ജില്ലയിലെ മലയോരമേഖലകളില്‍ വനംവകുപ്പിന്റെ മനുഷ്യാവകാശലംഘനം അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

ജില്ലയിലെ മലയോരമേഖലകളില്‍ വനംവകുപ്പിന്റെ കര്‍ഷകദ്രോഹ നടപടികള്‍ മൂലമുള്ള മനുഷ്യാവകാശലംഘനം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

കുറുക്കന്‍കുണ്ട് പ്രദേശത്ത് റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ലഭിക്കുന്നതിന് വനംവകുപ്പ് വര്‍ഷങ്ങളായി തടസ്സം നില്‍ക്കുന്നു. ആറ് പതിറ്റാണ്ടുകളായി നികുതിയടച്ച് കൈവശം വച്ചുവരുന്ന കൃഷിഭൂമി, കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിങ്ങ് ആന്റ് അസൈന്‍മെന്റ് ആക്ട് 1971 പ്രകാരം നിക്ഷിപ്ത വനഭൂമിയാണ് എന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. കര്‍ഷകന്‍ ജനിച്ച സ്ഥലത്ത് ജീവിക്കാനുള്ള അവകാശത്തിന് ഭീഷണിയായ വനംവകുപ്പിന്റെ ഈ നടപടികള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശലംഘനമാണെന്ന് യോഗം വിലയിരുത്തി. റവന്യൂ വകുപ്പ് നല്‍കിയ പട്ടയത്തിന്റെ സാധുതയെ വെല്ലുവിളിക്കുന്ന വനംവകുപ്പിന്റെ കര്‍ഷകവിരുദ്ധ നിലപാട് തിരുത്തുവാന്‍ മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

റവന്യൂ – വനം വകുപ്പുകളുടെ അനാസ്ഥ മൂലമുണ്ടായ നിയമത്തിന്റെ നൂലാമാലകളില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഈ സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത സര്‍വ്വേ കുറുക്കന്‍കുണ്ട് പ്രദേശത്ത് ഉടന്‍ നടത്തി കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി വീഡിയോ കോണ്‍ഫറന്‍സ് യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, ട്രഷറര്‍ മാത്യു കല്ലടിക്കോട്, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ജോസ് മേനാച്ചേരി, രൂപത വൈസ് സ്വപ്ന ജെയിംസ്, പ്രസിഡന്റ് ഷേര്‍ളി റാവു, സെക്രട്ടറിമാരായ ജെയിംസ് പോളക്കാട്ടില്‍, അഡ്വ. റെജിമോന്‍ പെട്ടെനാല്‍, സണ്ണി ഏറനാട്ട്, അഡ്വ. ബോബി പൂവ്വത്തിങ്കല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാനി ആന്റെണി, അഡ്വ. ജോസ് പാറേമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.