ജപമാല ചൊല്ലുന്നതിനുള്ള കാരണങ്ങൾ വെളിപ്പെടുത്തി ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ ദർശനം ലഭിച്ച സി. ലൂസിയ

1917 മെയ് 13 -ന് പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവ് മൂന്നു കുഞ്ഞുങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു. അതിൽ ഒരാളായ ലൂസിയ ഡോസ് സാന്റോസ് പിന്നീട് സമർപ്പിത ജീവിതം സ്വീകരിച്ചു. ജപമാല ചൊല്ലുന്നതിനുള്ള കാരണങ്ങൾ ‘കോൾസ് ഫ്രം ദി മെസ്സേജ് ഓഫ് ഫാത്തിമ’ എന്ന പുസ്തകത്തിൽ സി. ലൂസിയ വെളിപ്പെടുത്തുന്നുണ്ട്. നാഷണൽ കാത്തോലിക് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ആ ഏഴു കാരണങ്ങളാണ് ചുവടെ ചേർക്കുന്നത്.

“എല്ലാ ദിവസവും ജപമാല ചൊല്ലുക, യുദ്ധങ്ങൾ അവസാനിക്കുന്നതിനും ലോകത്തിൽ സമാധാനം പുലരുന്നതിനും അത് അനിവാര്യമാണ്.” സി. ലൂസിയ പറയുന്നു.

1. ഓരോരുത്തരുടെയും സാധ്യതകളുമായി പൊരുത്തപ്പെടുന്ന ജപമാല പ്രാർത്ഥന

ജപമാല പ്രാർത്ഥന എല്ലാവർക്കും പ്രാർത്ഥിക്കുവാൻ സാധിക്കുന്ന ഒരു പ്രാർത്ഥനയാണ്. ധനികനും ദരിദ്രനും ജ്ഞാനിയും അജ്ഞനും പ്രായമായവരും കുഞ്ഞുങ്ങളും എന്നുവേണ്ട വ്യക്തിപരമായോ പൊതുവായോ പ്രാർത്ഥിക്കാവുന്ന ഒരു പ്രാർത്ഥന. ജപമാല ചൊല്ലുവാൻ പ്രത്യേകമായ സമയവും ഇല്ല. അതിനാൽ തന്നെ ഈ പ്രാർത്ഥന ചൊല്ലുവാൻ ഏതു സമയവും അനുയോജ്യമാണ്. തന്റെ മക്കളുടെ ആവശ്യങ്ങൾക്കും സാധ്യതകൾക്കും അനുയോജ്യമായവ നൽകുന്ന നല്ല പിതാവാണ് ദൈവം. അതിനാൽ തന്നെ യാതൊരുവിധ തയാറെടുപ്പുകളും മുന്നൊരുക്കങ്ങളും ആവശ്യമില്ലാത്ത ഈ പ്രാർത്ഥനയ്ക്ക് മാതാവിനോടുള്ള ഭക്തിയും നല്ല മനസ്സും മാത്രമേ ആവശ്യമായുള്ളൂ.

2. നമ്മുടെ കുടുംബങ്ങളെ ദൈവവുമായി ചേർത്തുവയ്ക്കുന്നു

ജപമാല പ്രാർത്ഥന നമ്മെ ദൈവവുമായി ബന്ധപ്പെടുത്തുന്നതിനും അവിടുത്തോട് നന്ദി പറയുന്നതിനുമുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ്. കൂടാതെ നമുക്കാവശ്യമുള്ള കൃപകൾ ചോദിക്കുന്നതിനുള്ള ഒരു താക്കോൽ കൂടിയാണ് ജപമാലയെന്നു സി. ലൂസിയ പറയുന്നു. കുടുംബങ്ങളെ ദൈവവുമായി ചേർത്തു വെയ്ക്കുന്നത് പ്രാർത്ഥനയാണ്. അതിനാൽ തന്നെ അവിടുത്തോടൊപ്പമായിരിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗവും പ്രാർത്ഥന തന്നെ. നമ്മെ അലട്ടിക്കൊണ്ടിരിക്കുന്ന ഏത് ആശങ്കയെയും ദൈവത്തോട് പങ്കുവെയ്ക്കുന്നതിനും അവിടുത്തെ പിന്തുണയും സഹായവും ലഭിക്കുന്നതിനും ജപമാല പ്രാർത്ഥന നമ്മെ സഹായിക്കുന്നു.

