ആണ്‍കുട്ടികളെ നിയന്ത്രിക്കാം സ്നേഹത്തോടെ

ആണ്‍കുട്ടികള്‍ക്ക് അമ്മമാരോടും പെണ്‍കുട്ടികള്‍ക്ക് അച്ഛന്മാരോടും ഒരു പ്രത്യേക അടുപ്പം ഉണ്ട്. അതു സ്വാഭാവികമായ ഒന്നാണ്. ആ ഒരു പ്രത്യേകതയില്‍ നിന്ന് കൊണ്ട് അമ്മമാര്‍ ആണ്‍കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നത് ചിലപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

ആണ്‍കുട്ടികളെ അമിതമായി നിയന്ത്രിക്കുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക, അത് കൂടുതല്‍ ദോഷകരമായി ഭവിക്കുകയേ ഉള്ളു. അമിത നിയന്ത്രണം അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം:

1 . അമിത നിയന്ത്രണം കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നതിനു കാരണമാകും 

അമിതമായ നിയന്ത്രണം കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റും. ബാല്യത്തില്‍ കുട്ടികള്‍ മാതാപിതാക്കളുടെ ഇഷ്ടത്തിനൊത്തു വളര്‍ത്തുക എളുപ്പമാണ്. എന്നാല്‍ മുതിരുമ്പോള്‍ മാതാപിതാക്കളുടെ അമിത നിയന്ത്രണം അവരെ കൂടുതല്‍ പ്രതിസന്ധികളിലേയ്ക്ക് തള്ളി വിടുകയേ ഉള്ളു. അത് മാതാപിതാക്കളോട് ദേഷ്യം ഉണ്ടാകുന്നതിനും അകലുന്നതിനും കാരണമാകും.

അതിനാല്‍ അവര്‍ക്ക് ശരിതെറ്റുകള്‍ പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ ശ്രമിക്കാം. തെറ്റുകള്‍ ചെയ്യുമ്പോള്‍ സ്നേഹത്തോടെ ശാസിക്കാം. തിരുത്താന്‍ അവസരം കൊടുക്കാം. ഒപ്പം അവർക്ക് ഏതു കാര്യവും പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യം നല്‍കാം. അതാണ് നിയന്ത്രണത്തെക്കാള്‍ അത്യാവശ്യം.

2 . അമിത നിയന്ത്രണം കുട്ടികളെ നുണയന്മാരാക്കാം

ആണ്‍കുട്ടികള്‍ വളരുമ്പോള്‍ അവര്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരായി മാറുന്നത് സാധാരണയാണ്. അമിത നിയന്ത്രണങ്ങള്‍ വയ്ക്കുന്ന വീട്ടുകാരെ ബോധ്യപ്പെടുത്താനായി അവര്‍ ചില കള്ളത്തരങ്ങള്‍ കണ്ടുപിടിക്കും. ഇത് അവരെ സ്ഥിരമായി വീട്ടുകാരുടെയും പ്രത്യേകിച്ച് അമ്മമാരുടെയും ചോദ്യങ്ങളില്‍  നിന്ന് രക്ഷപെടുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ഉപയോഗിക്കുവാനും ശീലമായി മാറുവാനും സാധ്യത ഉണ്ട്.

3 . അമ്മമാരെ സ്വാധീനിക്കുവാന്‍ ശ്രമിക്കും

അമ്മമാരെ കയ്യിലെടുക്കാന്‍ ചില ആണ്‍കുട്ടികള്‍ക്ക് വളരെ എളുപ്പമാണ്. അമ്മമാര്‍ വേദനിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല. എന്നാല്‍ അവരെ നിഷേധിക്കാനും വയ്യ. ഈ ഒരു അവസ്ഥയില്‍ അവര്‍ അമ്മമാരേ സോപ്പിട്ടു കയ്യിലെടുക്കും. പിന്നെ വഴുതിനടക്കും. ഇതിനിടയില്‍ അവര്‍ ചെയ്യുന്നതൊക്കെ തുടരുകയും ചെയ്യും. ഈ അവസ്ഥയില്‍ മക്കള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നോ അവര്‍ എവിടെയാണ് പോകുന്നതെന്നോ അമ്മമാര്‍ക്ക് അറിയാനും കഴിയില്ല.

4 . ശത്രുതാ മനോഭാവം

അമിതമായി നിയന്ത്രിക്കുന്ന അമ്മമാരോട് മക്കള്‍ക്ക്‌ സ്നേഹത്തെക്കാള്‍ ഉപരിയായി ശത്രുത ഉണ്ടാകാനാണ് സാധ്യത. അവരോടുള്ള സ്നേഹം കൊണ്ടല്ലേ എന്ന് ചോദിക്കുന്ന അമ്മമാരുണ്ട്. എന്നാല്‍ അരുതുകളുടെ കൂട്ടില്‍ നിന്നും എങ്ങനെയും പുറത്തുകടക്കാനെ ഒരു കൌമാരക്കാരന്‍ ശ്രമിക്കുകയുള്ളു.

5 . ബന്ധങ്ങളിലെ തകര്‍ച്ച 

അമ്മമാരെ സംബന്ധിച്ചിടത്തോളം മക്കള്‍ അവരുടെ സ്വന്തമാണ്. എന്നാല്‍ കൗമാരക്കാരായ കുട്ടികളെ സംബന്ധിച്ചിടത്തോളം നല്ല സൌഹൃദങ്ങളും കൂട്ടുകെട്ടുകളും ആഗ്രഹിക്കുന്ന സമയവും. ഈ വൈരുധ്യം മനസിലാക്കാതെ വരുമ്പോള്‍ അത് ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകും. കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അത് ശരിതെറ്റുകളെ കുറിച്ചുള്ള ബോധ്യങ്ങളില്‍ ആവണം. കാരണം ബോധ്യങ്ങള്‍ ആണ് പ്രവര്‍ത്തികളിലേയ്ക്ക് നയിക്കുന്നത്.

അതിനാല്‍ കുട്ടികളെ അമിതമായി നിയന്ത്രിക്കാതെ അവരെ സ്നേഹിക്കാം, അവര്‍ക്ക് നല്ല ബോധ്യങ്ങള്‍ നല്‍കാം. ഒപ്പം പരിശുദ്ധ അമ്മയുടെ മാതൃക ഈ സമയത്ത് സ്വീകരിക്കാം. ഈശോയുടെ ജീവിതത്തില്‍ ഈശോയോടൊപ്പം നിശബ്ധമായി യാത്ര ചെയ്ത വ്യക്തിയാണ് പരിശുദ്ധ അമ്മ. അമ്മയുടെ മാതൃക സ്വീകരിച്ചു കൊണ്ട് നമ്മുടെ കുടുംബ ബന്ധങ്ങളെയും മക്കളെയും സമാധാന പൂർവം കൈകാര്യം ചെയ്യുവാന്‍ കഴിയണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.