സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും  

സകല മരിച്ചവരുടെയും തിരുനാൾ കത്തോലിക്കാ സഭയിൽ പരമ്പരാഗതമായി ആചരിച്ചു പോന്നിരുന്നതാണ്. മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥന അത്യന്താപേക്ഷിതമാണ്. മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനകളും അനുസ്മരണങ്ങളും ആരംഭിച്ചതിന്റെ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം.

ബെനഡിക്ട് 15 -ാമൻ മാർപാപ്പാ (1914-22), സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ മൂന്ന് കുർബാനകൾ ചൊല്ലാനുള്ള അനുവാദം വൈദികർക്കു കൊടുത്തത് ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ആദ്യ നിയോഗം: മരിച്ചുപോയവർക്കു വേണ്ടി, രണ്ടാമത്: വൈദികന്റെ നിയോഗത്തിന്, മൂന്നാമത്: പരിശുദ്ധ പിതാവിന്റെ നിയോഗത്തിന്.

മരിച്ചുപോയവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ഓരോ സംസ്കാരത്തിലും വ്യത്യസ്ത രീതികളിൽ മരിച്ചുപോയവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ ആചരിക്കപ്പെട്ടിരുന്നു. ജറുസലേമിലെ വി. സിറിലും വി. ജോൺ ക്രിസോസ്റ്റവുമാണ് മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ ആദ്യമായി തയ്യാറാക്കിയതെന്നു കരുതപ്പെടുന്നു. കുടുംബങ്ങളിൽ നിന്നും മരിച്ചവരെ അനുസ്മരിക്കാനാണ് ഈ പ്രാർത്ഥനകൾ എഴുതപ്പെട്ടത്.

ഒൻപതാം നൂറ്റാണ്ടോടു കൂടി വി. ഒഡിലോ ഓഫ് ക്ലൂണി ആണ് ആദ്യമായി നവംബർ മാസം രണ്ടാം തീയതി മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക ഓർമ്മദിവസമായി ആചരിക്കാൻ ആരംഭിച്ചത്. അദ്ദേഹം ശ്രേഷ്ഠനായിരിക്കെ, തങ്ങളുടെ സമൂഹത്തിൽ നിന്ന് മരിച്ചുപോയവരുടെ ആത്മാക്കൾക്കു വേണ്ടി പ്രത്യേക ദിനം പ്രാർത്ഥിച്ചു തുടങ്ങിയതാണ് ഈ തിരുനാളിന്റെ ആരംഭം. അതിന് കാരണമായി അദ്ദേഹം മുമ്പോട്ടു വയ്ക്കുന്നത്, ഒന്നാം തീയതി സകല വിശുദ്ധരുടെയും തിരുനാൾ ദിനമാണ് എന്നതാണ്. കാരണം, വിശുദ്ധരുടെ ജീവിതത്തെ കൂടുതൽ അടുത്തനുകരിക്കാനും മാദ്ധ്യസ്ഥ്യം വഹിക്കാനുമുള്ള അവസരമാണിത്. ഇതിനെ തുടർന്ന് ബെനഡിക്ടൈൻ, കർത്തൂസിയൻ സമൂഹാംഗങ്ങൾ അവരുടെ ആശ്രമങ്ങളിൽ മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനാദിനം ആചരിച്ചു തുടങ്ങി. പോപ്പ് സിൽവെസ്റ്റർ രണ്ടാമൻ ഇത് അംഗീകരിക്കുകയും പിന്നീട് തിരുസഭയുടെ തിരുനാളായി സകല മരിച്ചവരുടെയും തിരുനാൾ മാറുകയും ചെയ്തു. അങ്ങനെ നവംബർ മാസം രണ്ടാം തീയതി സകല മരിച്ചവരുടെയും തിരുനാൾ സഭയിൽ കൊണ്ടാടുന്നു.

ദൈവത്തിന്റെ അതിരുകളില്ലാത്ത കരുണയെ അനുസ്മരിക്കാനുള്ള ഒരു അവസരവും കൂടിയാണിത്. അതിനാൽ, നമ്മുടെ ജീവിതത്തിൽ ദൈവം വർഷിക്കുന്ന അനുഗ്രഹങ്ങളെ നന്ദിയോടെ ഓർക്കാം. ഒപ്പം മരിച്ചവിശ്വാസികളുടെ ആത്മാക്കൾക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.