പ്രാർത്ഥനയിൽ വളരുവാൻ യുവജനങ്ങൾക്ക്‌ ജോൺപോൾ രണ്ടാമൻ പാപ്പാ നൽകുന്ന നിർദ്ദേശങ്ങൾ

  സഭയുടെ ഭാവിയും നിലനിൽപ്പും നിലകൊള്ളുന്നത് യുവജനങ്ങളിലാണ്. ഈ ഒരു കാരണത്താൽ തന്നെയാണ് യുവജനങ്ങളിൽ വിശ്വാസം വർദ്ധിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് സഭ ഊന്നൽ നൽകുന്നത്. പ്രാർത്ഥിക്കുന്ന യുവജനങ്ങൾ ഉള്ളിടത്തോളം കാലം സഭ ഏത് പ്രതിസന്ധികാലത്തെയും അതിജീവിക്കുക തന്നെ ചെയ്യും.

  ആഴമായ പ്രാർത്ഥനയിലൂടെ സഭയിലെ പ്രതിസന്ധികളെ അതിജീവിച്ച വിശുദ്ധനായിരുന്നു ജോൺപോൾ രണ്ടാമൻ പാപ്പാ. തന്റെ ഒട്ടുമിക്ക സന്ദേശങ്ങളും അദ്ദേഹം അവസാനിപ്പിച്ചിരുന്നത് പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു. പ്രാർത്ഥിക്കുന്ന യുവജനങ്ങൾ ക്രിസ്തുവിനൊപ്പം ആയിരിക്കുമെന്നും അവരാണ് സഭയുടെ ഭാവി എന്നും ഉറച്ചുവിശ്വസിച്ചിരുന്ന അദ്ദേഹം, പ്രാർത്ഥനയിൽ വളരുവാൻ യുവജനങ്ങളെ പ്രേരിപ്പിക്കുകയും നിരന്തരം ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

  ഈ ഒരു വീക്ഷണം മുന്നോട്ടു വച്ചുകൊണ്ട് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പാ പ്രാർത്ഥനയിൽ വളരുവാൻ യുവജനങ്ങൾക്കായി നൽകുന്ന ഏതാനും ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുകയാണ്.

  1. “നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും യേശു നിന്റെ കൂടെ യാത്ര ചെയ്തിരുന്നു. അവിടുന്ന് നിന്നെ വിളിക്കുകയും, ദൈവത്തിന്റെ മക്കൾക്കുള്ള സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ നിങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അതിനാൽ പ്രാർത്ഥനയിലും സ്നേഹത്തിലും അവനോട് ചേരുക. ഈ സ്വാതന്ത്ര്യത്തിൽ എല്ലായ്പ്പോഴും ജീവിക്കാനുള്ള ധൈര്യവും ശക്തിയും നൽകുവാൻ ആവശ്യപ്പെടുക. വഴിയും സത്യവും ജീവനും ആയവന്റെ ഒപ്പം നടക്കുവാൻ ശ്രമിക്കുക.”

  2. “ജപമാല എന്റെ പ്രിയപ്പെട്ട പ്രാർത്ഥനയാണ്. അതിശയകരമായ പ്രാർഥന! അതിന്റെ ലാളിത്യവും ആഴവും അത്ഭുതകരമാണ്. ഈ പ്രാർത്ഥനയിൽ ദൈവദൂതനും ചാർച്ചക്കാരിയായ എലിസബത്തും പരിശുദ്ധ അമ്മയോട് പറഞ്ഞ വാക്കുകൾ നാം ആവർത്തിച്ചു ധ്യാനിക്കുന്നു.”

  3. “പ്രാർത്ഥന, തന്റെ ശിഷ്യന്മാരാകാൻ നിങ്ങളെ വിളിക്കുന്നവനുമായുള്ള സംഭാഷണമാവണം. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഊർജ്ജസ്വലരും ഉദാരമനസ്കരുമായിരിക്കുക. ദിവ്യകാരുണ്യത്തിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുക. അത് നിങ്ങളെ ദൈവവുമായുള്ള ബന്ധത്തിൽ ചേർത്തുനിർത്തും.”

  4. “നിങ്ങൾ ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവനോടുള്ള സ്നേഹം വളരാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിശ്ചയമായും പ്രാർത്ഥനയിൽ വിശ്വസ്തരുമായിരിക്കണം. അത് നിങ്ങളെ ക്രിസ്തുവുമായി ബന്ധിപ്പിച്ചു നിർത്തുന്ന പ്രധാനഘടകമാണ്. പ്രാർത്ഥനയില്ലെങ്കിൽ നിങ്ങളുടെ വിശ്വാസവും സ്നേഹവും ഇല്ലാതാകും. നിങ്ങളുടെ ദൈനംദിന പ്രാർത്ഥനയിലും ഞായറാഴ്ച ആചാരണത്തിനും വിശുദ്ധ കുർബാന അർപ്പണത്തിലും സജീവമായി നിൽക്കുകയാണെങ്കിൽ ദൈവത്തോടുള്ള നമ്മുടെ സ്നേഹം അനുദിനം വർദ്ധിക്കും. ലോകത്തിന് തരാൻ കഴിയാത്ത ഹൃദയസമാധാനവും സന്തോഷവും നിങ്ങൾക്ക് അനുഭവിക്കുവാൻ സാധിക്കും.”

  5. “പ്രയാസകരമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പ്രാർത്ഥിക്കുക. പ്രാർത്ഥനയിൽ ഒരിക്കലും മടുപ്പ് ഉണ്ടാകരുത്. പ്രാർത്ഥിക്കാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിൽ വിശുദ്ധഗ്രന്ഥം എടുക്കാം. സഭയുടെ ആരാധനാക്രമങ്ങളിൽ സജീവമാകാം. ഈശോയുടെ ജീവിതവും അവിടുന്ന് പഠിപ്പിച്ച കാര്യങ്ങളും ധ്യാനിക്കാം. ഈ നിമിഷങ്ങളിൽ നിങ്ങളെ സഹായിക്കുവാൻ സങ്കീർത്തനത്തിലെ മനോഹരമായ പ്രാർത്ഥനകൾക്ക് കഴിയും.”

  6. “നമ്മുടെ എന്തെങ്കിലും ആവശ്യങ്ങൾ സാധിക്കുവാൻ വേണ്ടി മാത്രം നാം ദൈവത്തോടു നടത്തുന്ന സംഭാഷണം ആവരുത് പ്രാർത്ഥന. പ്രാർത്ഥനയിൽ നാം, നമുക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യണം. നിങ്ങൾ യേശുവിന്റെ ഉപദേശം അനുസരിക്കുകയും നിരന്തരമായി അവിടുത്തോട് പ്രാർഥിക്കുകയും ചെയ്താൽ നിങ്ങൾക്ക് നന്നായി പ്രാർത്ഥിക്കാൻ പഠിക്കും. ദൈവം തന്നെ നിങ്ങളെ അത് പഠിപ്പിക്കും.”

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