3. വിശുദ്ധ ബലിയർപ്പണം കഴിഞ്ഞാൽ ഏറ്റവും മനോഹരമായ പ്രാർത്ഥന

സഭയിൽ വിശുദ്ധ ബലിയർപ്പണം കഴിഞ്ഞാൽ ഏറ്റവും മനോഹരമായ പ്രാർത്ഥന ജപമാലയാണ്. നമ്മുടെ ആത്മാക്കൾക്ക് ഗുണകരവും ദൈവത്തിനു സമർപ്പിക്കുവാൻ സാധിക്കുന്ന ഏറ്റവും മനോഹരവുമായ പ്രാർത്ഥനയാണിത്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ പരിശുദ്ധ അമ്മ ജപമാല ചൊല്ലുവാൻ ഇത്രമാത്രം പ്രേരിപ്പിക്കുകയില്ലായിരുന്നുവെന്നും സി. ലൂസിയ വെളിപ്പെടുത്തുന്നു.

4. നമ്മുടെ ദൈനംദിന പ്രാർത്ഥനകൾ നിറവേറ്റുവാൻ നമ്മെ സഹായിക്കുന്നു

ഒരോ ദിവസവും അവിടുന്ന് നമ്മെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കിയോ എന്നറിയുവാനും നാം ദൈവത്തിനു സമർപ്പിക്കുവാൻ പദ്ധതിയിട്ടിരുന്ന കാര്യങ്ങൾ നടത്തിയോ എന്നറിയുവാനും ജപമാല പ്രാർത്ഥന നമ്മെ സഹായിക്കുന്നു. ദൈവവുമായുള്ള ബന്ധവും അതിലൂടെ വിശ്വാസം, പ്രത്യാശ, എന്നിവ നമ്മിൽ കുടികൊള്ളുവാനും ഈ പ്രാർത്ഥന സഹായിക്കുന്നു.

5. ദിവ്യബലിക്കായി തയ്യാറെടുക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗം

പരിശുദ്ധ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷമോ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കുചേരുന്നതിനു മുൻപോ ജപമാല പ്രാർത്ഥന ചൊല്ലുന്നത് വളരെ അനുയോജ്യമാണെന്ന് സി. ലൂസിയ പറയുന്നു. നന്ദി സൂചകമായും ദിവ്യബലിയിൽ തയാറെടുക്കുന്നതിന് മുൻപുമുള്ള ഒരുക്കപ്രാർത്ഥനയായും ജപമാല പ്രാർത്ഥനയെ കണക്കാക്കാവുന്നതാണ്. ഏതൊരു വിശ്വസിക്കും ഇത് അനുയോജ്യമായ ഒന്നാണ്.

6. ദൈവശാസ്ത്രപരമായ ഗുണങ്ങളെ സംരക്ഷിക്കുക

ജപമാലയിലെ ദൈവ ശാസ്ത്രപരമായ കാര്യങ്ങളെ നാം അറിഞ്ഞിരിക്കണം. നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളതും അനുയോജ്യമായതും എന്താണെന്ന് മറ്റെല്ലാവരെയുംകാൾ ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും നന്നായിട്ടറിയാം. അതിനാൽ തന്നെ ജപമാല പ്രാർത്ഥനയിലൂടെ നമുക്ക് ആവശ്യമായതെല്ലാം അവിടുന്ന് നൽകും.

7. ഭൗതികതയിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു

വിശുദ്ധ ബലിയിൽ പങ്കെടുക്കുകയും ദിവസവും ജപമാല ചൊല്ലുകയും ചെയ്യുന്ന ഒരു വിശ്വാസിയും ഭൗമിക ജീവിതത്തിന്റെ ഭ്രമത്തിലേക്ക് പോകുകയില്ലെന്നു സി. ലൂസിയ വ്യക്തമാക്കുന്നു. ലോകത്തിന്റെ മായയിൽ ആത്മാവ് വീണുപോകുന്ന അവസ്ഥ ജപമാല പ്രാർത്ഥന ചൊല്ലുന്ന ഒരു ദൈവമക്കൾക്കും ഉണ്ടാകില്ല. അതിനാൽ തന്നെ ജപമാലയെയും ദിവ്യബലിയെയും മുറുകെപിടിച്ചുള്ള ജീവിതമാണ് നമ്മെ വിശുദ്ധിയിലേക്ക് നയിക്കുന്നത്.

വിവർത്തനം: സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.