കുടുംബ ജീവിതത്തിൽ തിരുക്കുടുംബത്തിന്റെ മാതൃക

ജീവിതം എന്നും സന്തോഷകരമായ ഒന്നല്ല. എല്ലാവിധ മേഖലകളുടെയും കയറ്റിറക്കങ്ങളിലൂടെയാണ് അത് കടന്നുപോകുന്നത്. ഇത് സൂചിപ്പിക്കുന്നതിനായി നമുക്ക് ഏറ്റവും വലിയ ഉദാഹരണവും വിശുദ്ധ ഗ്രന്ഥത്തിൽ കാണാവുന്നതാണ്, തിരുക്കുടുംബം. തിരുക്കുടുംബം ജീവിതത്തിലേക്ക് നൽകുന്ന സൂചകങ്ങളെ മനസ്സിലാക്കുമ്പോളാണ് സുഗമമായ ജീവിതത്തിലേക്ക് നമുക്ക് പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ. ഒരു നല്ല കുടുംബ ജീവിതത്തിനു തിരുക്കുടുംബം നൽകുന്ന നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ജീവിതം വിഷമകരമാണ്, എന്നാൽ ആനന്ദപ്രദവും

ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഏറ്റവും കഷ്ടതയും ക്ലേശങ്ങളും നിറഞ്ഞതായിരുന്നു യേശുവും മാതാവും യൗസേപ്പിതാവും അടങ്ങുന്ന തിരുക്കുടുംബത്തിന്റേത്. ജീവിതത്തിലെ എല്ലാവിധ ഉയർച്ച താഴ്ചകളിലൂടെയും അപാരമായ പ്രതിസന്ധികളിലൂടെയും കടന്നുപോയ അവർക്ക് ഒരിക്കൽപോലും സന്തോഷത്തിൽ മാത്രം ജീവിച്ചു എന്ന് നമുക്ക് പറയുവാൻ സാധിക്കില്ല. അതിനാൽ തന്നെ മനസ്സിലാക്കുക, ജീവിതം കയ്‌പ്പേറിയതാണ്, എങ്കിലും ഈ കയ്പ്പിന്റെ അവസാനം എന്നത് ഉയിർപ്പിന്റെ വലിയ മഹത്വവും മാധുര്യവുമായിരിക്കുമെന്ന്‌.

2. പങ്കാളിയുടെ കുറവുകളെ നിറവുകളാക്കുക

മറിയമെന്ന അവിവാഹിതയായ പെൺകുട്ടി പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചെന്ന വാർത്തയറിഞ്ഞ ജോസഫ് ഒരിക്കൽ പോലും സംശയത്തിനോ മറ്റു ചോദ്യങ്ങൾക്കോ മുതിർന്നില്ല. കാരണം, അവളുടെ കുറവുകളെ ചോദ്യം ചെയ്യേണ്ടത് താൻ അല്ലെന്നുള്ള ബോധ്യമായിരുന്നു ജോസെഫിനുണ്ടായിരുന്നത്. അതിനാൽ തന്നെ പങ്കാളിയുടെ കുറവുകളെ ചോദ്യം ചെയ്യുവാനോ കുറ്റപ്പെടുത്തുവാനോ പാടുള്ളതല്ല. എല്ലാത്തിനെയും ദൈവത്തിലർപ്പിച്ചുകൊണ്ട് ജീവിതത്തെ മുന്നോട്ടേക്ക് കൊണ്ടുപോകുക. അവിടുന്ന് നയിച്ചുകൊള്ളും.

3. മരണം സ്വർഗ്ഗത്തിലേക്കുള്ള ഏക മാർഗ്ഗം

ക്രിസ്തുവിന്റെ കുരിശു മരണം വഴി സ്വർഗ്ഗത്തിലേക്കുള്ള വലിയ വഴിത്താരയാണ് അവിടുന്ന് നമുക്കായി തുറന്നു തന്നിരിക്കുന്നത്. കുടുംബാങ്ങളുടെ മരണങ്ങൾ സംഭവിക്കുമ്പോൾ നാം പലപ്പോളും പതറിപ്പോകാറുണ്ട്. പക്ഷെ സ്വർഗ്ഗത്തിലേക്കാണ് പ്രിയപ്പെട്ടവർ പോകുന്നതെന്ന ബോധ്യത്തിൽ ആയിരിക്കുമ്പോൾ നമുക്ക് തീർച്ചയായും ഒരു വലിയ ആശ്വാസം ലഭിക്കും. ജീവിച്ചിരിക്കുന്ന സമയത്ത് പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണ് ഏറ്റവും പ്രധാനം. മരിച്ച ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ജീവിച്ചിരുന്ന മറ്റുള്ളവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.

4. നല്ല പെരുമാറ്റം നമ്മെ ദൈവ മക്കളാക്കുന്നു  

ജീവിതത്തിൽ മറ്റുള്ളവർക്കുവേണ്ടി നന്മ ചെയ്യുകയും മാന്യതയോടുകൂടി പെരുമാറുകയും ചെയ്യുക. തിരുക്കുടുംബവും അങ്ങനെ തന്നെയാണല്ലോ ചെയ്തിരുന്നത്. യേശുവും മാതാവും ജോസഫും പരസ്പര ബഹുമാനത്തോടെയും അതുപോലെ തന്നെ മറ്റുള്ളവരെയും അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. അതിനുള്ള വ്യത്യസ്ത ഉദാഹരണങ്ങൾ വിശുദ്ധ ബൈബിളിൽ നാം വായിക്കുന്നുണ്ട്. ഈ ഒരു പ്രവർത്തി നമുക്ക് ദൈവത്തിന്റെ മക്കളെന്ന യോഗ്യതയാണ് നേടിത്തരുന്നത്. അതിനാൽ തന്നെ ഏറ്റവും ദൈവികമായ ഒന്നാണ് നല്ല പെരുമാറ്റവും പരസ്പര ബഹുമാനവും.

ജീവിതത്തിന്റെ ഊഷ്മളത നഷ്ടപ്പെട്ടുപോകുന്നുവെന്നു തോന്നുമ്പോൾ നസ്രേത്തിലെ തിരുക്കുടുംബത്തെ ഓർമ്മിക്കുക. പതിയെ കണ്ണുകളടച്ചുകൊണ്ട് ആ കുടുംബം കടന്നുപോയ എല്ലാവിധ കഷ്ടതകളെയും ദുഃഖങ്ങളെയും സന്തോഷങ്ങളെയും കുറിച്ച് ധ്യാനിക്കുക. എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം നിങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകും. തിരുക്കുടുംബത്തെ തന്നെയാണ് ജീവിത യാത്രയിൽ നാം മാതൃകയായി അവലംബിക്കേണ്ടതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.