പാപകരമായ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രാരംഭ പ്രതിവിധി

    ചില അവസരങ്ങളിൽ നമുക്ക് തന്നെ തോന്നാറുണ്ട് ‘ദൈവമേ, ഈ പാപകരമായ ജീവിതം ഉപേക്ഷിക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ’ എന്ന്. നമ്മുടെ ജീവിതത്തിലെ ചില പാപസാഹചര്യങ്ങൾ അത്രകണ്ട് നമ്മെ വലയ്ക്കാറുണ്ട്. ദൈവത്തെ പിന്തുടരുവാനും അവിടുത്തെ ഹിതം തേടുവാനുമുള്ള ആഗ്രഹം ആദിമുതൽ തന്നെ മനുഷ്യന്റെയുള്ളിൽ നിക്ഷേപിച്ചിരിക്കുന്നതാണ്. അതിനാൽ തന്നെ അതിന് വിഘാതമായി നിൽക്കുന്ന എന്തും മനുഷ്യന്റെയുള്ളിൽ ഒരു വീർപ്പുമുട്ടലായി അവശേഷിക്കും.

    ഇത്തരം സാഹചര്യത്തെക്കുറിച്ച് ഫാ. ലോറെൻസോ സ്കുപ്പൊളി വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “പിശാച് ഒരു മനുഷ്യനെ പാപത്തിന്റെ അടിമത്വത്തിലാക്കുമ്പോൾ അവന്റെ കണ്ണുകൾ കൂടുതൽ അന്ധമാക്കുന്നു. അവൻ തന്റെ പാപത്തിന്റെ അവസ്ഥയെ തിരിച്ചറിയുന്ന എല്ലാ സാഹചര്യങ്ങളെയും പിശാച് ഇല്ലാതാക്കുന്നു” –  അങ്ങനെ ചെറിയ തെറ്റുകളിൽ നിന്ന് വലിയ വലിയ തെറ്റുകളിലേയ്ക്ക് നാം വളരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ദൈവത്തിന്റെ കൃപാവരത്തിനു മാത്രമേ മനുഷ്യനെ പാപബന്ധനകളിൽ നിന്ന് രക്ഷിക്കുവാൻ കഴിയുകയുള്ളൂ.

    പാപകരമായ ജീവിതത്തിൽ നിന്ന് രക്ഷ നേടുവാൻ ആഗ്രഹിക്കുന്നവരോട് സുപ്പോളി നിർദ്ദേശിക്കുന്നത് ഇപ്രകാരമാണ്: “നീ പാപത്തിൽ നിന്ന് രക്ഷപെടുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഹൃദയം തുറന്ന് പാപമോചനത്തിനായി ദൈവത്തോട് കരഞ്ഞപേക്ഷിക്കുക. അന്ധകാരത്തിന്റെ ചിന്തകൾ മാറ്റി പ്രകാശത്തിന്റെ ഉറവിടമായ ദൈവത്തിനായി മനസ് തുറക്കുക. അവിടുത്തെ വാക്കുകൾക്കായി കാതോർക്കുക” – ഇത്രയും ചെയ്തശേഷം ഇങ്ങനെ പ്രാർത്ഥിക്കാം. “ദൈവമേ, എന്നെ എത്രയും വേഗം സഹായിക്കുവാൻ കടന്നുവരണമേ.. ഈ പാപബന്ധനകളിൽ ഇനിയും തുടരുവാൻ എന്നെ അനുവദിക്കരുതേ.. അങ്ങയുടെ പ്രകാശത്തിലേയ്ക്ക് എന്നെ കൈപിടിച്ചു നടത്തണമേ.. ആമ്മേൻ.”

    ഈ പ്രാർത്ഥന ആവർത്തിച്ചു ചൊല്ലി ദൈവത്തിന്റെ കരുണ നമ്മുടെമേൽ ഒഴുകിയിറങ്ങുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. പരിശുദ്ധ അമ്മയുടെ പ്രത്യേക സഹായവും തേടാം. തുടർന്ന് എത്രയും വേഗം കുമ്പസാരത്തിനായി അണയാം. ഹൃദയം തകർന്നുള്ള നിലവിളി കേൾക്കാതിരിക്കാൻ ദൈവത്തിനു കഴിയില്ല. അവിടുന്ന് ഇടപെടുകയും പാപബന്ധനത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യും.