‘ഹോളി ലാന്‍ഡ് കോളേജ്’ ഫ്രാൻസിസ്കൻ സഭയ്‌ക്ക്‌ തിരികെ നൽകി

അലപ്പോയുടെ ക്രൈസ്തവ ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിച്ച ‘ഹോളി ലാന്‍ഡ് കോളേജ്’ സിറിയന്‍ സര്‍ക്കാര്‍ ഫ്രാന്‍സിസ്കന്‍ സഭയുടെ സാവോ പോളോ പ്രവിശ്യക്ക് ഔദ്യോഗികമായി തിരികെ നല്‍കി. സാവോ പോളോ പ്രവിശ്യയിലെ സമൂഹത്തിന്റെ അധ്യക്ഷനായ ഫാ. ഫിറാസ് ലുട്ഫി ഒ.എഫ്.എം പുറത്തുവിട്ട കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘വളരെക്കാലമായി കാത്തിരുന്ന സമ്മാനം’ എന്നാണ് കോളേജ് തിരികെ നൽകിയതിനെ ഫാ. ഫിറാസ് വിശേഷിപ്പിച്ചത്. ചരിത്ര പ്രധാനമായ കോളേജ് തിരികെ ലഭിച്ചതിൽ പരിശുദ്ധ കന്യകാമാതാവിന് നന്ദി പറഞ്ഞ ഫാ. ഫിറാസ് ഇതിനു ചുക്കാൻ പിടിച്ച സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനും നന്ദി അറിയിച്ചു.

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നേരത്തെ ദേശസാൽക്കരിച്ചപ്പോൾ ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയായിരിന്നു. 2019 ഡിസംബര്‍ 23 -ന് ഫ്രാന്‍സിസ്കന്‍ വൈദികര്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയും ഹോളി ലാന്‍ഡ് കെട്ടിടവും തിരികെ തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കിയിരുന്നതായി സൂചനകൾ ഉണ്ടായിരുന്നു. നിരവധി ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും, രാഷ്ട്രീയക്കാരും പഠിച്ചിറങ്ങിയ ഹോളി ലാന്‍ഡ് കോളേജ് സിറിയയിലെ ചരിത്രപ്രധാനമായ ഒരു വിദ്യാലയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.