കുഞ്ഞുങ്ങളെ വളര്‍ത്താന്‍ വിശുദ്ധ ഡോണ്‍ ബോസ്‌കോ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍

കുഞ്ഞുങ്ങള്‍ അനുസരിക്കുന്നില്ല എന്നത് പല മാതാപിതാക്കളുടെയും ഒരു വലിയ പ്രശ്‌നമാണ്. അവരെ എങ്ങനെ വളര്‍ത്തും? എന്ത് രീതികള്‍ സ്വീകരിച്ചാല്‍ അവരെ കൂടുതല്‍ മികച്ച രീതിയില്‍ വളര്‍ത്താനാകും എന്നുള്ള കാര്യങ്ങള്‍ മാതാപിതാക്കള്‍ ഇപ്പോഴും തിരയുന്ന കാര്യങ്ങളാണ്. മക്കളെ എങ്ങനെ നേര്‍വഴിക്ക് വളര്‍ത്തും എന്നോര്‍ത്ത് വ്യാകുലപ്പെടുന്ന അനേകര്‍ക്ക് മാതൃകയാക്കാന്‍ വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ജീവിതം നമുക്ക് മുന്‍പില്‍ ഉണ്ട്.

തെരുവിലെ കൗമാരക്കാരും പ്രശ്‌നക്കാരുമായ കുട്ടികളെ നേര്‍വഴിക്ക് നയിച്ച വിശുദ്ധ ഡോണ്‍ ബോസ്‌ക്കോയ്ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയും. കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുവാനായി വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ തന്റെ സുഹൃത്തുക്കളായ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കിയ ആറ് ഉപദേശങ്ങളാണ് താഴെ നല്‍കുന്നത്.

1. തിന്മയെ എതിര്‍ക്കുന്ന കാര്യത്തില്‍ ധൈര്യമുള്ളവരായിരിക്കുക, വിവേകത്തോടു കൂടി പ്രവര്‍ത്തിക്കുക. യഥാര്‍ത്ഥ വിജയം ക്ഷമയില്‍ നിന്നുമാണ് വരുന്നതെന്ന ഉറപ്പ്

അക്ഷമ കുട്ടികളില്‍ വെറുപ്പുളവാക്കുകയും അതവരില്‍ അതൃപ്തി പരത്തുകയും ചെയ്യുന്നു. കുട്ടികളുടെ എത്ര വലിയ അനുസരണക്കേടിനും ഉത്തരവാദിത്വമില്ലായ്മക്കും ഏകപരിഹാരം ‘ക്ഷമ’ മാത്രമാണെന്നാണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്. എന്നാല്‍, ചില അവസരങ്ങളില്‍ പരമാവധി ക്ഷമിച്ചതിനു ശേഷവും ഫലം കാണാതെ വരുമ്പോള്‍ കടുത്ത നടപടികള്‍ എടുക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി തീര്‍ന്നിട്ടുണ്ട്.

2. കോപത്തിന്റെ നിഴല്‍ കൊണ്ട് നമ്മുടെ മുഖഭാവം ഇരുളുവാന്‍ അനുവദിക്കരുത്

നമ്മുടെ മനസ്സ്, ഹൃദയം, അധരം തുടങ്ങി മുഴുവന്‍ അസ്തിത്വത്തിനുമേലും നമ്മുടെ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം. ഒരാള്‍ തെറ്റ് ചെയ്യുമ്പോള്‍ കോപത്തിനു പകരം നമ്മുടെ ഹൃദയത്തില്‍ അനുകമ്പ ഉണരണം. എങ്കില്‍ നമുക്ക് അവനെ നേര്‍വഴിക്ക് നയിക്കുവാന്‍ കഴിയും. ബുദ്ധിമുട്ടേറിയ ചില നിമിഷങ്ങളില്‍ കോപത്തോടു കൂടിയ പൊട്ടിത്തെറിയേക്കാളും ഫലപ്രദം കുട്ടികളെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചുള്ള പ്രാര്‍ത്ഥനയായിരിക്കും.

