അക്രമങ്ങളെ അപലപിച്ച്, പ്രാർത്ഥനാ സഹായം യാചിച്ച് ഹോങ്കോങ് കർദ്ദിനാൾ 

ഹോങ്കോങിൽ അരങ്ങേറുന്ന അക്രമങ്ങളെ അപലപിച്ചും പ്രശ്നങ്ങൾ എത്രയുംവേഗം അവസാനിപ്പിക്കാൻ പ്രാർത്ഥനാസഹായം അപേക്ഷിച്ചും ഹോങ്കോങിലെ അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റർ കർദ്ദിനാൾ ജോൺ ടോങ് ഹോൻ. എന്തിന്റെ പേരിലായാലും അക്രമങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും പരസ്പര ആദരവോടെയാണ് ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യേണ്ടതെന്നും വത്തിക്കാൻ റേഡിയോയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ചൈനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വിചാരണ ചെയ്യേണ്ടി വന്നാൽ, ഹോങ്കോങ് സ്വദേശികളെ അങ്ങോട്ട് വിട്ടുകൊടുക്കാനുള്ള നിയമത്തിനെതിരെ നടക്കുന്ന ജനകീയപ്രക്ഷോഭമാണ് അക്രമാസക്തമായത്. ഹോങ്കോങ് ലെജിസ്‌ലേറ്റീവ് കൗ‍ൺസിൽ ഉപരോധിച്ച പതിനായിരക്കണക്കിന് പ്രക്ഷോഭകർ, പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ലാത്തിച്ചാർജിൽ 10 പേർക്ക് പരിക്കേറ്റു.

സ്ഥിരത പാലിക്കണമെന്നും സമൂഹത്തിന്റെ സുസ്ഥിരത തിരികെ കൊണ്ടുവരണമെന്നും സമാധാനവും ഐക്യവും പുനഃസ്ഥാപിക്കപ്പെടണമെന്നും കർദ്ദിനാൾ ടോങ് ഹോൻ ആവശ്യപ്പെട്ടു.