ങള്‍ ഏതു ലൂസിഫറിന്റെ കൂട്ടുകാരനാണ്.

പിന്നെ വൈദികരും മെത്രാന്മാരും മേലനങ്ങി പണിയെടുക്കുന്നില്ലെന്ന് നിങ്ങള്‍ ആ വാ കൊണ്ട് പറഞ്ഞ പ്രസ്താവനയുണ്ടല്ലോ അത് ക്രൈസ്തവസഭകളിലെ വിശ്വാസികള്‍ തള്ളിക്കളയും. ജീവിതം തന്നെ വിശ്വാസികള്‍ക്കും സഭക്കും വേണ്ടി മാറ്റിവെച്ച മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ വൈദികരും പിതാക്കന്മാരും കത്തോലിക്കാസഭയിലുണ്ട്. അത് മനസ്സിലാകണമെങ്കില്‍ പാരമ്പര്യം എന്ന് പറഞ്ഞ ഒരു സാധനം കൂടെയുണ്ടാവണം – ഇന്നലെപ്പെയ്ത മഴയില്‍ക്കുരുത്ത തകരകള്‍ക്ക് അത് പിടികിട്ടില്ല. ഇക്കാലമത്രയും ഭാരതകത്തോലിക്കാസഭയില്‍ വൈദികര്‍ ഇടവകകളില്‍ ചെയ്ത ശുശ്രൂഷക്ക് കൈപ്പറ്റിയിരിക്കുന്നത് ജീവനാംശം മാത്രമാണ്, ശമ്പളമല്ല. മെത്രാന്മാരാകട്ടെ ജീവനാംശം പോലും സ്വീകരിക്കാറില്ല. ഈ ജീവനാംശം നല്കുന്ന പതിവുപോലും തുടങ്ങിയത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. അതിനും മുമ്പ് ജനം വല്ലതും കൊടുത്താല്‍ അതുകൊണ്ടായിരുന്നു ജീവിതം. ഇടവകകളിലും സ്ഥാപനങ്ങളിലും ജോലിചെയ്ത, ചെയ്യുന്ന വൈദികര്‍ക്ക് അത്യാവശ്യം മാന്യമായ ശമ്പളം കൊടുക്കാന്‍ തുടങ്ങിയാല്‍ത്തന്നെ ഇടവകകളുടെ സാമ്പത്തികസ്ഥിതി എത്രകാലം ഈ നിലയില്‍ നിലനില്‍ക്കുമെന്ന് കണ്ടറിയാം. ക്രൈസ്തവസഭകളുടെ സ്വത്ത് കണ്ട് കണ്ണ് മഞ്ഞളിച്ച് വിടുവായത്തരം പറയുമ്പോള്‍ ഓരോ നുണയും ഒന്നൊന്നായി പൊളിയുന്ന കാലമുണ്ടാകുമെന്ന് കൂടി ഓര്‍ക്കണം മിസ്റ്റര്‍ പാസ്റ്ററേ.

എന്തായാലും അവസാനിപ്പിക്കുമ്പോള്‍ മനുഷ്യരില്‍ നിന്നിറങ്ങിപ്പോയി മൃഗങ്ങളില്‍ വസിക്കുന്നതായി ഷെക്സ്പിയര്‍ പറയുന്ന ആ ലജ്ജ അങ്ങേക്കുണ്ടെന്നും ഞങ്ങള്‍ക്കില്ലെന്നും പറഞ്ഞുകൊണ്ട് അങ്ങ് സ്ഥാപിക്കാന്‍ ശ്രമിച്ച യാഥാര്‍ത്ഥ്യത്തെ ഹൃദയപൂര്‍വ്വം അംഗീകരിക്കുകയും ചെയ്യുന്നു.

ഫാ. നോബിൾ തോമസ് പാറക്കൽ