3. കുട്ടികളുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ പരിശ്രമിക്കുക

കുട്ടികളുടെ സ്‌നേഹം പിടിച്ചുപറ്റുന്നതില്‍ അധ്യാപകന്‍ വിജയിച്ചാല്‍ അത് കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റത്തിനു കാരണമാകും. എല്ലാ അധ്യാപകരും കുട്ടികളോട് സ്‌നേഹമുള്ളവരായിരിക്കണം. കുട്ടികളുടെ സ്‌നേഹം പിടിച്ചുപറ്റണമെങ്കില്‍, അധ്യാപകര്‍ അവരോടുള്ള തങ്ങളുടെ സ്‌നേഹം വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും അവരെ ബോധ്യപ്പെടുത്തണം. കുട്ടികളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ പ്രയാസമനുഭവിക്കുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഏറെ സഹായകരമാണ് വിശുദ്ധന്റെ ഉപദേശങ്ങള്‍. എന്നിരുന്നാലും അവകൊണ്ട് യാതൊരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. അവസാനം, കാര്‍ക്കശ്യം പരാജയപ്പെട്ടിടത്ത് കാരുണ്യം വിജയിക്കുന്നതായി ഞാന്‍ കണ്ടു. വളരെ പതുക്കെയാണെങ്കിലും കാരുണ്യം എല്ലാത്തിനേയും സുഖപ്പെടുത്തുന്നു. ഈ തിരിച്ചറിവ് നമുക്കെല്ലാവര്‍ക്കും വേണം.

4. ക്രൂരമായ ശിക്ഷാരീതികള്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക

ആഴത്തില്‍ വേദനിപ്പിക്കുന്ന ശിക്ഷാരീതികള്‍ കുട്ടികളെ തീര്‍ച്ചയായും അസ്വസ്ഥരാക്കും. അതിനാല്‍ത്തന്നെ സ്‌നേഹത്തിന്റെ ഭാഷയില്‍ അവരുടെ തെറ്റുകള്‍ തിരുത്താന്‍ പരിശ്രമിക്കുക.

5. കുട്ടികളെ ‘ശിക്ഷിക്കുക’ എന്നത് നിങ്ങളുടെ ഏറ്റവും അവസാനത്തെ മാര്‍ഗ്ഗമായിരിക്കണം

കോപത്തെ നിയന്ത്രിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതായത്, നമ്മുടെ വികാരങ്ങള്‍ക്കും കോപത്തിനും അടിമപ്പെട്ടുകൊണ്ട് കുട്ടികളെ ശിക്ഷിക്കുവാന്‍ നാം പെട്ടെന്നുതന്നെ തുനിയുന്നു. മറുവശത്ത് ദയയോടു കൂടി അവരോട് പെരുമാറുവാന്‍ നാം മറക്കുന്നു. ഈ ഒരു ചിന്ത നമുക്ക് ഉണ്ടാകണം.

താന്‍ പരിവര്‍ത്തനം ചെയ്തവരില്‍ ചിലര്‍, വീണ്ടും തങ്ങളുടെ പ്രാകൃതരീതികളിലേയ്ക്ക് തിരികെപ്പോയതിനെക്കുറിച്ചോര്‍ത്ത് വിശുദ്ധ പൗലോസ് ശ്ലീഹാ വിലപിക്കുന്നത് നമുക്ക് കാണാം. എന്നാല്‍ അവയെല്ലാം അദ്ദേഹം ക്ഷമാപൂര്‍വ്വം സഹിക്കുകയും ഉത്സാഹപൂര്‍വ്വം അവയെ നേരിടുകയും ചെയ്തു. കുട്ടികളുമായി ഇടപഴകുമ്പോള്‍ ഈ രീതിയിലുള്ള ക്ഷമയാണ് നമുക്കും ആവശ്യമായിട്ടുള്ളത്.

6. മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് കുട്ടികളെ ശിക്ഷിക്കരുത്

വളരെ ഗൗരവപൂര്‍ണ്ണമായ കുറ്റങ്ങള്‍ക്ക് പ്രതിവിധിയായി മാത്രമേ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ വെച്ചുള്ള ശിക്ഷകളെയോ ശകാരങ്ങളെയോ ഞാന്‍ നിര്‍ദ്ദേശിക്കുകയുള്ളൂ. സ്വര്‍ഗ്ഗത്തിലെ പിതാവിനെപ്പോലെ ക്ഷമയോടുകൂടി വേണം മാതാപിതാക്കളും അധ്യാപകരും കുട്ടികളെ നേര്‍വഴിക്ക് നയിക്കുവാന്‍. മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് കുട്ടികളെ നേരെയാക്കുവാന്‍ ശ്രമിക്കരുത്. മറ്റുള്ളവരില്‍ നിന്നും അകന്ന് തികച്ചും രഹസ്യമായി കാര്യങ്ങള്‍ പറഞ്ഞ് തെറ്റ് മനസ്സിലാക്കി കൊടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.