സുവിശേഷവത്കരണത്തിന്റെ മുഖ്യവക്താവ് പരിശുദ്ധാത്മാവ്: മാർപ്പാപ്പ

വിളംബരം, സേവനം, നൽകൽ എന്നിവയാണ് സുവിശേഷവത്കരണത്തിന്റെ മൂന്ന് അടിസ്ഥാന മാനങ്ങളെന്ന് മാർപ്പാപ്പ. തിങ്കളാഴ്ച കാസാ സാന്താ മാർത്തയിലെ സന്ദേശത്തിലാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

വിളംബരം

“സുവിശേഷ വിളംബരത്തിന്റെ മുഖ്യ വക്താവ് പരിശുദ്ധാത്മാവാണെന്ന് വിശുദ്ധ ഗ്രന്ഥത്തിൽ വിശുദ്ധ ബർണബാസിന്റെ ജീവിതത്തിൽ നിന്ന് വ്യക്തമാണ്. മറ്റുള്ള സംഭാഷണരീതി പോലെയല്ല, ഈ വിളംബരം. പരിശുദ്ധാത്മാവിന്റെ ഇടപെടൽ കാരണം അതിലൂടെ ഹൃദയങ്ങൾക്ക് മാറ്റം സംഭവിക്കുന്നു. പരിശുദ്ധാത്മാവിനെ നൽകികൊണ്ടാണ് യേശു നമ്മെ സുവിശേഷ പ്രഘോഷണത്തിനായി അയച്ചിരിക്കുന്നത്. അതൊരു ധൈര്യമാണ്. ആത്മാവാണ് ധൈര്യം നൽകുന്നതും ഓരോ നിമിഷവും മുന്നോട്ട് നയിക്കുന്നതും.” മാർപ്പാപ്പ പറഞ്ഞു.

സേവനം

“സുവിശേഷ വത്കരണത്തിന്റെ രണ്ടാമത്തെ മാനം സേവനമാണ്. ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകവാകണമെന്ന് യേശു പറഞ്ഞത് അതുകൊണ്ടാണ്. നല്ല കാര്യങ്ങൾ പറയാൻ എളുപ്പമാണ്. എന്നാൽ അവ ചെയ്തു കാണിക്കുന്നതിലാണ് മിടുക്ക്. ചെറിയ കാര്യങ്ങളിൽ പോലും സഹോദരീ സഹോദരന്മാർക്ക് കൈത്താങ്ങായി പ്രവർത്തിക്കാനും പരിശുദ്ധാത്മാവ് നമ്മെ ഒരുക്കുന്നുണ്ട്.” മാർപ്പാപ്പ കൂട്ടിച്ചേർത്തു.

സുവിശേഷം: സൗജന്യമായി നൽകേണ്ടത്

“സുവിശേഷമെന്നത് സൗജന്യമായി വിതരണം ചെയ്യേണ്ടതാണ്. കാരണം അതാരും സ്വന്തമായി നേടിയെടുത്തതല്ല. അതുകൊണ്ടാണ് യേശു പറഞ്ഞത്, ദാനമായി നിങ്ങൾക്ക് കിട്ടി, ദാനമായി തന്നെ കൊടുക്കുവിൻ എന്ന്. സുവിശേഷ പ്രഘോഷണത്തിനായി ഇറങ്ങിത്തിരിക്കുന്നവർ തങ്ങളുടെ ജീവൻ പോലും ദാനമായി നൽകാൻ സന്നദ്ധരായിരിക്കണം. ആത്മീയ ദാരിദ്രമായിരിക്കണം അവരുടെ മുഖമുദ്ര. അപ്പോൾ പരിശുദ്ധാത്മാവ് വേണ്ടത് നൽകുകയും ചെയ്യും.” മാർപ്പാപ്പ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.