വിശുദ്ധിയുടെ പരിമളം പരത്തിയ ദമ്പതികൾ

വി. കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ ലൂയിസ് – സീലിയ വിശുദ്ധരുടെ തിരുനാൾ ദിനമാണ് ഇന്ന്. വിശുദ്ധ ദമ്പതികൾ എന്ന പ്രത്യേകതകളോടൊപ്പം തന്നെ കത്തോലിക്കാ സഭയിലെ ഏറ്റവും കൂടുതൽ വിശുദ്ധരുള്ള കുടുംബവും ഇവരുടേതാണ്. ഈ വിശുദ്ധരുടെ ജീവിതവുമായി ബന്ധപ്പെട്ട ഏഴു കാര്യങ്ങൾ വായിച്ചറിയാം.

1. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ദമ്പതികൾ

കത്തോലിക്കാ സഭയിൽ ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ദമ്പതികളാണ് വി. ലൂയിസും സീലിയയും. 2015 ഒക്ടോബർ 18 -നാണ് ഫ്രാൻസിസ് മാർപാപ്പ അവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. അവരുടെ തിരുനാൾ ജൂലൈ 12 -നാണ് ആചരിക്കുന്നത്. കാരണം 1858 -ൽ ഫ്രാൻസിലെ നോട്ര ഡാം ബസിലിക്കയിൽ ജൂലൈ മാസം 12 -ആം തീയതിയാണ് അവർ വിവാഹിതരായത്.

2. ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പു തന്നെ ഇരുവരും വിശുദ്ധജീവിതം നയിക്കാൻ ആഗ്രഹിച്ചവർ

അഗസ്റ്റീനിയൻ മോണാസ്ട്രയിൽ സന്യാസജീവിതം നയിക്കാൻ ലൂയിസ് ആഗ്രഹിച്ചിരുന്നു. എന്നാൽ ലത്തീൻ ഭാഷയിൽ പരിജ്ഞാനം നേടാൻ കഴിയാതെ വന്നതിനാൽ അദ്ദേഹത്തിന് അവിടെ തുടരാനായില്ല. സീലിയായും സിസ്റ്റർ ഓഫ് ചാരിറ്റി സഭയിൽ അംഗമാകാൻ അനുവാദം ചോദിച്ചെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ സമർപ്പിതജീവിതത്തിലേക്കുള്ള അവരുടെ പ്രവേശനം നിഷേധിക്കപ്പെട്ടു. എന്നാൽ ദൈവം ഇരുവർക്കും നൽകിയത് ദാമ്പത്യം എന്ന വിളിയായിരുന്നു. വളരെ സ്നേഹത്തോടും സമർപ്പണബോധത്തോടെയുമാണ് ഇരുവരും തങ്ങളുടെ ദാമ്പത്യജീവിതം നയിച്ചത്.

3. ദൈവത്തിനായി സ്വയം സമർപ്പിക്കുന്ന മക്കൾക്കായി നിരന്തരം പ്രാർത്ഥിച്ച സീലിയ

ഒൻപതു മക്കളായിരുന്നു സീലിയയ്ക്കും ലൂയിസിനും. എന്നാൽ അതിൽ അഞ്ചു പേർ മാമ്മോദീസ സ്വീകരിച്ച ഉടനെ മരണപ്പെട്ടു. എങ്കിലും ശേഷിച്ച അഞ്ചുപേരും ദൈവവിളി സ്വീകരിച്ചു.

4. വളരെ ചെറുപ്പത്തിൽ മരണമടഞ്ഞ സീലിയ

കാൻസർ ബാധ്യതയായി 46 -ആം വയസ്സിലാണ് സീലിയ മരണമടയുന്നത്. അതിനുശേഷം ഏറ്റവും ചെറിയ കുട്ടിയായായ നാലു വയസ്സുകാരി കൊച്ചു ത്രേസ്യ അടക്കമുള്ള അഞ്ചുപേരെയും വളർത്തിയതും പരിപാലിച്ചതും പിതാവ് ലൂയിസാണ്. 1894 -ൽ തന്റെ 71 -ആം വയസ്സിലാണ് അദ്ദേഹം മരണമടയുന്നത്.

5. ലൂയിസ് തന്റെ മൂന്ന് പെണ്മക്കളോടൊപ്പം കാർമേലോയിലേക്ക് പോയി

1882 -നും 1887 -നും ഇടയിൽ ലൂയിസ് തന്റെ മൂന്ന് പെണ്മക്കളോടുമൊപ്പം ഓർഡർ ഓഫ് ഡിസ്‌കാൾഡ് കാർമലൈറ്റിലേക്ക് പോയി. നിരവധി ത്യാഗപ്രവർത്തികളിലൂടെ കർമ്മലീത്ത സഭയിൽ അംഗമായ വി. കൊച്ചുത്രേസ്യായടക്കം അഞ്ചു പെൺമക്കളും സമർപ്പിതജീവിതം തിരഞ്ഞെടുത്തു. നാലു പേർ കർമ്മലീത്ത സഭയിലും ഒരാൾ ഓർഡർ ഓഫ് ദി വിസിറ്റേഷൻ ഓഫ് സാന്താ മരിയയിലും.

6. കൊച്ചുത്രേസ്യ തന്റെ മാതാപിതാക്കളെ എക്കാലവും പ്രകീർത്തിച്ചിരുന്നു

‘ഒരു ആത്മാവിന്റെ കഥ’ എന്ന കൊച്ചുത്രേസ്യായുടെ ആത്മകഥയിൽ വിശുദ്ധ, തന്റെ വിശുദ്ധരായ മാതാപിതാക്കളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ‘ഭൂമിയേക്കാൾ സ്വർഗ്ഗത്തിന് അർഹമായ ഒരു അമ്മയെയും പിതാവിനെയും’ ദൈവം നൽകിയതിനെക്കുറിച്ച് ഇതിൽ പരാമർശിച്ചിരിക്കുന്നു.

എല്ലാ ദിവസവും പ്രഭാതത്തിൽ ദിവ്യബലിയിൽ പങ്കുചേരുക, വിശുദ്ധരോടും മാലാഖമാരോടും പ്രാർത്ഥിക്കുക, നോമ്പുകാലങ്ങളിൽ ത്യാഗപ്രവർത്തികൾ ചെയ്യുക, പാവപ്പെട്ടവരെയും അഗതികളെയും വീട്ടിൽ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുക, വൃദ്ധരെ സന്ദർശിക്കുക, എല്ലാവരെയും തുല്യരായി പരിഗണിക്കുക തുടങ്ങിയ കാര്യങ്ങൾ അവർ തങ്ങളുടെ കുട്ടികളുടെ ജീവിതചര്യയാക്കി മാറ്റാൻ ശ്രമിച്ചിരുന്നു.

7. എല്ലാ മക്കളും വിശുദ്ധിയിലേക്കുള്ള പാതയിൽ

മകളായ കൊച്ചുത്രേസ്യയെ 1925 മെയ് 17 -ന് പിയൂസ് പതിനൊന്നാമൻ പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചു. 2015 ജൂലൈയിൽ സഹോദരി ലിയോണിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.