പൂർണ്ണമായും കത്തിനശിച്ച വീട്ടിൽ കേടുപാടുകൾ ഏൽക്കാതെ അവശേഷിച്ച മാതാവിന്റെ രൂപം

ഡിസംബർ 30 -ന്, ബോൾഡർ കൗണ്ടിയിലെ ലൂയിസ്‌വില്ലെയിൽ പടർന്ന കാട്ടുതീ ഏകദേശം 1,000 ത്തോളം വീടുകളെ വിഴുങ്ങി. വീട് നഷ്ടപ്പെട്ടവരിൽ ലൂയിസ്‌വില്ലെയിലെ കാറ്റ്, ടോം ഗ്രെയ്നി എന്നിവരും ഉൾപ്പെടുന്നു. ഈ ദമ്പതികൾ അവരുടെ വീട്ടിൽ അവശേഷിച്ച ഭാഗത്തേക്ക് മടങ്ങിയെത്തിയപ്പോൾ കണ്ട കഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവർ വീട്ടിൽ സൂക്ഷിച്ചിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം കേടുപാടുകളൊന്നും ഏൽക്കാതെയിരിക്കുന്നതായിരുന്നു അത്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലും ദൈവത്തിലുള്ള അവരുടെ വിശ്വാസത്തെ ആഴപ്പെടുത്താൻ സഹായിക്കുന്നതായിരുന്നു ആ സംഭവം.

“കാട്ടുതീ ഏതാണ്ട് ശമിച്ചപ്പോൾ ഞങ്ങൾ വീടിരുന്ന സ്ഥലത്ത് എത്തി. എന്നാൽ അപ്പോഴേക്കും വീട് പൂർണ്ണമായും കത്തിനശിച്ചിരുന്നു. ഞങ്ങളുടെ അയൽപ്പക്കത്തുള്ള 55 വീടുകളിൽ അഞ്ചെണ്ണം ഒഴികെ ബാക്കിയെല്ലാം അഗ്നിക്കിരയായിരുന്നു. ഞങ്ങളുടെ വീട്ടിൽ പുകഞ്ഞുകൊണ്ടിരുന്ന അവശിഷ്ടങ്ങൾക്കിടയിൽ കയറി നോക്കിയപ്പോൾ മിക്കവാറും ഒന്നും തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയിൽ നശിച്ചുപോയിരുന്നു. എന്നാൽ, അവക്കിടയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു രൂപം മാത്രം കേടുപാടുകളൊന്നും ഏൽക്കാതെ അവശേഷിച്ചിട്ടുണ്ടായിരുന്നു. ചുറ്റുപാടും ഇഷ്ടികകളും വീണുകിടപ്പുണ്ടായിരുന്നു. എന്നാൽ, ആ രൂപം മാത്രം വീണുപോകാതെ അവിടെത്തന്നെ ഉണ്ടായിരുന്നു” – ദമ്പതികൾ വെളിപ്പെടുത്തുന്നു.

“തീയിലും കത്തിനശിക്കാത്ത ഈ രൂപം ഒരു പ്രതീകമാണ്. മണിക്കൂറുകൾക്കു മുമ്പ് ഒരു നരകാഗ്നിയായിരുന്നു ഇവിടം. നമ്മുടെ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ ഇടപെടലും ഇപ്രകാരമാണ്. നമ്മുടെ കർത്താവും രക്ഷകനുമായ അവളുടെ പുത്രനായ യേശുക്രിസ്തുവിനോട് നമുക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്, ഏറ്റവും ഇരുണ്ട സമയങ്ങളിൽ നമുക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിച്ചുകൊണ്ട് പരിശുദ്ധ അമ്മ നിലയുറപ്പിക്കുന്നു എന്നതിന്റെ പ്രതീകം” – അവർ കൂട്ടിച്ചേർത്തു.

ഒരു വസ്ത്രമോ, ടൂത്ത് ബ്രഷോ പോലും ഇല്ലാതെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കിലും ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം ഈ ദമ്പതികളെ താങ്ങിനിർത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.