വൈദികനെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ സംഭവം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു

തനിച്ച് വിശുദ്ധ കുർബാന അർപ്പിച്ച കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ലിബിൻ പുത്തൻപറമ്പിലിനെ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു ഉടൻ റിപ്പോർട്ട് നൽകുവാൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്കു നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ഉചിതമായ നടപടി സ്വീകരിക്കും എന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അറിയിച്ചു.

മദ്ബഹായുടെ വിരി പോലും തുറക്കാതെ സ്വകാര്യമായി ആയിരുന്നു ഫാ. ലിബിൻ വിശുദ്ധ കുർബാന അർപ്പിച്ചത്. പള്ളിയുടെ വാതിക്കൽ എത്തി ദൈവാലയ ശുശ്രൂഷിയോടു വിവരം തിരക്കിയ ഉദ്യോഗസ്ഥൻ കുർബാനയ്ക്കു ശേഷം സ്റ്റേഷനിൽ എത്തണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ വൈദികനോട് വിശുദ്ധ കുർബാന അർപ്പിച്ചത് നിയമ ലംഘനം ആണെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. സ്വകാര്യ ബലിയാണ് അർപ്പിച്ചതെന്ന വൈദികന്റെ വാക്കുകൾക്ക് ഉദ്യോഗസ്ഥൻ ചെവികൊടുക്കുക പോലും ചെയ്തിരുന്നില്ല. ഇതിനെതിരെ വൻ പ്രതിക്ഷേധം ആണ് ഉയർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.