ഓഗസ്റ്റ് മാസം മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കാന്‍ കാരണം

ജൂണ്‍ മാസം ഈശോയുടെ തിരുഹൃദയ ഭക്തിയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നുവെങ്കില്‍ ഓഗസ്റ്റ് മാസം മാതാവിന്റെ വിമലഹൃദയ വണക്കത്തിനായാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 15-നാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആചരിക്കുന്നതെന്ന കാരണത്തിനു പുറമേ വേറെയും കാരണങ്ങളുണ്ട് ഈ വണക്കമാസാചാരണത്തിനു പിന്നില്‍. അവ എന്താണെന്ന്‍ അറിയാം.

രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് ലോകം മുഴുവന്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന സമയത്ത്, പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ, ഫാത്തിമാ മാതാവിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക പ്രാര്‍ത്ഥനകള്‍ ലോകത്തോട് ആവശ്യപ്പെടുകയും 1942 ഒക്ടോബര്‍ 31-ാം തീയതി ലോകത്തെ മുഴുവന്‍ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

യുദ്ധകെടുതികള്‍ അവസാനിക്കാതെ വന്നതോടെ 1944 മേയ് 4-ാം തീയതി, ഓഗസ്റ്റ് 22-ന് മാതാവിന്റെ വിമലഹൃദയ തിരുനാളായി പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യം, സഭയുടെ സ്വാതന്ത്ര്യം, പാപികളുടെ മാനസാന്തരം, ഐക്യം, സ്‌നേഹം എന്നിവയുടെ വളര്‍ച്ച എന്നിവയെല്ലാം ലക്ഷ്യം വച്ചും അഭ്യര്‍ത്ഥിച്ചുമാണ് പാപ്പാ ഇപ്രകാരം ചെയ്തത്.

പിന്നീട് പോള്‍ ആറാമന്‍ പാപ്പായാണ് മാതാവിന്റെ വിമലഹൃദയ തിരുനാള്‍ ഓഗസ്റ്റ് 15-നും ഓഗസ്റ്റ് 22-ന് സ്വര്‍ഗ്ഗരാജ്ഞി തിരുനാളായും ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തില്‍ യുദ്ധം അവസാനിക്കാനായി പ്രാര്‍ത്ഥിക്കണമെന്നുള്ള പ്രത്യേക അഭ്യര്‍ത്ഥനയാണ് പരിശുദ്ധ ദൈവമാതാവ് ഫാത്തിമായില്‍ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.