കടലിൽ ‘മനുഷ്യ കടൽഭിത്തി’ – അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി പുതിയ സമരമുഖം

കടലിൽ ‘മനുഷ്യ കടൽഭിത്തി’ തീർത്ത് നിൽപ്പ്സമരം നടത്തി കടലിന്റെ മക്കൾ. അടിയന്തരമായി കടൽഭിത്തി നിർമ്മിക്കുക, മന്ത്രിമാരും കളക്ടറും സത്വരമായി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ രൂപതയിലെ വൈദികരുടെ നേതൃത്വത്തിലാണ് കടലിൽ മനുഷ്യ കടൽഭിത്തി തീർത്ത സമരം നടന്നത്.

പത്തൊൻപതാം തീയതി രാവിലെ 11 മണി മുതൽ 12. 30 വരെ ഒറ്റമശ്ശേരി കടലിലാണ് പ്രതീകാത്മകമായി മനുഷ്യ കടൽഭിത്തി നിർമ്മിച്ച് നിൽപ്പ്സമരം നടത്തിയത്.

ആലപ്പുഴ രൂപത സോഷ്യൽ ആക്ഷൻ ടീം കെസിവൈഎം, കെഎൽസിഎ തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകി. വികാരി ജനറൽ മോൺ. പയസ് ആറാട്ടുകുളം ഫാ. സേവ്യർ കുടിയാംശേരി, ഫാ. ജസ്റ്റിൻ കുരിശിങ്കൽ, ഫാ. സെബാസ്റ്റ്യൻ പുന്നയ്ക്കൽ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ എന്നിവരായിരുന്നു മുൻനിരയിൽ.

ഫാദർ തോബിയാസ് സമരം ഉദ്ഘാടനം ചെയ്തു. ഫാ. ക്രിസ്റ്റഫർ വിഷയാവതരണം നടത്തി. തുടർന്ന് കെഎൽസിഎ പ്രസിഡന്റ് ജോൺ ബ്രിട്ടോ, കെസിവൈഎം പ്രസിഡന്റ് ഇമ്മാനുവൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

വൈദികരോടൊപ്പം യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ മത -രാഷ്ട്രീയ ഭേദമില്ലാതെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഈ സമരത്തിലൂടെ അധികാരികളിൽ നിന്ന് സത്വരനടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകുമെന്നും അത് ഭരണസിരാകേന്ദ്രങ്ങളെ സ്തംഭിപ്പിക്കുമെന്നും സോഷ്യൽ ആക്ഷൻ ടീം പറഞ്ഞു.