ആമസോൺ സിനഡിനെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്: ഫ്രാൻസിസ് പാപ്പാ

ആമസോൺ സിനഡിനെ നയിക്കുന്ന പ്രധാന ശക്തി പരിശുദ്ധാത്മാവാണ് എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. സിനഡിന്റെ ഉദ്‌ഘാടന ദിവസം നൽകിയ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം വ്യക്തമാക്കിയത്.

സിനഡിലെ ഓരോ കാര്യങ്ങളും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ ഇടയിലായിരിക്കുവാൻ, പ്രവർത്തിക്കുവാൻ നമുക്ക് ദൈവാരൂപിയെ അനുവദിക്കാം. പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിന്‍ കീഴിലായിരിക്കാൻ നമുക്ക് ശ്രമിക്കാം. നമ്മുടെ ചിന്തകളെ പ്രതിഫലിപ്പിക്കുവാനും എളിമയോടെ കാര്യങ്ങൾ പങ്കുവയ്ക്കുവാനും ദൈവഹിതം അനുസരിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുവാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ. പാപ്പാ പറഞ്ഞു.

വൈദികർ, അത്മായർ, സന്യസ്തർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കുന്ന സിനഡ് ഈ മാസം 27-ന് സമാപിക്കും. ആമസോൺ സഭയുടെ പ്രാധാന്യം, പരിസ്ഥിതി വെല്ലുവിളികൾ, പൗരോഹിത്യത്തിലെ വെല്ലുവിളികൾ, സുവിശേഷവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് സിനഡ് പ്രധാനമായും ചർച്ച ചെയ്യുന്നത്.