തിരുക്കാസ ഉള്‍പ്പെടെയുള്ള വിശുദ്ധ വസ്തുക്കളുടെ പ്രദര്‍ശനത്തിന് സ്‌പെയ്‌നിലെ വലെന്‍സിയ കത്തീഡ്രലില്‍ തുടക്കമായി

വിശുദ്ധ കാസയുടെ ജൂബിലി വര്‍ഷാചരണത്തോട് അനുബന്ധിച്ച് ‘ചാലിസ് ഓഫ് ദ പാഷന്‍’ എന്ന പേരില്‍ ക്രമീകരിക്കുന്ന വിശുദ്ധ വസ്തുക്കളുടെ പ്രദര്‍ശനത്തിന് തുടക്കമായി. അന്ത്യത്താഴ സമയത്ത് ക്രിസ്തു ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന വിശുദ്ധ കാസ പ്രതിഷ്ഠിച്ചിരിക്കുന്ന സ്പെയിനിലെ വലെന്‍സിയ കത്തീഡ്രലിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വലെന്‍സിയ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ അന്റോണിയോ കൈസാറസാണ് ‘ചാലിസ് ഓഫ് ദ പാഷന്‍’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

സെപ്റ്റംബര്‍ 15 ന് ആരംഭിച്ച പ്രദര്‍ശനം ജൂബിലി സമാപിക്കുന്ന ഒക്ടോബര്‍ വരെ തുടരും. വലെന്‍സിയ ആസ്ഥാനമായുള്ള സ്പാനിഷ് സെന്റര്‍ ഫോര്‍ സിന്‍ഡോനോളജി, കാബില്‍ഡോ ഡി ലാ കത്തീഡ്രല്‍ എന്നിവരുടെ സഹകരണത്തോടെയാണ് വലെന്‍സിയ അതിരൂപത പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കാസയ്ക്കൊപ്പം, യേശുവിന്റെ പീഡാനുഭവുമായി ബന്ധപ്പെട്ട മറ്റ് ഏഴ് തിരുശേഷിപ്പുകളുടെ സാന്നിധ്യവും പ്രദര്‍ശനത്തിലുണ്ടാവും. ദിവ്യകാരുണ്യ ഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഓരോ അഞ്ച് വര്‍ഷംകൂടുമ്പോഴും വലെന്‍സിയ അതിരൂപത വിശുദ്ധ കാസയുടെ ജൂബിലി ആഘോഷിക്കാറുണ്ട്. 2020 ഓക്ടോബര്‍ മുതല്‍ 2021 ഒക്ടോബര്‍ വരെയാണ് ഇത്തവണത്തെ ജൂബിലി വര്‍ഷം.

പത്രോസ് ശ്ലീഹായെ യേശു ഏല്‍പ്പിച്ച ഈ കാസ പ്രഥമ പാപ്പയായ പത്രോസ് ശ്ലീഹായും തുടര്‍ന്നുവന്ന 23 പാപ്പമാരും ദിവ്യബലിയില്‍ ഉപയോഗിച്ചിരുന്നു എന്നാണ് പാരമ്പര്യവിശ്വാസം. എ.ഡി 243 മുതല്‍ 258 വരെ സഭയെ നയിച്ച സിക്സ്റ്റസ് രണ്ടാമനാണ് ഇത് അവസാനമായി ഉപയോഗിച്ച പാപ്പ. റോമന്‍ ചക്രവര്‍ത്തിയായിരുന്ന വലേറിയനാല്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സിക്സ്റ്റസ് രണ്ടാമന്‍ പാപ്പ, റോമിലെ ഏഴു ഡീക്കന്മാരിലൊരാളും സ്പെയിന്‍ സ്വദേശിയുമായ ലോറന്‍സിനെ ഇത് ഏല്‍പ്പിക്കുകയായിരുന്നു. ലോറന്‍സ് വധിക്കപ്പെട്ടെങ്കിലും അതിനുമുമ്പേ, കാസയുള്‍പ്പെടെയുള്ള വിശുദ്ധ വസ്തുക്കള്‍ അദ്ദേഹം സ്പെയിനിലുള്ള മാതാപിതാക്കള്‍ക്ക് കൊടുത്തയച്ചിരുന്നു എന്നതാണ് വിശ്വാസം.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.